Asianet News MalayalamAsianet News Malayalam

വിധവകളോട് വേർതിരിവ് വേണ്ട, പഴഞ്ചൻ ആചാരങ്ങളും, പ്രമേയം പാസാക്കി ​ഗ്രാമം...

ഹെർവാദ് ഗ്രാമത്തിൽ അടുത്തിടെ കൊവിഡ് ബാധിച്ച് 12 പുരുഷന്മാർ മരണമടയുകയുണ്ടായി. വിധവകളായി മാറിയ അവരുടെ ഭാര്യമാരുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗ്രാമവാസികൾ ഈ പിന്തിരിപ്പൻ ആചാരങ്ങൾ അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്. 

widowhood practices ban in Kolhapur village
Author
Kolhapur, First Published May 11, 2022, 12:13 PM IST

നൂറ്റാണ്ടുകളുടെ പഴക്കമുള്ള പല ആചാരങ്ങളും മാറ്റമില്ലാതെ ഇന്നും പിന്തുടരുന്ന ഗ്രാമങ്ങൾ രാജ്യത്തുണ്ട്. കേട്ടാൽ ക്രൂരമെന്ന് തോന്നുന്ന, പിന്തിരിപ്പൻ ആചാരങ്ങളും അതിലുൾപ്പെടുന്നു. എന്നാൽ, മഹാരാഷ്ട്രയിലെ കോലാപൂരിലെ ഹെർവാദ് ഗ്രാമത്തിലെ ഒരു ഗ്രാമപഞ്ചായത്ത് (gram panchayat of Herwad village in Maharashtra's Kolhapur district) കാലഹരണപ്പെട്ടു പോയ അത്തരം ആചാരങ്ങളെ തുടച്ച് നീക്കാൻ ലക്ഷ്യമിടുകയാണ്. ഇതിന്റെ ഭാഗമായി വിധവകളുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും (widow customs) നിരോധിക്കണമെന്ന പ്രമേയം ഗ്രാമം ഏകകണ്ഠമായി പാസാക്കി.
 
രാജ്യത്ത് സാഹചര്യങ്ങൾ കുറെയൊക്കെ മാറിയിട്ടുണ്ടെങ്കിലും, ഇന്നും വിധവകളെ ദുശ്ശകുനമായി കാണുന്ന ഒരു വിഭാഗം ആളുകളുണ്ട് നമ്മുടെ സമൂഹത്തിൽ. അതുകൊണ്ട് തന്നെ കുടുംബത്തിലും, പുറത്തും നടക്കുന്ന മംഗളകരമായ ഒരു ചടങ്ങുകളിലും, ആഘോഷങ്ങളിലും പങ്കെടുക്കാൻ വിധവകൾക്ക് അനുവാദമില്ല. എന്തിന് സ്വന്തം കുട്ടികളുടെ വിവാഹമായാൽ പോലും അവർക്ക് അവിടേയ്ക്ക് പ്രവേശനമില്ല. 

എന്നാൽ, ഇതുകൊണ്ടും അവസാനിക്കുന്നില്ല, ആചാരങ്ങളുടെ പേരിൽ വിധവകൾ അനുഭവിക്കുന്ന ദുരിതങ്ങൾ. ഭർത്താവിനെ ചിതയിലേക്ക് എടുക്കുന്നതിന് മുൻപ് തന്നെ ഭാര്യയുടെ സിന്ദൂരം മായ്ക്കുന്നതും, താലി അറുക്കുന്നതും, വളകൾ പൊട്ടിക്കുന്നതും എല്ലാം ക്രൂരമായ ആചാരത്തിന്റെ ഭാഗമാണ്. മാത്രവുമല്ല, തുടർന്നുള്ള അവളുടെ ജീവിതത്തിൽ അവൾക്ക് വെള്ളവസ്ത്രം ഒഴികെ നിറമുള്ള ഒന്നും തന്നെ ധരിക്കാൻ അവകാശമില്ല. പൊട്ട് തൊടാനോ, ഒരുങ്ങാനോ, വളകൾ അടക്കം മറ്റ് ആഭരണങ്ങൾ ധരിക്കാനോ ഒന്നും അനുവാദമില്ല. മാത്രവുമല്ല, ചില കുടുംബങ്ങളിൽ, വിധവകളായ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും അനുവാദമില്ല. അത് പോലെ മറ്റൊന്ന്, വിധവകളെ കണി കണ്ടാൽ ആ ദിവസം മോശമാകുമെന്ന് ചിലർ ചിന്തിക്കുന്നു.    

ഹെർവാദ് ഗ്രാമത്തിൽ അടുത്തിടെ കൊവിഡ് ബാധിച്ച് 12 പുരുഷന്മാർ മരണമടയുകയുണ്ടായി. വിധവകളായി മാറിയ അവരുടെ ഭാര്യമാരുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗ്രാമവാസികൾ ഈ പിന്തിരിപ്പൻ ആചാരങ്ങൾ അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്. ഈ വിധവകളിൽ ചിലർക്ക് കുട്ടികളില്ലായിരുന്നു. ബാക്കിയുള്ളവർക്ക് 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുണ്ടായിരുന്നു. മേയ് നാലിന് ചേർന്ന ഗ്രാമപ്പഞ്ചായത്ത് യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഭർത്താവിന്റെ മരണശേഷം ഭാര്യ പിന്തുടരേണ്ട എല്ലാ ആചാരങ്ങളും ഇല്ലായ്മ ചെയ്യാനായി ഒരു പ്രമേയം യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു. തുടർന്ന്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ എല്ലാവരും ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.

"നിയമമനുസരിച്ച്, ഓരോ പൗരനും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ തുല്യ അവകാശമുണ്ട്. എന്നാൽ, ഈ ആചാരങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു. അത് യഥാർത്ഥത്തിൽ നിയമത്തിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്. രാജ്യത്തെ ഓരോ വിധവയ്ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അതിനാൽ, വിധവകളുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ഞങ്ങൾ ഉടനടി ഇല്ലാതാക്കുന്നു. അതോടൊപ്പം, ഈ പ്രമേയത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ ഗ്രാമത്തിൽ ഒരു ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുന്നതായിരിക്കും" പ്രമേയത്തിൽ പറഞ്ഞു. വിധവകൾക്കെതിരെയുള്ള ഈ ദുഷ്പ്രവണതകൾ ഇല്ലാതാക്കാൻ രാജ്യത്തിന് ആ ഗ്രാമം ഒരു മാതൃകയാവുകയാണ്.  

Follow Us:
Download App:
  • android
  • ios