Asianet News MalayalamAsianet News Malayalam

'ഞാനിപ്പോൾ തൃശൂരുകാരുടെ പത്മേച്ചിയാണ്, വിജയപ്രതീക്ഷ പങ്കിട്ട്, ലതിക വിഷയത്തിൽ നിലപാടറിയിച്ച് പത്മജ വേണു​ഗോപാൽ

തൃശൂരിൽ സുരേഷ് ​ഗോപിയുടെ സാന്നിദ്ധ്യം തനിക്ക് പ്രയോജനം ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പത്മജ വേണു​ഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ചെറുതായി കാണുന്നില്ലെന്നും വലിയ വിജയ പ്രതീക്ഷ ഇത്തവണയുണ്ടെന്നും പത്മജ പറയുന്നു. ഒപ്പം ലതിക സുഭാഷ് നടത്തിയ പ്രതിഷേധം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നാണ് പത്മജ വേണു​ഗോപാലിന്റെ അഭിപ്രായം. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പിജി സുരേഷ് കുമാർ പത്മജയുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്...

interview with pathmaja venugopal udf candidate
Author
Trivandrum, First Published Mar 20, 2021, 6:07 PM IST

കുറെക്കാലമായി തൃശൂർ തന്നെയാണ്. ആരാണ് ഞാൻ എന്നൊക്കെ വിശദീകരിച്ച് കുറെ​ ​ഗ്രൗണ്ട് വർക്കൊക്കെ ചെയ്തു. ഇതുവരെയുള്ള പ്രചാരണങ്ങൾ എങ്ങനെയുണ്ട്? 

ആ ആത്മധൈര്യമുള്ളത് കൊണ്ട് തന്നെയാണ് ഞാൻ ഇപ്രാവശ്യം ഇവിടെ നിന്നത്. ഏറ്റവും വലിയ ഒരു ​ഗുണം കണ്ടില്ലേ? ഒരു ​ഗ്രൂപ്പ് വ്യത്യാസവുമില്ലാതെ എന്റെ ഒറ്റപ്പേരാണ് ഇവിടെ നിന്ന് പോയത്. അത് തന്നെ ഒരു ആത്മവിശ്വാസമാണെനിക്ക്. എന്റെ പ്രവർത്തകർ എന്റെ കൂടെയുണ്ട്. ഇവിടുത്തെ ജനങ്ങൾക്ക് ഇപ്പോൾ എന്നെ അറിയാം. എല്ലാവരുടെയും പത്മേച്ചിയായിട്ട് ഇവിടെ സുഖമായിട്ട് കൂടിയിരിക്കുകയാണ്. 

തൃശൂർ ത്രികോണ മത്സരം ഉണ്ടോ?

മത്സരമൊക്കെയുണ്ട്. മറ്റ് രണ്ട് സ്ഥാനാർത്ഥികളും മോശമായവരൊന്നുമല്ല. ഇടതുപക്ഷമാണെങ്കിലും അദ്ദേഹം നല്ല സ്ഥാനാർത്ഥിയാണ്. സുരേഷ് ​ഗോപിയും. പക്ഷേ സുരേഷ് ​ഗോപി, എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അദ്ദേഹം രാജ്യസഭയിലുള്ളതാണ്, പിന്നെ തിരുവനന്തപുരത്താണ്. അദ്ദേഹം ഇവിടെ വന്ന് എന്ത് ചെയ്യാൻ സാധിക്കും എന്ന് ചോദിക്കുന്നവരുമുണ്ട്. അങ്ങനെയുള്ള പ്രശ്നങ്ങൾ മാത്രമേയുള്ളൂ. അല്ലാതെ സ്ഥാനാർത്ഥികൾ രണ്ടുപേരും മോശമല്ല. 

ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി വന്ന് മണ്ഡലമാകെ ഇളക്കി മറിച്ചിരുന്നു. അസംബ്ലിയിലെ കണക്ക് നോക്കിക്കഴിഞ്ഞാൽ പത്തൊമ്പതിനായിരത്തോളം വോട്ടിന് സുരേഷ്​ഗോപി പിന്നിലാണ്. പക്ഷേ അസംബ്ലിയിൽ നേരിട്ടൊരു മത്സരം വരുമ്പോൾ സുരേഷ് ​ഗോപിയുടെ പ്രസൻസ് യുഡിഎഫിന് ​ഗുണമോ ദോഷമോ? 

എനിക്ക് ​ഗുണം ചെയ്യും. അതങ്ങനെയേ ഉണ്ടാകുകയുള്ളൂ. അത് റിസൽട്ട് വരുമ്പോൾ മനസ്സിലാകും. അദ്ദേഹം ഇവിടെ വന്നിട്ടില്ല. ഇത്രയും ദിവസമായിട്ടും സുരേഷ് ​ഗോപിയെ ഇവിടെ ആരും കണ്ടിട്ടില്ല എന്നാണ് പറയുന്നത്. എനിക്കറിയില്ല. ഞാൻ എന്റെ ജോലിയുമായി മുന്നോട്ട് പോകുന്നു. ഒരു ദിവസം നോമിനേഷൻ കൊടുക്കാൻ വന്നുവെന്ന് പറയുന്നത് കേട്ടു. പിന്നെ അദ്ദേഹത്തെക്കുറിച്ച് എനിക്കൊന്നുമറിയില്ല. 

തൃശൂർ മണ്ഡലത്തെക്കുറിച്ച് ഒരു തർക്കവും വന്നില്ല. പക്ഷേ മറ്റ്  മണ്ഡലങ്ങളിൽ ഒക്കെ ഇക്കാര്യത്തിൽ തർക്കം വന്നു.  ഒത്തിരിക്കാലം ഈ ​ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ വേട്ടയാടപ്പെടുകയും അതിലൊക്കെ ഇടപെടുകയും മാറിനിന്ന് കാണുകയും ഒക്കെ ചെയ്ത ഒരാളാണ്. പത്മജ വേണു​ഗോപാൽ കോൺ​ഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷം നടന്ന സംഭവ വികാസങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? 

സ്ഥാനാർത്ഥികൾ ആകുന്നവർ ആലോചിക്കണം അവർക്ക് അതിനുള്ള യോ​ഗ്യത ഉണ്ടോ ഇല്ലയോ എന്ന്. ‍അതിപ്പോൾ ഞാനാണെങ്കിലും ആലോചിക്കണം എനിക്ക് യോ​ഗ്യതയുണ്ടോ എന്ന്. ചിലർ വരുമ്പോൾ തന്നെ എംഎൽഎയാകണം എംപിയാകണം എന്ന് ആ​ഗ്രഹിച്ച് വരുന്നവരാണ്. അവർ സ്വയം അങ്ങ് തീരുമാനിക്കുകയാണ്, ഞാനതിന് യോ​ഗ്യയാണെന്ന്. അതിന് യോ​ഗ്യയാണോ എന്നുള്ളത് ജനങ്ങളാണ് തീരുമാനിക്കുന്നത്. പാർട്ടിയാണ് തീരുമാനിക്കണ്ടത്. അങ്ങനെ വരുമ്പോഴാണ് ഈ ഫൈറ്റ് വരുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. 

മഹിളാ കോൺ​ഗ്രസ് അധ്യക്ഷയ്ക്ക് പോലും പാർട്ടി ഓഫീസിൽ തല മുണ്ഡനം ചെയ്യേണ്ടി വന്ന പാർട്ടിയാണ് കോൺ​ഗ്രസ് എന്നൊരു പേര് കേൾപ്പിക്കേണ്ടിയിരുന്ന ആവശ്യമുണ്ടായിരുന്നോ ശരിക്കും?

അതിലേക്കൊന്നും ഞാൻ കടക്കുന്നില്ല. അത് കഴിഞ്ഞുപോയ കാര്യമാണ്. കാരണം ലതിക പേഴ്സണലി എന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് എനിക്ക് അവിടെയും പറയാൻ പറ്റില്ല. പാർട്ടിയെ നോക്കുമ്പോൾ ഇവിടെയും പറയാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് അതിൽ ഞാൻ ഒന്നും പറയുന്നില്ല. 

അങ്ങനെയൊരു പ്രതീതി ആളുകളിലേക്ക് പോയി?

അതൊരു വിഷമമുള്ള കാര്യമായിപ്പോയി. അങ്ങനയൊന്നും ലതികയും ചെയ്യാൻ പാടില്ലായിരുന്നു. 

നേമത്ത് വലിയൊരു പോരാട്ടത്തിലേക്ക് കെ  മുരളീധരൻ. എന്തായാലും പ്രചാരണത്തിന് അങ്ങോട്ട് പോകാൻ കഴിയില്ല. മനസ്സുകാണ്ട് നേമത്തെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടോ? എന്താണ് അവിടുത്തെ പ്രതീക്ഷ?

ഞാൻ അന്വേഷിക്കാറുണ്ട്, അദ്ദേഹത്തിന് എങ്ങനെയുണ്ടെന്ന്. എങ്ങനെ പ്രചാരണങ്ങൾ മുന്നോട്ട് പോകുന്നു? അദ്ദേഹം മിടുക്കനാണ്, നല്ലൊരു സംഘാടകനാണ്.അദ്ദേഹം ജയിച്ചു വരുമെന്നാണ് എന്റെ വിശ്വാസം. 

യുഡിഎഫിൽ പൊതുവിൽ, ഐശ്വര്യ കേരള യാത്രയൊക്കെ കഴിഞ്ഞതിന് ശേഷം ഏതാണ്ട് തിരിച്ചു വരാനുള്ള ഒരു പ്രതീതിയുണ്ടായിരുന്നു. സ്ഥാനാർത്ഥി ലിസ്റ്റിൽ ഒരുപാട് നല്ല സ്ഥാനാർത്ഥികളുണ്ട്. പക്ഷേ അത് പ്രസിദ്ധീകരിച്ച രീതിയും അതിനെക്കുറിച്ച് നടത്തിയ ചർച്ചയും ചിലരുടെ പ്രതികരണങ്ങളുമൊക്കെ മൊത്തത്തിൽ അൽപം ശോഭ കെടുത്തിയോ? പ്രതിരോധത്തിലാക്കിയോ?

അത് തുടക്കത്തിൽ ചെറുതായ പ്രശ്നം വന്നിരുന്നെങ്കിലും നല്ല സ്ഥാനാർത്ഥികളായത് കൊണ്ട് അവർ പിടിച്ചു കയറുന്നുണ്ട്. എല്ലാം പുതുമുഖങ്ങളും ചെറുപ്പക്കാരും. അതുകൊണ്ട് തുടക്കത്തിലുണ്ടായ ചെറിയൊരിത് മറികടക്കാൻ സ്ഥാനാർത്ഥികൾക്ക് പറ്റിയിട്ടുണ്ട്. എന്റെ അടുത്ത് നിൽക്കുന്ന സ്ഥാനാർത്ഥികൾ തന്നെ വളരെപ്പെട്ടെന്നാണ് മുന്നിലേക്ക് വരുന്നത്. അത് വലിയൊരു ​ഗുണമായിട്ടാണ് എനിക്ക് തോന്നുന്നത്. സ്ഥാനാർത്ഥി നിർണ്ണയം വളരെ നന്നായിരുന്നു. 

ശരിക്കും കോൺ​ഗ്രസിൽ പഴയത് പോലെ ​ഗ്രൂപ്പ് വടംവലി അവസാനിച്ചോ? താത്പര്യങ്ങളുണ്ട്, ഇല്ലെന്നല്ല. വടംവലിയും യുദ്ധവും ​കോൺ​ഗ്രസിൽ അവസാനിച്ചോ? 

​ഗ്രൂപ്പിൽ, നേതാക്കന്മാർ തമ്മിൽ വലിയ പ്രശ്നമൊന്നുമില്ല. അതുകണ്ടിട്ട് അണികൾ അടി കൂടാതിരിക്കുകയാണ് നല്ലത്. ​ഗ്രൂപ്പ് നേതാക്കൻമാരൊക്കെ തമ്മിൽ നല്ല യോജിപ്പിലാണ് പോകുന്നത്.

പ്രിയങ്ക ​ഗാന്ധിയുടെയും ​രാഹുൽ ​ഗാന്ധിയുടെയും പ്രസൻസ് കേരളത്തിൽ ഉണ്ടാകുമെന്ന് പറഞ്ഞു. തൃശൂരില്‍ ഉണ്ടാകുമോ? അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടോ? 

അങ്ങനെ ആ​ഗ്രഹിക്കുന്നതായി ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവരിൽ ആരെങ്കിലും ഒരാൾ എന്റെ അടുത്തേക്ക് വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ആ കുടുംബത്തോട് വളരെ സ്നേ​ഹവും ബഹുമാനവും ഉള്ള വ്യക്തിയാണ്. 

സാധാരണ പണ്ട് മുകുന്ദപുരത്ത് മത്സരിക്കുമ്പോൾ പത്മജ തന്നെ പറഞ്ഞിട്ടുണ്ട്. അനാവശ്യമായി വേട്ടയാടുന്ന ഒരു പ്രതീതി ഉണ്ടായിരുന്നു എന്ന്. ആ കാലമൊക്കെ കഴിഞ്ഞു. കോൺ​ഗ്രസിന്റെ ഒരു പ്രവർത്തക എന്ന നിലയിൽ മത്സരിക്കുന്നു.  ഏതൊരു സ്ഥാനാർത്ഥിയെയും പോലെ ജനങ്ങളിലെത്തുന്നു. അങ്ങനെയൊരു കാലമായോ? 

ആയി. അതുകൊണ്ടാണല്ലോ എനിക്ക് ഇത്രയുമൊരു ആൾക്കാരുടെ ഇടയിൽ നിന്ന് അക്സപ്റ്റൻസ് കിട്ടുന്നത് എന്ന് എനിക്ക് തോന്നുന്നുണ്ട്. എവിടെച്ചെന്നാലും ഞങ്ങടെ പത്മേച്ചി ജയിക്കും എന്നാണ്. അഞ്ചുകൊല്ലം കൊണ്ട് തൃശൂരുകാരുടെ പത്മേച്ചിയായി ഞാൻ മാറിക്കഴിഞ്ഞു. 

കെ കരുണാകരന്റെ തട്ടകമാണ്. കെ കരുണാകരൻ ഉറങ്ങുന്ന മണ്ണാണ്. യുഡിഎഫ് ജയിക്കുമോ ഇല്ലയോ എന്നതിനേക്കാൾ അപ്പുറം കെ കരുണാകരന്റെ പിൻ​ഗാമിയായിട്ട് മത്സരിക്കുമ്പോൾ ഒരു ജയം അനിവാര്യമാണ്. അങ്ങനെയൊരു ഇമോഷണൽ പ്രഷർ കൂടിയുണ്ടോ? 

അങ്ങനെയില്ല. ഇന്നിപ്പോൾ കാലം കഴിയുന്തോറും കെ കരുണാകരന്റെ പ്രസക്തി കൂടി വരുന്ന ഒരു സമയത്താണ് ഞാനുള്ളത്. അതുകൊണ്ട് മാത്രം നമുക്ക് വിജയിക്കാൻ പറ്റില്ല. ഞാനാരാണെന്ന് കൂടി ജനങ്ങൾക്ക് മനസ്സിലാകണ്ടേ? അത് മനസ്സിലായിട്ടുണ്ട് എന്നാണെനിക്ക് തോന്നുന്നത്. അത് തന്നെയാണെന്റെ ശുഭപ്രതീക്ഷയും. 

 


 

Follow Us:
Download App:
  • android
  • ios