Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി ആകാനില്ല, കോണ്‍ഗ്രസിന് എതിരാളി ബിജെപി; നയം വ്യക്തമാക്കി കെ സി വേണുഗോപാല്‍

ചുറുചുറുക്കുള്ള പ്രസരിപ്പുള്ള യുവാക്കൾ, പുതുമുഖങ്ങള്‍ എന്നിവരെ അണിനിരത്തിയിട്ടുളള ഒരു സ്ഥാനാര്‍ഥി പട്ടികയാണ് ഇത്തവണത്തേത്. വ്യക്തിപരമായിട്ട് ഒരു സ്ഥാനാർത്ഥിയും ഈ തെരഞ്ഞെടുപ്പിലില്ല. എല്ലാവരും എന്റെ സ്ഥാനാർത്ഥികളാണ്. 

Congress leader K C Venugopal reaction on candidate list related issues, allegation concerning acting as high command
Author
Alappuzha, First Published Mar 19, 2021, 11:20 AM IST

സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞു പട്ടിക പുറത്തു വന്നു. എല്ലാവരും ഉത്തരവാദിത്വം കെ സി യിലാണ് ഏൽപിക്കുന്നത്?

ഇത് കൂട്ടായിട്ട് തീരുമാനിച്ചതല്ലാതെ എനിക്കങ്ങനെ പ്രത്യേകിച്ച് ഉത്തരവാദിത്വമില്ലെന്ന് എല്ലാവർക്കും അറിയാം. അതവർ പറയുകയും ചെയ്തിട്ടുണ്ട്. എന്തായാലും കേരളത്തിലെ നേതാക്കൻമാരുടെ യോജിച്ചൊരു ലിസ്റ്റാണ് ഇപ്രാവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ മുമ്പാകെ പോയത്, എല്ലാ സീറ്റുകളിലേക്കും. അതല്ലാതെ പ്രത്യേകിച്ചൊന്നുമില്ല. ഒരു ഉദ്ദേശ്യവും ഒരു കാർക്കശ്യവും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതവർക്കറിയാം. പിന്നെ പാർട്ടിയാകുമ്പോൾ ചർച്ചയൊക്കെ വരും. എന്നെ സംബന്ധിച്ചിടത്തോളം വളരെ കൃത്യമാണ്.  ഇത്തരം പൊതുചർച്ചകൾക്ക് അത്തരം കാര്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാ പ്രവർത്തകർക്കും എല്ലാ ജനങ്ങൾക്കും യുഡിഎഫ് ജയിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത് കൂട്ടായ ഐക്യത്തോടെയുള്ള പ്രവർത്തനമാണ്. അതിന്റെ ഭാഗമാകാനാണ് എനിക്കിഷ്ടം.

സ്ഥാനാർത്ഥി പട്ടിക വന്നതിന് ശേഷം എന്താണ് തോന്നുന്നത്?
 
എന്റെ ഓർമ്മയിൽ ഇതുപോലെ ജനറേഷൻ ചേഞ്ച് എന്ന് പറയാവുന്ന സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിൽ നടന്നിട്ടില്ല. മറ്റ് പാർട്ടികളിൽ നടന്നിട്ടുണ്ട്. ചുറുചുറുക്കുള്ള പ്രസരിപ്പുള്ള യുവാക്കൾ പുതുമുഖങ്ങളെ അണിനിരത്തിയിട്ടുളള ഒരു ലിസ്റ്റാണ്. പരിചയസമ്പന്നരായിട്ടുളള ആളുകളുമുണ്ട് ഇതിൽ. പക്ഷേ ഈ ലിസ്റ്റ് കോൺഗ്രസിൽ ഇത്തരമൊരു പട്ടിക വരുമെന്ന് എനിക്ക് തോന്നുന്നില്ല, കേരളീയസമൂഹം പ്രതീക്ഷിച്ചിരുന്നു എന്ന്. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ ഇതുവരെ സ്ഥാനാർത്ഥി ആയിട്ടില്ല. കോൺഗ്രസിന്റെ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.അത് വളരെ താമസംവിനാ തീരുമാനമുണ്ടാകും. അത് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വളരെപ്പെട്ടന്നുണ്ടാകും.

വിജയപ്രതീക്ഷയുള്ള, സാധ്യതയുണ്ടെന്ന് തോന്നുന്ന വട്ടിയൂർക്കാവ് പോലെയുള്ള മണ്ഡലങ്ങളിൽ അവിടെയും സ്ഥാനാർത്ഥി നിർണ്ണയം വൈകി?
 
സ്ഥാനാർത്ഥി നിർണ്ണയം വൈകി എന്നല്ല, കുറച്ചു കൂടി കൂലങ്കഷമായ ചർച്ചകൾ തിരിച്ചും മറിച്ചു നോക്കി എന്നുള്ളതാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇപ്പോൾ നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥി നിങ്ങൾക്കറിയാവുന്നതാണ്. കഴിഞ്ഞ പ്രാവശ്യം എൽഡിഎഫ് നിർത്തിയ സ്ഥാനാർത്ഥിയെ പോലെ തന്നെ ചെറുപ്പത്തിന്റെ പ്രസരിപ്പുള്ള സമരാവേശമുള്ള ഒരു നല്ല സഹോദരിയെയാണ് നമ്മൾ അവിടെ നിർത്തിയിരിക്കുന്നത്.

പക്ഷേ സ്ഥിരം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പാർട്ടിയിൽ തന്നെ ഭിന്നിപ്പുണ്ടായില്ലെ? ഉദാഹരണത്തിന് ഇരിക്കൂർ. അവിടെ സമാന്തര കൺവെൻഷൻ, സ്ഥാനാർത്ഥിയെ നിർത്തുമെന്ന് പറയുന്നു. പോരാത്തതിന് അത് കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥി ആണെന്ന് കൂടിയാണ് ആരോപണം?

എനിക്ക് അങ്ങനെ വ്യക്തിപരമായിട്ട് ഒരു സ്ഥാനാർത്ഥിയും ഈ തെരഞ്ഞെടുപ്പിലില്ല. എല്ലാവരും എന്റെ സ്ഥാനാർത്ഥികളാണ്. നമ്മുടെയെല്ലാം സ്ഥാനാർത്ഥികളാണ്. സജി ജോസഫിന്റെ കാര്യം നിങ്ങൾക്കറിയാവുന്നതാണ്. അദ്ദേഹത്തിനെ രണ്ട് പ്രാവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തന്നെ തീരുമാനമെടുത്ത് സ്ഥാനാർത്ഥിയാക്കാനുള്ള അവസരം കൊടുത്തിട്ടും അതിൽ നിന്ന് പിന്തിരിയേണ്ടി വന്ന ഒരു ചെറുപ്പക്കാരനാണ്. ഇപ്രാവശ്യം ഒഴിവ് വന്നപ്പോൾ ആ സീറ്റ് കെ സി മത്സരിക്കുന്നില്ലെന്ന് വന്നപ്പോൾ അദ്ദേഹത്തിന്റെ  പേര് ഉയർന്നു വന്നു. അവിടെയും ഞാൻ പറഞ്ഞല്ലോ, ഏകപക്ഷീയമായ അടിച്ചേൽപിച്ച പേരാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. സ്വാഭാവികമായിട്ടും അവിടെ ആഗ്രഹിച്ചിരുന്ന അർഹതപ്പെട്ട മറ്റ് പലരുമുണ്ട്. അത് ഞാൻ നിഷേധിക്കുന്നില്ല. അവർക്ക് പ്രയാസമായിട്ടുണ്ടാകും. ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാകും. അങ്ങനെ ഒരു കോൺഗ്രസ് പ്രവർത്തക വിഭാഗത്തിന്റെ പ്രതിഷേധത്തെയൊന്നും അടച്ചാക്ഷേപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പ്രതിഷേധമുണ്ടായിട്ടുണ്ടാകും. കണ്ണൂരിൽ ഇതുപോലെ പേരാവൂരിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ട് അത് മാറ്റിവച്ച ചരിത്രമുണ്ടായിട്ടുണ്ട്. അവിടെ ജയിച്ച ചരിത്രമുണ്ട്. ഈ പ്രശ്നങ്ങളെല്ലാം കോൺഗ്രസുകാർ അവരുടെ തറവാട്ടിലെ ചെറിയ കലഹമായിട്ട് കണ്ടാൽ മതി. അതൊക്കെ സന്ദർഭോചിതമായി പാർട്ടി ഇടപെട്ട് പരിഹരിച്ച് മുന്നോട്ട് പോകുക തന്നെ ചെയ്യും.

രണ്ടാഴ്ച മാത്രമേയുള്ളൂ, അവിടെ ഡിസിസി അധ്യക്ഷൻ, ജില്ലാ യുഡിഫ് കൺവീനർ, അതുപോലെ സണ്ണി ജോസഫ് എംഎൽഎ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ, ഇവരൊക്കെ സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി രംഗത്ത് വരുന്നു. ഈ എതിർപ്പിൽ, പ്രതിഷേധത്തിൽ പങ്കാളികളാകുന്നു. കെസി വേണുഗോപാലിന്റെ ജില്ല കൂടിയാണല്ലോ കണ്ണൂർ?

ഈ പ്രതിഷേധങ്ങളൊന്നും തന്നെ  അധിക കാലം മുന്നോട്ട് പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. അതൊക്കെ തന്നെ സ്വാഭാവികമായിട്ടും പാർട്ടി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി എല്ലാവരും ഒന്നിച്ചൊരുങ്ങും എന്നു തന്നെയാണ്. നമുക്ക് നോക്കാം. എനിക്ക് ശുഭപ്രതീക്ഷയാണുള്ളത്.

സമാന്തര സ്ഥാനാർത്ഥി ഉണ്ടാകില്ല?

എനിക്ക് ശുഭ പ്രതീക്ഷയാണ് അക്കാര്യത്തിലുള്ളത്. കേരളത്തിലെ കോൺഗ്രസിന്റെ വിജയം എന്ന് പറയുന്നത് എല്ലാ കോൺഗ്രസുകാരുടെയും ആവശ്യമായ ഒരു കാലഘട്ടമാണിത്.  അച്ചടക്കത്തിന്റെ ഇരുമ്പുമുറ സൃഷ്ടിക്കുന്ന സിപിഎമ്മിൽ പോലും ഒരുപാട് പൊട്ടലും ചീറ്റലും കണ്ടതാണ് നമ്മൾ.  

എഐസിസി നേതൃത്വത്തിൽ നിർണ്ണായക ചുമതലയുള്ള ശക്തനായ നേതാവാണ് കെ സി വേണുഗോപാൽ. ഇപ്പോൾ കേരളത്തിലെ ആളുകൾ പറയുന്നത് ഇവിടെ എ ഐ ഗ്രൂപ്പ് കഴിഞ്ഞ് കെ സിയുടെ ഒരു ഗ്രൂപ്പ് ഉണ്ടായിരിക്കുന്നു എന്നാണ്.

അങ്ങനെ പറയുന്നതിൽ എന്താണ് അർത്ഥമുള്ളത്? ഗ്രൂപ്പുകൾ വേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. ഗ്രൂപ്പുകൾ കേരളത്തിൽ എത്രയോ വർഷങ്ങളായിട്ടുളളതാണ്. പണ്ടുമുതലേ ഉള്ളതാണ്. സ്വാതന്ത്ര്യ പൂർവ്വ കേരളത്തിലും ഉണ്ടായിരുന്നു. കോൺഗ്രസിനകത്ത്. അതൊക്കെ സ്വാഭാവികമായിരിക്കും. പക്ഷേ നമ്മൾ ഇപ്രാവശ്യത്തെ പരിഗണന ജയസാധ്യത മുൻനിർത്തിയുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ്. എല്ലാവരും ഒറ്റക്കെട്ടായി അനുകൂലിച്ച് എല്ലാവരും ഒന്നിച്ചു കൂടുക. അതല്ലാത മറ്റൊരു തീരുമാനവും ഇക്കാര്യത്തിലില്ല. ഗ്രൂപ്പുകളെക്കുറിച്ചുള്ള അത്തരം പ്രചരണം ഒക്കെത്തന്നെ വെറും വസ്തുതാ വിരുദ്ധമായ പ്രചരണമാണ്. അതിൽ സംശയമില്ല. എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകുക എന്ന ദൗത്യത്തിനേ ഞാനുണ്ടാകൂ.

ഹൈക്കമാന്റ് എന്ന് പറഞ്ഞാൽ കെ സി വേണുഗോപാലാണ്. ഹൈക്കമാന്റിന്റെ ഇടപെടൽ എന്നാൽ കെ സി വേണുഗോപാലിന്റെ അഭിപ്രായങ്ങളാണ് എന്നാണ് സുധാകരനെപ്പോലെയുള്ള പല നേതാക്കളും പറയുന്നത്?

ഞാൻ പറഞ്ഞല്ലോ, ഇത്തരം കാര്യങ്ങൾക്ക് മറുപടി പറയാൻ ഈ വേദി ഞാൻ ഉപയോഗിക്കുന്നില്ല.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരായിരിക്കും ഇവിടെ മുഖ്യമന്ത്രി?

അത് ഞാൻ പറഞ്ഞല്ലോ, ഞങ്ങൾ അത് മുമ്പ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ കോൺഗ്രസിന് കോൺഗ്രസിന്റേതായ ശൈലിയുണ്ട്. ആ ശൈലി അനുസരിച്ച് വളരെ പെട്ടെന്ന് തന്നെ ഒരു പ്രയാസവുമില്ലാതെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ നമുക്ക് പറ്റും. ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാലുടനെ. അതല്ലതെ നേരത്തെ ഒരു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ഇലക്ഷന് പോകുന്ന ശൈലി കോൺഗ്രസിനില്ല.

മുൻമുഖ്യമന്ത്രിയും സ്ഥാനാർത്ഥിയാണ്, പ്രതിപക്ഷ നേതാവും സ്ഥാനാർത്ഥിയാണ്. ആരാകും നയിക്കുക എന്നുള്ളതാണ് ആശയക്കുഴപ്പം?

ആശയക്കുഴപ്പമൊന്നുമില്ല. രണ്ടുപേരും ഐക്യത്തോട് കൂടി മുന്നോട്ട് പോകുന്നുണ്ട്. അവർ രണ്ടുപേരും വൻഭൂരിപക്ഷത്തോടെ ജയിച്ചു വരും. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് തീരുമാനിക്കും, അടുത്ത മുഖ്യമന്ത്രി ആരാണെന്ന്.

വേറൊരു ജയന്റ് കില്ലർ കൂടി വരുന്നു, നേമത്ത് കെ മുരളീധരൻ, നിങ്ങൾ വട്ടിയൂർക്കാവിൽ നിന്ന് വടകര പിടിക്കാൻ വിട്ടു. വടകര പിടിച്ചു. വടകര പിടിച്ചു കഴിഞ്ഞപ്പോൾ കോൺഗ്രസിന് ലോക്സഭയിൽ കൂടുതൽ അംഗങ്ങൾ ആവശ്യമാണെന്ന് വന്നപ്പോൾ മറ്റൊരു ദൗത്യം അദ്ദേഹത്തെ ഏൽപിക്കുന്നു. നേമത്ത് ജയിച്ചാൽ അദ്ദേഹം കേരളത്തിന്റെ എംഎൽഎ ആയിരിക്കും.

ബിജെപി പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ ഏകമണ്ഡലം നേമമാണ്. നേമം നിയോജകമണ്ഡലത്തിലെ മത്സരം കേരളജനതയും എല്ലാവരും ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ്. അവിടെയൊരു ശക്തനായ സ്ഥാനാർത്ഥി വേണം എന്ന് കണ്ടപ്പോൾ തീർച്ചയായിട്ടും മുരളീധരന്റെ പേര് ഉയർന്നു വന്നു. അതൊരു സ്പെഷൽ കേസായിട്ട് തീരുമാനിക്കുകയായിരുന്നു. എന്തായാലും മുരളീധരൻ അവിടെ വിജയിച്ചു വരും പൂർണ്ണമായിട്ട്.

വെല്ലുവിളി ഏറ്റ് വരുന്നൊരാൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിക്കൂടെ?

അങ്ങനെയല്ലല്ലോ അതിനെ കാണേണ്ടത്? മുഖ്യമന്ത്രി ആകുന്നതിന്റെ രീതി ഞാൻ പറഞ്ഞു. തെര‍ഞ്ഞെടുപ്പ് കഴിഞ്ഞിട്ടാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഇപ്പഴേ തീരുമാനിക്കുന്ന പ്രശ്നമില്ല.

സാധാരണ നേമം പോലെ ബിജെപി ജയിച്ച ഒരു സ്ഥലത്ത് ഏതെങ്കിലുമൊരു സ്ഥാനാർത്ഥിയെ ഇടുക എന്നതാണ് കോൺഗ്രസ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടുതവണയും അവിടെ ഘടക കക്ഷികൾക്കാണ് കൊടുത്തത്. വോട്ട് കുറഞ്ഞു. ഇത്തവണ പ്രധാനപ്പെട്ട സ്ഥാനാർത്ഥിയെ നിർത്തണം. അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് വരുന്നു, രമേശ് ചെന്നിത്തലയുടെ പേര് വരുന്നു, ഉമ്മൻചാണ്ടി സംസാരിച്ചപ്പോൾ അദ്ദേഹം തന്നെ സമ്മതിച്ചു, എന്റെ പേര് അതിൽ ഉണ്ടായിരുന്നു. അത് സത്യമായിരുന്നു പ്രചാരണമായിരുന്നില്ല എന്ന്. ഒരു പ്രസ്റ്റീജിയസ് മത്സരം തന്നെ അവിടെ നടത്തണം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ്?

ഞങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തമാണ് അതിന്റെ സന്ദേശം. ബിജെപിയും സംഘപരിവാറും ഉയർത്തുന്ന വിഭജന രാഷ്ട്രീയത്തിനെതിരായിട്ടുള്ള ശക്തമായ പോരാട്ടം കേരളത്തിൽ ഉണ്ട്.  ആ പോരാട്ടത്തിന് മുന്നിലാണ് കോൺഗ്രസും യുഡിഎഫ് പാർട്ടിയും. ഇവിടെ നടന്നു കൊണ്ടിരിക്കുന്ന കാര്യം കേരളം പിടിച്ചടക്കാൻ ഞങ്ങൾ വരുന്നു എന്ന പ്രചണ്ഡമായ പ്രചരണവുമായി ബിജെപി രംഗത്ത് വരുമ്പോൾ ബിജെപിയെ നേരിടാൻ അവരുടെ സിറ്റിംഗ് സീറ്റിൽ തന്നെ ഏറ്റവും ശക്തനായ ഒരാളെ നിർത്തണമെന്നുള്ളത് പാർട്ടിയുടെ തീരുമാനമായിരുന്നു. ഉമ്മൻചാണ്ടി തന്നെ രംഗത്ത് വന്നതാണ്. ഞാൻ മത്സരിക്കാൻ തയ്യാറാണ് എന്ന് പറഞ്ഞിട്ട്. അവരെല്ലാം ഈ വെല്ലുവിളിയെക്കുറിച്ച് ബോധവാൻമാരായ ആളുകളാണ്. ബിജെപിയെ അവർക്കുണ്ടെന്ന് പറയുന്ന സ്വാധീന മേഖലയിൽ തന്നെ കയറിച്ചെന്ന് അവരെ നേരിടുക എന്ന വ്യക്തമായ സന്ദേശം തന്നെയാണ് കോൺഗ്രസ് ഇക്കാര്യത്തിൽ നൽകുന്നത്.

ബാലശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞത് കെ സി ശ്രദ്ധിച്ചിരിക്കും. ബാലശങ്കർ വെറുമൊരു ബിജെപി നേതാവല്ല. ദേശീയനേതാക്കളുമായി പ്രധാനമന്ത്രിയടക്കം അടുപ്പമുള്ള ആളാണ്. അങ്ങനെയൊരാൾ ആറൻമുളയിലും കോന്നിയിലും അഡ്ജസ്റ്റ്മെന്റ് നടക്കുന്നു, ചെങ്ങന്നൂരിൽ നടക്കുന്നു, ഒരിടത്ത് ബിജെപിക്ക് അനുകൂലമായി വോട്ട് കിട്ടിയാൽ മറ്റൊരിടത്ത് സിപിഎമ്മിന് അനുകൂലം,  അങ്ങനെയൊരു ധാരണയുണ്ട് എന്ന് പറഞ്ഞാൽ അത് ഗൗരവത്തോടെ കാണണ്ടേ?

കുറച്ച് നാളുകളായിട്ട് ഞങ്ങൾക്ക് അനുഭവപ്പെടുന്ന കാര്യമാണിത്. ഞങ്ങൾ പറയുമ്പോൾ അത് രാഷ്ട്രീയമായിട്ട് പറയുന്നതായിട്ടാണ് ചിത്രീകരിക്കുന്നത്. അണിയറയിൽ ചില കാര്യമായ കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുന്ന ചില കാര്യങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങൾ പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയായി ബിജെപിയെ സംബന്ധിച്ചിടത്തോളം അവരുടെ ഒന്നാമത്തെ ലക്ഷ്യം കോൺഗ്രസിനെ പരാജയപ്പെടുത്തുക എന്നുള്ളതാണ്, ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. അവരുടെ ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം കോൺഗ്രസിനെ ഇവിടെ തറപറ്റിക്കുക എന്നുള്ളതാണ്. സിപിഎമ്മിന് ഏതു വിധേനയും ഭരണത്തുടർച്ചയുണ്ടാക്കുക അതിന് വേണ്ടി കോൺഗ്രസിനെും യുഡിഎഫിനെയും തോൽപിക്കണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒന്നിക്കുന്ന ഒരു പോയിന്റിലേക്ക് അവരുടെ ദേശീയ നേതൃത്വം അവരെത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് പല സംഭവ വികാസങ്ങളും. ഇത് ഞങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. ഞങ്ങൾ പറയുമ്പോൾ അത് പൊളിറ്റിക്കലാകുന്നത്. ബാലശങ്കറിന്റെ തുറന്നു പറച്ചില്‍ സത്യത്തിൽ അത്ഭുതപ്പെടുത്തുന്നതല്ല. പക്ഷേ ഏറ്റവും ഗൗരവമുള്ളതാണ്. സിപിഎം ഇതിനകത്ത് വ്യക്തമായ പ്രതിക്കൂട്ടിലാണ്. അവർ മിണ്ടുന്നില്ല. അവർ മൗനം പാലിക്കുകയാണ്. ബിജെപി ഉരുണ്ടുകളിക്കുകയാണ്.

മുഖ്യമന്ത്രി മറുപടി പറഞ്ഞു. പക്ഷേ അദ്ദേഹം പു‍ച്ഛിച്ചു തള്ളുകയാണുണ്ടായത്?

ഇതിനകത്ത് എന്താണ് പുച്ഛിച്ചു തള്ളാനുള്ളത്? ഇത്രയും ഗൗരവതരമായ ആരോപണങ്ങൾ ബിജെപിയുടെ, സംഘപരിവാറിന്റെ തന്നെ ഏറ്റവും ടോപ് പൊസിഷനിൽ ഇരിക്കുന്ന ഒരു നേതാവ് പറയുമ്പോൾ? കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ ഇത് പുച്ഛിച്ച് തള്ളാം. യുഡിഎഫിന്റെ ഏതെങ്കിലും നേതാവ് പറയുമ്പോൾ അത് പുച്ഛിച്ച് തള്ളാം. അവർ പറയുമ്പോൾ സാമാന്യജനത ഏത് വിശ്വസിക്കണമെന്നാണ് പറയുന്നത്? അവർ പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് തള്ളിക്കളയണോ? ക്ലിയറായിട്ടുള്ള വിശദീകരണം അവർ നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം തന്നെയാണ്.

ഒ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് കോ-ലീ-ബി സഖ്യം എന്നത് യാഥാർത്ഥ്യമാണ് എന്നാണ്. അതിൽ ഞങ്ങൾക്ക് നേട്ടമുണ്ടായിട്ടുണ്ട്. അത് മ‍ഞ്ചേശ്വരത്ത് ആണെങ്കിലും മറ്റേത് വടക്കൻ ജില്ലകളിലാണെങ്കിലും. അതൊരു യാഥാർത്ഥ്യമാണ്.  കാരണം ഒരു കോലീബി സഖ്യം ഉണ്ടായിരുന്നു എന്ന് പറയുന്നത് ബിജെപിയുടെ സമുന്നത നേതാവ്, എംഎൽഎ ഒ രാജഗോപാലാണ്.

അല്ല അക്കാര്യത്തിൽ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും വെച്ചു കൊണ്ടു തന്നെ, അദ്ദേഹം അടുത്ത കാലത്ത് പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം തന്നെ മാറ്റിപ്പറയുന്നതായിട്ടാണ് കണ്ടിട്ടുളളത്. നിയമസഭയിൽ വച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അടുത്ത നിമിഷം തന്നെ അദ്ദേഹം മാറ്റി. ഞങ്ങളുടെയൊന്നും പൊതുപ്രവർത്തനരംഗത്ത് അങ്ങനെയൊരു ബന്ധമുണ്ടായിട്ടില്ലെന്ന് മാത്രമല്ല, കോൺഗ്രസിനൊരിക്കലും എങ്ങനെ കഴിയും ബിജെപിയുമായിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കാൻ?  മാർക്സിസ്റ്റ് പാർട്ടിയല്ലേ ബിജെപിയുമായിട്ട് ബന്ധപ്പെട്ടിട്ട് അവരുടെ ജനസംഘവുമായിട്ട് ബന്ധപ്പെട്ട് അവർ ഇലക്ഷനിൽ മത്സരിച്ചില്ലേ?

അങ്ങനയൊരു സഖ്യം കോൺഗ്രസിന്റെ മേൽ ആരോപിക്കുന്നതിൽ അർത്ഥമില്ല?


അർത്ഥമില്ല. ഞങ്ങളുടെ രാഷ്ട്രീയ ശത്രു എന്നു പറയുന്നത് ബിജെപിയും പണ്ട് ജനസംഘവും സംഘപരിവാറും ഒക്കെ തന്നെയാണ്. അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ചെയ്തിട്ടില്ല, ചെയ്യാൻ പോകുന്നുമില്ല.

കേരളത്തിലെ ജനവിധി അതെന്തായാലും കെ സിയുമായി ബന്ധപ്പെട്ടായിരിക്കുമോ ചർച്ച ചെയ്യുക?


എങ്ങനെ വേണമെങ്കിലും ആർക്കും ചർച്ച ചെയ്യാം. പക്ഷേ ഒരു കാര്യം ഞാൻ വീണ്ടും പറയുന്നു. എല്ലാവരും കൂടിച്ചേർന്നുള്ള തീരുമാനങ്ങൾ, അതിലേറ്റവും കുറ‍ഞ്ഞ പങ്ക് വഹിച്ചൊരാളായിരിക്കും ഞാനെന്നാണ് എന്റെ മനസ്സിൽ എനിക്ക് ബോധ്യമുള്ള കാര്യം. പക്ഷേ എല്ലാക്കാര്യങ്ങളിലും കൂട്ടായ ചർച്ച നടത്തി എല്ലാവരും യോജിച്ച ഒരന്തരീക്ഷത്തിലാണ് നടക്കുന്നത്. എല്ലാ ആളുകൾക്കും അങ്ങോട്ടുമിങ്ങോട്ടും കുറച്ച് പ്രയാസമൊക്കെയുണ്ടായിട്ടുണ്ടാകും. അതൊക്കെ പ്രവർത്തനങ്ങളുടെ മുന്നോട്ടുള്ള പോക്കിൽ എല്ലാം ശരിയാകും.

ഇപ്പോൾ പല നേതാക്കളും കോൺഗ്രസിൽ നിന്ന് പോകുന്നു. പി സി ചാക്കോ ആണെങ്കിൽ എൽഡിഎഫ് പാളയത്തിലേക്കെത്തുന്നു. ഒരു കെപി സിസി ജനറൽ സെക്രട്ടറി ബിജെപിയിൽ ചേരുന്നു. മറ്റ് പല നേതാക്കളും ചേരാൻ പോകുന്നു. ദേശീയതലത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് ഉണ്ടായിക്കൊണ്ടിരുന്ന ഒരു  ദുരന്തം കേരളത്തിലും നടക്കുന്നു?

അല്ല ഇതൊന്നും ഒരു ദുരന്തമായിട്ടല്ല കാണേണ്ടത്. ചിലർ കോൺഗ്രസിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിൽ പ്രയാസമുള്ളവർ , ഒറ്റപ്പെട്ട ആരെങ്കിലുമൊക്കെ പോകാൻ തയ്യാറായി വരുമ്പോൾ ബിജെപിക്കാണ് അക്കാര്യത്തിൽ ഞാൻ ഗതികേട് കാണുന്നത്. അവരുടെ നേതൃത്വത്തിൽ അവർക്ക് വിശ്വാസമില്ലാതെ വരുന്നവർക്ക് വേണ്ടി അവർ കാത്തിരിക്കുന്ന ഒരവസ്ഥയാണ്. ഞങ്ങളുടെ പാർട്ടിയിൽ നിന്നാണോ പോയത്?  ഇവിടുത്തെ രണ്ട് സ്ഥാനാർത്ഥികൾ ആരൊക്കെയാണ്? ഇടതുപക്ഷ മുന്നണിയുടെ? ചേർത്തലയിൽ ആരാണ്? കുട്ടനാട് ആരാണ്? അതിനെ ഞാൻ കുറ്റപ്പെടുത്തുന്നത് സിപിഎമ്മിനെയോ കോൺഗ്രസിനെയോ ഒന്നുമല്ല. ബിജെപിയുടെ നിലപാടാണ് അക്കാര്യത്തിൽ. മറ്റ് പാർട്ടികളിലുള്ള ആർക്കെങ്കിലും പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ മാനസിക പ്രയാസങ്ങളോ മോഹഭംഗങ്ങളോ ഒക്കെ ഉണ്ടെങ്കിൽ അവരെ തെരഞ്ഞടുത്ത് അവർക്ക് പ്രലോഭനം നൽകി അവരെ പിടിച്ചു കൊണ്ടുവരാനുള്ള അവരുടെ പരിശ്രമങ്ങളെയാണ് കാണുന്നത്. അത് ഡെമോക്രസി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ട് നമുക്ക് കാണാൻ സാധിക്കില്ല,

ഇതുവരെയുള്ള രാഷ്ട്രീയ സാഹചര്യം കേരളത്തിൽ വിലയിരുത്തിയാൽ എത്ര സീറ്റ് കിട്ടും കോൺഗ്രസിനും യുഡിഎഫിനും?

കംഫർട്ടബിളായ മജോറിറ്റിയോട് കൂടി ജയിക്കുമെന്നാണ് എന്റെ വിശ്വാസം. സ്ഥാനാർത്ഥി നിർ‌ണ്ണയം കൂടി കഴിഞ്ഞപ്പോൾ പഴയ അവസ്ഥയിൽ നിന്ന് കുറച്ച് കൂടി മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അതിനുള്ള ടെംപോ ക്രിയേറ്റ് ചെയ്യും. യുഡിഎഫ് എപ്പോഴും അവസാന ലാപ്പിലാണ് മുന്നിൽ വരാറുള്ളത്. തെരഞ്ഞെടുപ്പ് ചരിത്രം എടുത്തുനോക്കിയാൽ അറിയാം. മത്സരങ്ങളിലെ ലാസ്റ്റ് ലാപ്പിലാണ് യുഡിഎഫ് മുന്നിൽ വരുന്നത്. എനിക്ക് നിശ്ചയമായിട്ടും ഈ തെരഞ്ഞെടുപ്പിൽ മുന്നിൽ വരും നമ്മൾ ജയിക്കും എന്നുള്ള ആത്മവിശ്വാസമുണ്ട്. എത്ര സീറ്റ് എന്നൊന്നും ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല.

പ്രതിസന്ധിയിൽ ഉള്ളപ്പോൾ ഒക്കെ ദില്ലിയിൽ നിന്ന് നേതാക്കൾ വന്ന് കേരളത്തിൽ മുഖ്യമന്ത്രിമാരായിട്ടുണ്ട്.  അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ വേണമെങ്കിൽ ശ്രീ കെ സി വേണുഗോപാൽ കേരളത്തിലെത്തി മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടോ?

അത്തരമൊരു ചോദ്യം ഉത്ഭവിക്കുന്നില്ല. മറ്റ് കാര്യങ്ങളൊന്നും പറഞ്ഞ പോലെയല്ല, അർത്ഥശങ്കക്കിടയില്ലാത്ത വണ്ണം പറയാം. എന്റെ ഒറ്റ ലക്ഷ്യം ഈ തെര‍ഞ്ഞെടുപ്പിൽ‌ യുഡിഎഫിനെ ജയിപ്പിക്കാൻ കഴിയാവുന്ന പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളത് മാത്രമാണ്. മറ്റൊരു ലക്ഷ്യവുമില്ല. എന്തായാലും ആ സ്ഥാനത്തേക്ക് ഞാനുണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാൻ ആഗ്രഹിക്കുകയാണ്.

 

രാജസ്ഥാനിൽ നിന്നാണ് രാജ്യസഭാംഗം. കേരളത്തിലെ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണോ?


അല്ലല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കലൊന്നുമല്ല. അന്ന് രാജസ്ഥാനിൽ നിന്ന് മത്സരിക്കാൻ പാർട്ടി അവസരം തന്നു. രാജ്യസഭയിൽ എന്റെ സേവനം ഞാനുപയോഗിക്കുന്നത് കേരളത്തിന്റെ കാര്യം വിശദമായിട്ട് പറയാറുണ്ട്. ചുരുങ്ങിയ ഒന്നുരണ്ട് മാസത്തെ കാര്യങ്ങൾ എടുത്തു നോക്കിയാൽ അറിയാം. കേരളത്തിലെ പ്രശ്നങ്ങൾ വിശദമായിട്ട് അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ രാജസ്ഥാനിലെ കാര്യങ്ങളും. കേരളത്തിലെ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്ന ആളായിട്ടല്ല, ഏതെങ്കിലും കസേര കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളല്ല ഞാനെന്നും ആ കസേരയിലെത്താനുള്ള ലക്ഷ്യം എനിക്കില്ലെന്നും ഞാൻ പറയുന്നു.

Follow Us:
Download App:
  • android
  • ios