ദില്ലി: ഫെബ്രുവരി മാസത്തില്‍ രാജ്യത്തിന്‍റെ ജിഎസ്ടി വരുമാനത്തില്‍ ഇടിവുണ്ടായി. ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനം 97,247 കോടി രൂപയായി കുറഞ്ഞു. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ജനുവരി മാസത്തില്‍ ജിഎസ്ടി വരുമാനം 1.02 ലക്ഷം കോടി രൂപയായിരുന്നു. 

ജിഎസ്ടി വരുമാന ലക്ഷ്യം പ്രതീക്ഷിച്ച രീതിയില്‍ ഉയരാത്തതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി വരുമാന ലക്ഷ്യവും സര്‍ക്കാര്‍ കുറച്ചു. നേരത്തെ 13.71 ലക്ഷം കോടി രൂപയായി ലക്ഷ്യമിട്ടിരുന്ന വരുമാന ലക്ഷ്യം കേന്ദ്ര സര്‍ക്കാര്‍ 11.47 ലക്ഷം കോടി രൂപയായി കുറച്ചു.

ഫെബ്രുവരിയില്‍ ജിഎസ്ടി റിട്ടേണുകളുടെ എണ്ണം 73.48 ലക്ഷമാണ്. ഈ മാസം പിരിച്ച 97,247 കോടിയില്‍ 17,626 കോടി രൂപ കേന്ദ്ര ജിഎസ്ടിയാണ്, 24,192 കോടി രൂപ സംസ്ഥാന ജിഎസ്ടിയാണ്. 46,953 കോടി രുപയാണ് സംയോജിത ജിഎസ്ടി വരുമാനം. 8,476 കോടി രൂപയാണ് സര്‍ക്കാരിന് സെസ് ഇനത്തില്‍ പിരിഞ്ഞ് കിട്ടിയത്.