അസാധാരണമായ സാഹചര്യമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ നമുക്ക് പരിചയമില്ലാത്ത പല ശീലങ്ങളും ജീവിതരീതികളും നാം പരിചയിക്കുകയും ചെയ്‍തിട്ടുണ്ട്. അതുപോലെ പതിനാറാം നൂറ്റാണ്ടില്‍ പ്ലേഗ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വൈന്‍ കൈമാറുന്നതിനായി ഫ്ലോറന്‍സില്‍ ഒരു ജാലക സംവിധാനം ഉപയോഗിച്ചിരുന്നു. അതാണ് 'വൈന്‍ വിന്‍ഡോസ്', അഥവാ വീഞ്ഞ് കൈമാറാനുള്ള ജാലകങ്ങള്‍. 

ഈ ചെറിയ ജാലകങ്ങള്‍ ടസ്‌കാൻ തലസ്ഥാനത്തിന് ചുറ്റും, മനോഹരമായ കൊട്ടാരങ്ങളുടെ വലിയ പ്രവേശന കവാടങ്ങൾക്ക് സമീപത്ത് നമുക്ക് കാണാം. സമ്പന്ന കുടുംബങ്ങൾ വൈന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അക്കാലത്ത് ഈ ജാലകങ്ങളിലൂടെ വൈന്‍ നേരിട്ട് നല്‍കാറുണ്ടായിരുന്നു. എന്നാല്‍, പ്ലേഗ് കാലം കഴിഞ്ഞു, ജീവിതം മാറി, സംസ്‍കാരം മാറി, രീതി മാറി. പിന്നെയും കാലം കടന്നുപോയപ്പോള്‍ 30 സെന്‍റിമീറ്റര്‍ ഉയരവും 20 സെന്‍റി മീറ്റര്‍ വീതിയുമുള്ള ഈ കുഞ്ഞ് ജാലകങ്ങള്‍ക്ക് ഉപയോഗമില്ലാതെയായി. 

എന്നാലിപ്പോള്‍ ലോകമാകെ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഉപയോഗപ്രദമായി മാറിയിരിക്കുകയാണ് ഈ വൈന്‍ ജാലകങ്ങള്‍. വൈനിനു പകരം കോക്ടെയിലുകളും കോഫിയും മറ്റും ഇതിലൂടെ നല്‍കപ്പെടുന്നു. സാമൂഹികാകലം പാലിച്ചുകൊണ്ട് വില്‍പന നടത്താനും ആവശ്യക്കാര്‍ക്ക് വാങ്ങിയുപയോഗിക്കാനും സാധിക്കുന്നുവെന്നതു തന്നെയാണ് ഈ പഴയ ജാലകങ്ങളെ വീണ്ടും പ്രാധാന്യമുള്ളതാക്കി മാറ്റുന്നത്. 

ഫ്ലോറന്‍റൈൻ റിപ്പബ്ലിക്കിന്‍റെ പതനത്തെത്തുടർന്ന് 1532 -ൽ അധികാരത്തിൽ തിരിച്ചെത്തിയശേഷം മെഡിസി കുടുംബമാണ് അവ സൃഷ്ടിച്ചതെന്ന് പണ്ഡിതനായ മാസിമോ കാസ്പ്രിനി അഭിപ്രായപ്പെടുന്നു. ''മെഡിസി കുടുംബം കാർഷിക മേഖലയെ, പ്രത്യേകിച്ച് വലിയ ഭൂവുടമകളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവത്രെ. അതിനാൽ വലിയ ഫ്ലോറന്‍റൈൻ ഭൂവുടമകളെ ഒലിവ് തോട്ടങ്ങളിലും മുന്തിരിത്തോട്ടങ്ങളിലും നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുകയുണ്ടായി. അവരുടെ ഉല്‍പ്പന്നം നേരിട്ട് പട്ടണത്തിൽ വിൽക്കാൻ നികുതിയിളവും നൽകി" എന്ന് കാസ്‍പ്രിനി എഎഫ്‌പിയോട് പറഞ്ഞു.

സ്വയം തയ്യാറാക്കിയ വൈന്‍ മാത്രമാണ് ഭൂവുടമകള്‍ക്ക് വില്‍ക്കാന്‍ അധികാരമുണ്ടായിരുന്നത്. മാത്രവുമല്ല, ഒരു തവണ 1.4 ലിറ്റര്‍ മാത്രം വില്‍ക്കാനുള്ള അധികാരമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇത് ഇടനിലക്കാരനെ ഒഴിവാക്കിക്കൊണ്ടുള്ള കച്ചവടമായിരുന്നു. സാധാരണക്കാരനാവട്ടെ കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ വില കുറച്ച് വൈന്‍ വാങ്ങാനുള്ള അവസരവും ഇതുവഴിയുണ്ടായി എന്ന് കാസ്പ്രിനി അഭിപ്രായപ്പെടുന്നു. 

അതിനേക്കാളെല്ലാം ഉപരിയായിരുന്നു ഇത് അനുവദിച്ചുവന്ന സാമൂഹികാകലം. ഈ ജാലകങ്ങള്‍ മരപ്പാളികള്‍ വെച്ച് അടച്ചിരിക്കും. പ്ലേഗ് കാലത്ത് വൈന്‍ വാങ്ങാനെത്തുന്നവര്‍ ഇതില്‍ തട്ടിക്കഴിഞ്ഞാല്‍ അത് തുറക്കുകയും കാലിക്കുപ്പികളില്‍ വൈന്‍ ഒഴിച്ചുനല്‍കുകയും ചെയ്യാറായിരുന്നു. പണം ഒരു പാത്രത്തില്‍ ഇട്ട് നല്‍കുകയും അത് വിനാഗിരി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുമത്രെ. അതായത് നേരിട്ടുള്ള സമ്പര്‍ക്കം വില്‍പ്പനക്കാരനും ഉപഭോക്താവും തമ്മിലുണ്ടാവുന്നില്ല എന്നര്‍ത്ഥം. 

ഇതുപോലെയുള്ള 267 വൈന്‍ ജാലകങ്ങള്‍ ടസ്‍കനിയില്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 149 -ഉം ഫ്ലോറന്‍സിലാണ്. ഒരുപക്ഷേ, യഥാര്‍ത്ഥ എണ്ണം ഇതിലും എത്രയോ കൂടുതലായിരിക്കും. അന്നത്തെ കാലത്ത് ഭൂരിഭാഗം ഭൂവുടമകളും ഇങ്ങനെ വൈന്‍ വില്‍പന നടത്തുന്നതിനായി ഒരു ജാലകം നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. അതില്‍ പലതും പിന്നീട് നശിച്ചുപോയി. പ്രത്യേകിച്ച് രണ്ടാം ലോക മഹായുദ്ധ സമയത്ത് ബോംബിംഗില്‍ പലതും തകര്‍ക്കപ്പെട്ടു. പക്ഷേ, ചിലതെല്ലാം ഇതിനെയെല്ലാം അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്നു. ചിലതെല്ലാം മതില്‍കെട്ടി മറച്ചുപോകപ്പെട്ടു. എങ്കിലും അവയുടെ അവശേഷിപ്പുകള്‍ പലയിടത്തും കാണാം. നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടും, 2005 -ലെ ആദ്യ സെൻസസ് മുതൽ മൂന്ന് ജാലകങ്ങൾ ഇതിനകം അപ്രത്യക്ഷമായിട്ടുണ്ടെന്ന് കാസ്പ്രിനി പറഞ്ഞിരുന്നു. ശേഷിക്കുന്ന ചിലതെല്ലാം ബാറുകളുടെയോ കഫേകളുടെയോ ഒക്കെ ഭാഗമായി. 

ഏതായാലും കൊവിഡ് 19 വ്യാപകമായതോടെ ഈ ജാലകങ്ങളില്‍ ചിലതെല്ലാം പുനരുപയോഗിക്കപ്പെടുന്നുണ്ട്. ഭക്ഷണവും കോഫിയുമെല്ലാം വില്‍ക്കാനുള്ള ഇടമായി അത് രൂപം മാറുകയും ചെയ്യുന്നു.