Asianet News Malayalam

പ്രതിഷേധം എത്രകണ്ട് വിജയം, തെരഞ്ഞെടുപ്പില്‍ ജയമാര്‍ക്ക്? മറുപടിയുമായി ലതിക സുഭാഷ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് ലതിക. 

Lathika Subhash reaction after seat controversy in Kerala Legislative Assembly Election 2021
Author
Kottayam, First Published Mar 19, 2021, 11:46 AM IST
  • Facebook
  • Twitter
  • Whatsapp

ഏറ്റുമാനൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തെ തുടര്‍ന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നില്‍വച്ച് തലമുണ്ഡനം ചെയ്ത് പരസ്യപ്രതിഷേധമറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ് ലതികയിപ്പോള്‍. തലമുണ്ഡനം ചെയ്തതിന് ശേഷം നേതാക്കളില്‍ നിന്നുണ്ടായ പ്രതികരണങ്ങളെ കുറിച്ചും തെരഞ്ഞെടുപ്പ് പ്രതീക്ഷകളും ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു ലതിക സുഭാഷ്. ലതികയുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി ജോണ്‍ നടത്തിയ പ്രത്യേക അഭിമുഖം വായിക്കാം. 

ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണോ? 

മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുകയാണ്. ശ്രീ എ കെ ആന്‍റണി എന്നെ വിളിച്ചിരുന്നു. എന്നാല്‍ ആത്മാര്‍ഥതയോടെ വിളിക്കേണ്ട പല നേതാക്കളും വിളിച്ചില്ല. അവര്‍ക്കങ്ങനെ വിളിക്കാന്‍ പറ്റില്ല. പട്ടികയില്‍ എന്‍റെ പേരില്ല എന്ന് മുന്നേ പറയാനുള്ള മരാദ്യ പോലും അവര്‍ കാണിച്ചില്ല. കേരളത്തിലെ പ്രധാന മൂന്ന് നേതാക്കളും അത് പറയാന്‍ ബാധ്യസ്ഥരായിരുന്നു. 

കെപിസിസി ഓഫീസിന് മുന്നിലെ പ്രതിഷേധം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി, അതുകൊണ്ട് ഇനിയെന്തിന് സംസാരിക്കണം എന്നായിരിക്കുമോ അവര്‍ ചിന്തിച്ചിരുന്നത്?

ഞാന്‍ ഇങ്ങനെയൊരു സംഭവത്തെ കുറിച്ച് ഏറ്റവും മുതിര്‍ന്ന നേതാവിനോട് ആദ്യമേയും, കെപിസിസി പ്രസിഡന്‍റിനോട് തൊട്ടടുത്ത ദിവസവും പറഞ്ഞതാണ്. ഒന്ന് ഫോണില്‍ ഇങ്ങോട്ട് വിളിച്ച്, ലതികേ... സീറ്റില്ല, ലതിക മത്സരത്തില്‍ നിന്ന് മാറിനില്‍ക്കണം... അങ്ങനെയൊക്കയല്ലേ പറയേണ്ടത്. മുമ്പ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കണം എന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് എന്നോട് ആവശ്യപ്പെട്ടത്. അതുനസരിച്ച് പോയി മത്സരിച്ച് വയറുനിറച്ച് അപവാദം കേട്ടില്ലേ. 

ലതിക സുഭാഷ് എന്ന് ഇൻറർനെറ്റിൽ സെർച്ച് ചെയ്താൽ ഇപ്പോഴും കാണാം ഒരു സ്‌ത്രീ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത എത്രയോ കാര്യങ്ങള്‍. എന്തിനാണ് ഇതൊക്കെ സഹിക്കുന്നത്. എനിക്ക് വേണ്ടി മാത്രമാണോ, പ്രസ്‌ഥാനത്തിനും കൂടി വേണ്ടിയല്ലേ... 

അത് അന്നത്തെ എതിരാളികള്‍ പ്രചരിപ്പിച്ച കാര്യങ്ങളായിരിക്കാം. ഇപ്പോള്‍ സമാന കാര്യങ്ങള്‍ കഴിഞ്ഞ ദിവസം വരെ സഹപ്രവര്‍ത്തകരായിരുന്ന ആളുകള്‍ വരെ ചെയ്യുന്നു എന്ന് തോന്നുന്നുണ്ടോ? 

അന്നും ഇങ്ങനൊക്കെയുണ്ടായിരുന്നു. അത്തരം ഒരുപാട് അനുഭവങ്ങള്‍. വിഎസ് തന്ന പ്രശസ്തിയും ഒരു പിടി നൊമ്പരങ്ങളും എന്ന പേരിൽ കഥ പോലെ ജീവിതം എന്ന ആത്മകഥയിൽ അതൊക്കെ എഴുതിയിട്ടുണ്ട്. ഞാനൊരു അധികാര ആര്‍ത്തി മൂത്ത ഒരാളാണ് എന്ന ചിത്രം. ഞാന്‍ അധികാരക്കൊതി മൂത്തല്ല ഇത് ചെയ്തത്. കോണ്‍ഗ്രസും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് മുപ്പതോളം സീറ്റുകള്‍ മാത്രമാണ് വനിതകള്‍ക്ക് നല്‍കിയത്. പിന്നെ എന്താണിവിടെ ജെന്‍ഡര്‍ ഇക്വാളിറ്റി. ഞാനിത് രണ്ട് നേതാക്കളോട്(എ കെ ആന്‍റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍) പറഞ്ഞിരുന്നു. മറ്റ് നേതാക്കളോട് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. എ കെ ആന്‍റണിയോട് മാര്‍ച്ച് എട്ടിന് പറഞ്ഞു. പട്ടിക പ്രസിദ്ധീകരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മുല്ലപ്പള്ളിയോടും. ഞാന്‍ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. 

പ്രതിഷേധത്തിന് ശേഷം അദേഹം പറഞ്ഞ കാര്യങ്ങള്‍ കേട്ട് വിഷമം തോന്നിയോ? 

എനിക്ക് ഒന്നും പറയാനില്ല, എല്ലാം കാലം തെളിയിക്കും.

ഉമ്മന്‍ ചാണ്ടിയോട് ഇക്കാര്യം കഴിഞ്ഞദിവസം ചോദിച്ചിരുന്നു. ദില്ലിയില്‍ എല്ലാ ചര്‍ച്ചയും പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷമാണ് രണ്ടാം ഓപ്‌ഷനെ കുറിച്ച് ലതിക സുഭാഷ് പറഞ്ഞിരുന്നത്. ഏറ്റുമാനൂരില്‍ നിന്ന് മാത്രമേ മത്സരിക്കൂ എന്നാണ് പറഞ്ഞോണ്ടിരുന്നത്. പാര്‍ട്ടിയെ ലതിക പ്രതിരോധത്തിലാക്കി എന്നാണ് അദേഹം പറഞ്ഞത്... 

പത്തും ഇരുപതു വര്‍ഷങ്ങളായി എംഎല്‍എമാരായി ഇരിക്കുന്ന ആളുകള്‍ക്ക് വേണ്ടി അങ്ങോട്ടുമിങ്ങോട്ടും പാക്കേജുകള്‍ ഉണ്ടാക്കുന്നുണ്ടല്ലോ? എന്നിട്ട് എന്‍റെ കാര്യം മാത്രം എന്തുകൊണ്ടാണ് നടക്കാത്തത്. 

വട്ടിയൂര്‍ക്കാവ് ഒരു വനിതയ്‌ക്ക് കൊടുത്തു. ബിജെപിയില്‍ ഉള്‍പ്പാര്‍ട്ടി പ്രശ്നത്തിന്‍റെ പേരില്‍ സീറ്റ് ലഭിക്കില്ലെന്ന് കരുതിയ മറ്റൊരു വനിതയ്‌ക്ക് സീറ്റ് കിട്ടി. കെപിസിസി ഓഫീസിന്‍റെ മുന്നിലെ ലതിക സുഭാഷിന്‍റെ പ്രതിഷേധം ഫലം കണ്ടു എന്നാണോ?

തീര്‍ച്ചയായും, എനിക്ക് അതില്‍ സന്തോഷമുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്ന ചുമതലകളില്‍ എത്ര വനിതകളുണ്ട്. ഇപ്പോൾ എ വി​ഗോപിനാഥ്, കെ വി തോമസ് ഇവർക്കെല്ലാം അതൃപ്തിയുണ്ടായപ്പോള്‍ നേതാക്കളെല്ലാം കൂട്ടത്തോടെ അങ്ങോട്ട് പോയി കാണുകയാണ്. ഞാന്‍ അവര്‍ക്കൊപ്പമാണ് എന്ന് പറയുന്നില്ല. അവരെല്ലാം മുതിര്‍ന്ന നേതാക്കളാണ്. എന്നാൽ എന്നോട് കാട്ടിയ വിവേചനം സഹിക്കാവുന്നതിനും അപ്പുറമാണ്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ ഒപ്പം നിന്നവര്‍ എതിര്‍പക്ഷത്താണ്. ഇതുവരെ പാര്‍ട്ടി സംവിധാനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ചുറ്റും ശത്രുക്കള്‍ മാത്രമേയുള്ളൂ, എങ്ങനെയാണ് ഇപ്പോഴത്തെ പ്രചാരണം?

എന്‍റെ പ്രവര്‍ത്തകയും ഞാനാണ്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്യേണ്ടതും എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് ഞാനാണ്. ഔദ്യോഗികമായി മറ്റാരുമില്ല. ഞാന്‍ നേരിട്ടത് വഞ്ചനയാണ് എന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പല പാര്‍ട്ടിക്കാരും മനസിലാക്കിയിട്ടുണ്ട്. 

ഒരു ഭാഗ്യപരീക്ഷണമാണ്, ഇതിന് ശേഷം എന്താണ് മുന്നില്‍?

അത് അപ്പോഴേ തീരുമാനിക്കൂ. ഇപ്പോള്‍ എന്‍റെ മുന്നില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജയിക്കണം എന്ന കാര്യം മാത്രമേയുള്ളൂ. 

സ്‌ത്രീകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടണം. അത് പ്രവര്‍ത്തനങ്ങളിലൂടെ ആകണം. ചൂഷണം ചെയ്യാന്‍ ആരെയും അനുവദിച്ചുകൂടാ. ആ അര്‍ഥത്തില്‍ ഈ പ്രതിഷേധം ചില തുറന്നുപറച്ചിലുകളിലൂടെ തുടരണം എന്ന് തോന്നുന്നുണ്ടോ?

തീര്‍ച്ചയായും. അങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇനി എത്ര പേരെ വിഡ്ഢികളാക്കും. നമ്മളൊന്ന് ആലോചിച്ച് നോക്കിയേ. പെണ്ണായതു കൊണ്ട് കബളിപ്പിക്കാം എന്ന് വിചാരിക്കുമ്പോള്‍ എത്രമാത്രം വിഷമം തോന്നും. അതിനാല്‍ ഇനിയും തുറന്നുപറച്ചിലുകളുണ്ടാകും. യുഡിഎഫ് സമിതിയില്‍ എന്തുകൊണ്ടൊരു വനിതയില്ല. കാലാകാലങ്ങളില്‍ ഇവിടെ അങ്ങനെയാണ് എന്നാണ് ലഭിച്ച മറുപടി. പി പി തങ്കച്ചന്‍ കണ്‍വീനറായിരുന്ന കാലം മുതല്‍ ഞാന്‍ ചോദിക്കുന്നതാണ്. ഗൗരിയമ്മ കക്ഷിനേതാവായിരുന്നു. ഈ വല്യ നേതാക്കള്‍ മാത്രം മതിയോ?

തുടര്‍ഭരണം എല്‍ഡിഎഫിന് കിട്ടുമോ, അതോ യുഡിഎഫ് അധികാരത്തില്‍ വരുമോ?

ഉപരിവിപ്ലവകരമായ ഇത്തരം വഴക്കുകള്‍ സ്വാഭാവികമാണ്. അത് കോണ്‍ഗ്രസില്‍ മാത്രമല്ല, എല്‍ഡിഎഫിലും ഇല്ലേ. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കും എന്നാണ് എൻറെ പ്രതീക്ഷയും വിശ്വാസവും. 

Follow Us:
Download App:
  • android
  • ios