ഇന്ത്യയിലെ ഗ്രാമപ്രദേശത്ത് താമസമാക്കിയ റഷ്യൻ വനിത അനസ്തേഷ്യ ഷാരോവ താൻ സ്വായത്തമാക്കിയ 11 ഇന്ത്യൻ ശീലങ്ങളെക്കുറിച്ച് തുറന്നു പറയുന്നു.  അറിയാം ആ 11 ശീലങ്ങളെ.

‘ഹാപ്പി ബെല്ലി ഫിഷ് ’ എന്ന സംരംഭം നടത്തുന്ന റഷ്യൻ വനിതാ സംരംഭകയായ അനസ്തേഷ്യ ഷാരോവ, ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ താമസം തുടങ്ങിയതിന് ശേഷം താൻ സ്വാഭാവികമായി പരിശീലിച്ച ചില ശീലങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ വൈറലായ ഒരു പോസ്റ്റിലൂടെയാണ് ആദ്യമൊക്കെ തനിക്ക് വളരെ വിചിത്രമായി തോന്നിയതും എന്നാൽ, ഇപ്പോൾ തന്‍റെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയതുമായ 11 ഇന്ത്യൻ ശീലങ്ങൾ പങ്കുവെച്ചത്.

റഷ്യയിലാണ് ഇവർ ജനിച്ചതും വളർന്നതും, ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലും ജർമ്മനിയിലും അനസ്തേഷ്യ ഷാരോവ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ നിന്നും തനിക്ക് കിട്ടിയ ശീലങ്ങളെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. ഈ ശീലങ്ങൾ ആദ്യം അസാധാരണമായി തോന്നിയെങ്കിലും ഇപ്പോൾ സാധാരണമായി അനുഭവപ്പെടുന്നുവെന്നും ഇവർ തൻറെ സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നു. അനസ്തേഷ്യ ഷാരോവ പങ്കുവെച്ച 11 ഇന്ത്യൻ ശീലങ്ങൾ ഇങ്ങനെയാണ്;

ആ പതിനൊന്ന് ശീലങ്ങൾ

1. കാഴ്ച പരിമിതമായിട്ടുള്ള വളവുകളിൽ വണ്ടി തിരിക്കുന്നതിന് തൊട്ടുമുമ്പ് ഹോൺ അടിക്കുന്നത് ഇപ്പോൾ ഒരു ശീലമായി.

2. ചെറിയ കടകളിൽ പ്രവേശിക്കുന്നതിന് മുമ്പ് പോലും പാദരക്ഷകൾ ഊരി വെക്കുന്നത് ഇപ്പോൾ ഒരു ശീലമായി.

3. മുടിയിൽ എണ്ണയിടുന്നത് ദിനചര്യയുടെ ഭാഗമായി മാറി. മറ്റ് കുടുംബാംഗങ്ങളുടെ തലയിൽ എണ്ണയിടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

4. എല്ലാ ദിവസവും വൈകുന്നേരം 5 മണിയോടെ, കൊതുകിനെ അകറ്റാൻ വീടിന് ചുറ്റും എന്തെങ്കിലും കത്തിച്ച് പുകയിടുന്നതും ഇന്ന് ജീവിതത്തിന്‍റെ ഭാഗം.

5. എല്ലാ സമയത്തും മേശപ്പുറത്ത് അച്ചാർ സൂക്ഷിക്കുക. ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും കൈയ്യെത്തുന്ന ദൂരത്ത് അച്ചാർ വെക്കുന്നത് ഇപ്പോൾ മറ്റൊരു ശീലമായി.

6. സംസാരിക്കുമ്പോൾ "അച്ഛാ" എന്ന് പറയുന്നതും അതോടൊപ്പം തലയാട്ടുന്നതും ഇപ്പോൾ സംസാരത്തിന്‍റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു.

7. കുപ്പികളിൽ ചുണ്ട് തൊടാതെ വെള്ളം കുടിക്കുന്നതും, സ്റ്റീൽ കുപ്പികളിൽ വെള്ളം കൊണ്ടുനടക്കുന്നതുമാണ് മറ്റൊരു ശീലം.

8. എല്ലാ ഭക്ഷണ ശേഷവും പെരുംജീരകം അല്ലെങ്കിൽ ഏലക്ക കഴിക്കുകയും അത് വഴി വായ് ശുദ്ധമാക്കുകയും ചെയ്യുന്നു.

9. ഹസ്തദാനത്തിന് പകരം ഇപ്പോൾ എല്ലാവരോടും കൈകൂപ്പി "നമസ്തേ" പറന്നു.

10. ഷൂസ് ഇടുന്നതിന് മുൻപും ബാത്ത്റൂമിൽ കയറുന്നതിന് മുൻപും തവളയോ പാമ്പോ ഉണ്ടോയെന്ന് പരിശോധിക്കുന്നതും ജീവിതത്തിന്‍റെ ഭാഗമായി.

11. പണമിടപാടുകൾക്കായി വലത് കൈ മാത്രം ഉപയോഗിക്കാൻ ഇപ്പോൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും അനസ്തേഷ്യ ഷാരോവ പറയുന്നു.

View post on Instagram

ഓണത്തിന് തിരുവനന്തപുരത്ത് എത്തിയ ഷാരോവ, പൂക്കളം ഒരുക്കുന്നതിന്‍റെ വീ‍ഡിയോ പങ്കുവച്ച് കൊണ്ടാണ് തന്‍റെ 11 ശീലങ്ങളെ വിശദമാക്കിയത്. ഷാരോവയുടെ പോസ്റ്റ് ഇതിനോടകം 2.4 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. പലതരത്തിലുള്ള പ്രതികരണങ്ങളാണ് ഈ കുറിപ്പിന് ലഭിച്ചത്. ചില ആളുകൾ തമാശയോടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയപ്പോൾ, മറ്റ് ചിലർ ഈ ശീലങ്ങളെ 'അസാധാരണം' എന്ന് വിശേഷിപ്പിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതെല്ലാം കേവലം സാംസ്കാരിക വ്യത്യാസങ്ങൾ മാത്രമാണെന്നായിരുന്നു അവരുടെ വാദം.