Asianet News MalayalamAsianet News Malayalam

'തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു, കേരളത്തിലേത് ഏകാധിപത്യഭരണം'

''ഈ ധാര്‍ഷ്ട്യം? ഈ അഹങ്കാരം? ഈ ധിക്കാരം കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നതാണോ? ഇതാണോ റോള്‍മോഡല്‍? ഈ മോഡലാണോ കേരളത്തില്‍ ആളുകള്‍ സ്വീകരിക്കേണ്ടത്? ഇതെന്ത് ജനാധിപത്യമാണ്? ഈ ഏകാധിപത്യമാണോ കേരളത്തില്‍ വീണ്ടും തിരിച്ചു വരേണ്ടത്? ജനങ്ങള്‍ ചിന്തിക്കട്ടെ...'' - നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്  രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുന്നു...

udf convenor ramesh chennithala talks politics before assembly election kerala 2021
Author
Trivandrum, First Published Mar 26, 2021, 8:14 PM IST

നമുക്ക് വോട്ടര്‍പട്ടിക വച്ചങ്ങ് തുടങ്ങാം. വേറെ ഒരുപാട് കാര്യങ്ങള്‍ താങ്കള്‍ പറയുന്നതുകൊണ്ട് അറിയാം. അതുകൊണ്ട് അതിലേക്ക് കടന്ന് സമയം കളയാത്തതാണ്. വോട്ടര്‍ പട്ടിക പ്രശ്നം താങ്കള്‍ ഉന്നയിച്ച് കഴിഞ്ഞപ്പോള്‍ നമ്മുടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്രകാലം ഉറങ്ങുകയായിരുന്നോ എന്നാണ്. ആ ചോദിച്ചതിലും ഒരു ന്യായമില്ലേ?

തീര്‍ച്ചയായും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതീവഗൗരവകരമായി എടുക്കേണ്ട കാര്യമായിരുന്നു. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി, അത് നാട് ഭരിക്കുന്ന പാര്‍ട്ടി ബോധപൂര്‍വ്വം ഇത്തരം നാല് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ ചേര്‍ക്കും എന്നാരും കരുതിയില്ല. ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം ശ്രദ്ധിച്ചാല്‍ മതിയാകും യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍. ഒരു വോട്ട് മാത്രമേ ഒരു വ്യക്തി ചെയ്യുന്നുള്ളൂ എങ്കില്‍ 110ലധികം സീറ്റുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കും. 

നാല് ലക്ഷത്തോളം കള്ളവോട്ടുകള്‍ ചെയ്യാനുള്ള ആസൂത്രിതമായ പദ്ധതിയാണ് സിപിഎമ്മിനോട് അനുഭാവമുള്ള സര്‍വീസ് സംഘടനകളെ കൊണ്ട് അവര്‍ ചെയ്യിക്കാന്‍ ശ്രമിച്ചത്. ഇത് ഞങ്ങള്‍ കണ്ടെത്തി എന്നതാണ് പ്രധാനം. ചോദിച്ചത് ശരിയാണ്. നേരത്തെ കണ്ടെത്തേണ്ടതായിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയത് ചെറിയൊരു കാര്യമല്ല. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ചെയ്തതാണിത്. ഇത് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന കാര്യമല്ല. ഇത് വലിയ അധ്വാനം വേണ്ടിവരുന്ന കാര്യമാണ്.

ഇപ്പോള്‍ ഈ വിഷയം കോടതിയിലേക്ക് ചെന്നു. ഈ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിയതിന്റെയും കോടതിയില്‍ എത്തിയതിന്റെയും പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ?

പ്രയോജനമുണ്ടാകും. രണ്ട് തരത്തില്‍ പ്രയോജനമുണ്ടാകും. ഒന്ന്, എനിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശ്രീ ടിക്കാറം മീണയുടെ നിഷ്പക്ഷതയില്‍ സംശയമില്ല. കേരളത്തില്‍ ഏറ്റവും നല്ല നിലയില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അദേഹത്തിന്റെ ഇന്റഗ്രിറ്റിയിലും സംശയമില്ല. പക്ഷേ, അദേഹത്തിന് ഡിപ്പന്‍ഡ് ചെയ്യാന്‍ കഴിയുന്നത് ഈ ഉദ്യോഗസ്ഥരെ തന്നെയാണ്. അവിടെയാണ് ഇതിന്റെ പ്രശ്‌നം. തന്നെയുമല്ല, ഇങ്ങനെ ഇടപെടലുണ്ടായാല്‍ കള്ളവോട്ടുകളും ഡബിള്‍ വോട്ടിംഗും മാറ്റാന്‍ കഴിയുമോ? ഞാന്‍ കോടതിയില്‍ പോയത് ഒന്നുകൂടി ഉറപ്പിക്കാന്‍ വേണ്ടിയാണ്. ഈ കള്ളവോട്ട് ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.

രണ്ട്, ഈ കള്ളവോട്ട് ഇനി ആളുകള്‍ പോളിംഗ് ബൂത്തില്‍ വന്ന് ചെയ്യാതിരിക്കാനുള്ള സംവിധാനം ഉണ്ടാകണം. അതാണ് എന്റെ ലക്ഷ്യം. ഒരു തെരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കില്‍ വോട്ടര്‍പട്ടിക സുതാര്യമാകണം. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ വോട്ടര്‍ പട്ടികയ്ക്ക് ആ സുതാര്യതയില്ല. അതൊരു അബദ്ധപഞ്ചാംഗമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പിനെ, ജനവിധിയെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. കള്ളവോട്ട് ചെയ്യുന്ന ഒരു സ്ഥിരം പരിപാടി സിപിഎമ്മിനുള്ളതാണ്. ഇപ്പോള്‍ അത് ആസൂത്രിതമായി, സിസ്റ്റമാറ്റിക്കായിട്ടും ചെയ്യുന്നു എന്നുള്ളതാണ് ഇതിലൂടെ കാണാന്‍ കഴിയുന്ന ഒരു കാര്യം.

ഇന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം -എഐസിസി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ്. ഈ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകണം. ഇത് ന്യായമല്ല. ഒരേ ഫോട്ടോ വച്ചിട്ട് പത്തും പതിനഞ്ചും പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുത്തിരിക്കുകയാണ്. ആ കാര്‍ഡ് ആരുടെ കയ്യിലാണെന്ന് ആര്‍ക്കുമറിയില്ല. അവര്‍ വന്ന് വോട്ട് ചെയ്യാന്‍ പോകുന്നു. അടുത്തുള്ള മണ്ഡലങ്ങളില്‍ നിന്ന് പോലും ഓരോ മണ്ഡലങ്ങളിലേക്കും വോട്ടര്‍മാരായി ചേര്‍ക്കുന്നു. ആ ഐഡി കാര്‍ഡ് ആരുടെ കയ്യിലാണ്. പലരുടേയും ഫോട്ടോ വോട്ടര്‍ പട്ടികയില്‍ മായ്ച്ചുകളിഞ്ഞിരിക്കുന്നു. ഇതൊക്കെ വളരെ ഗൗരവകരമായ കാര്യമല്ലേ. ഇങ്ങനെയാണോ വോട്ടര്‍ പട്ടിക തയ്യാറാക്കേണ്ടത്. ഇത് ഗുരുതമായ തെറ്റാണ്, ഇതിന് പരിഹാരമുണ്ടായേ മതിയാകൂ.

ഇത് തോല്‍ക്കാന്‍ പോകുന്നതിന് മുമ്പുള്ള മുന്‍കൂര്‍ ജാമ്യമാണ് എന്ന ആരോപണം കേട്ടിരുന്നു...

അല്ല, ഞങ്ങള്‍ ജയിക്കാന്‍ പോവാണ്. അതുകൊണ്ടാണ് ഞങ്ങള്‍ക്കിത് വേണമെന്ന ആവശ്യം. ഞാന്‍ പറഞ്ഞല്ലോ, കേരളത്തില്‍ ഒരു വ്യക്തി ഒരു വോട്ട് മാത്രമാണ് ചെയ്യുന്നത് എങ്കില്‍ ഞങ്ങള്‍ക്ക് 110 സീറ്റിലധികം ഞങ്ങള്‍ക്കുണ്ടാകും. എല്ലാ തെരഞ്ഞെടുപ്പിലും കള്ളവോട്ട് ഒരു വലിയ പ്രശ്നമാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പാടില്ല. ശക്തമായ നടപടിയുണ്ടാകണം. അത് ജനാധിപത്യ സംവിധാനത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഗുണപരമായ മാറ്റത്തിനും അനിവാര്യമായ കാര്യമാണ്. അത് ഞങ്ങള്‍ അനുവദിക്കുന്ന പ്രശ്നമില്ല.

രമേശ് ചെന്നിത്തല ഈ പ്രശ്നം ഉന്നയിച്ച് പറയുന്ന ഗൗരവം, അല്ലെങ്കില്‍ അതിനോടുള്ള താല്‍പര്യം ഘടകകക്ഷി നേതാക്കള്‍ക്കോ താങ്കളുടെ പാര്‍ട്ടിയിലെ തന്നെ മറ്റ് നേതാക്കള്‍ക്കോ ഇല്ലാത്തത് എന്തുകൊണ്ടാണ്?

എല്ലാവര്‍ക്കുമുണ്ട്. എല്ലാവരും കൂടി ആലോചിച്ചാണ് തീരൂമാനിച്ചിട്ടുള്ളത്. ഘടകക്ഷി നേതാക്കന്മാരുമായി ആലോചിച്ചാണ്. ഞാന്‍ പ്രതിപക്ഷ നേതാവായതുകൊണ്ട് പറയുന്നു എന്നേയുള്ളൂ. ഞാന്‍ ഒറ്റയ്ക്കല്ല, എല്ലാവരും കൂട്ടായി കുറെ നാളുകൊണ്ട് എടുത്ത തീരുമാനമാണ്.  

 

udf convenor ramesh chennithala talks politics before assembly election kerala 2021

 

ഓരോ മണ്ഡലത്തിലെ ചില സ്ഥാനാര്‍ഥികള്‍ വന്നിട്ട് ഞങ്ങളുടെ മണ്ഡലത്തിലുണ്ട് എന്ന് പറയുന്നതല്ലാതെ വലിയൊരു പ്രശ്നമായി ആളുകളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുകയാണോ?

ഒരിക്കലുമല്ല, ഇപ്പോള്‍ എല്ലാവര്‍ക്കും കാര്യങ്ങളറിയാമല്ലോ...ദേശീയ മാധ്യമങ്ങള്‍, സംസ്ഥാനത്തുള്ള മാധ്യമങ്ങള്‍ വളരെയേറെ ഗൗരവത്തോടെ ഇത് എടുത്തിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും എഡിറ്റോറിയല്‍ എഴുതി. കാരണം നിഷ്പക്ഷവും നീതിപൂര്‍വമായ നിലയില്‍ തെരഞ്ഞെടുപ്പ് നടക്കണം എന്നത് നാടിന്റെ ആവശ്യമല്ലേ. അതിനെ അട്ടിമറിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. അതിന് സര്‍വീസ് സംഘടകളെ കൂട്ടൂപിടിക്കുകയാണ്. ഒരു കാരണവശാലും കണ്ടുപിടിക്കാന്‍ കഴിയാത്ത നിലയില്‍ വളരെ ശാസ്ത്രീയമായാണ് ഇത് ചെയ്തിട്ടുള്ളത്. 

ഓരോ മണ്ഡലങ്ങളിലും... ഇന്നലെ തിരുവനന്തപുരത്ത് ശ്രീ വി എസ് ശിവകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് 100 ശതമാനം ശരിയാണ്. പതിനായിരക്കണക്കിന് വോട്ടുകളാണ്, വ്യാജ വോട്ടര്‍മാരെയാണ് തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും നേമത്തും ചെയ്തിട്ടുള്ളത്. ഇതുപോലെയാണ് എല്ലാ മണ്ഡലത്തിലുമുള്ളത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടുപിടിച്ചേ മതിയാകൂ. ഇത് നിരുല്‍സാഹപ്പെടുത്തിയേ മതിയാകൂ. പിന്നെ എന്തിനാണ് ഇലക്ഷന്‍. ഇതൊരു വലിയ അഴിമതി അല്ലേ. അത് ഒരു കാരണവശാലും അംഗീകരിക്കില്ല. അത് നടപ്പാക്കില്ല. ഞങ്ങളുടെ പോളിംഗ് ഏജന്റുമാര്‍ക്ക് ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം കൊടുത്തിട്ടുണ്ട്. ഇത് പാര്‍ട്ടിയും മുന്നണിയും ഗൗരവത്തിലെടുത്ത കാര്യമാണ്.

ഇതുപോലെ ഒരുപാട് പ്രശ്നങ്ങള്‍ താങ്കള്‍ ഈ സര്‍ക്കാരിനെതിരെ പുറത്തുകൊണ്ടുവന്നു. ഞാന്‍ ആദ്യം പറഞ്ഞപോലെ ഒരുപക്ഷേ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നതിനേക്കാള്‍ അധികം കാര്യങ്ങള്‍ താങ്കളാണ് കൊണ്ടുവന്നത്. ഒരുപാട് കാര്യങ്ങള്‍ കൊണ്ടുവന്നു, ഒരുപാട് കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോവുകയും ചെയ്തു. അതിന്റെ ഒരു മെച്ചം താങ്കള്‍ക്ക് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കിട്ടിയിട്ടുണ്ടോ?

അത് നോക്കിയിട്ടല്ലല്ലോ ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എനിക്ക് മാധ്യമങ്ങള്‍ എന്നെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുന്നതിന് അപ്പുറം, അതൊന്നും എനിക്ക് പ്രശ്നമല്ല. എനിക്ക് നിങ്ങള്‍ നല്‍കുന്ന റേറ്റിംഗും പ്രശ്നമല്ല. എനിക്ക് ജനങ്ങളുടെ ഇടയിലുള്ള മതിപ്പ് മതി. ഞാന്‍ എവിടെ ചെല്ലുമ്പോഴും ആ മതിപ്പ് ജനങ്ങള്‍ നല്‍കുന്നുണ്ട്. ഞാന്‍ ഇതിനപ്പുറത്ത് എന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ്. കേരളം ഉറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു. ഞാനും എന്നോടൊപ്പമുള്ള സഹപ്രവര്‍ത്തകരും പ്രതിപക്ഷത്തിരിക്കുന്ന എംഎല്‍എമാരും ഉണര്‍ന്നിരുന്നതുകൊണ്ടാണ് നിരവധി നിരവധി പൊള്ളകള്‍ പുറത്തുകൊണ്ടുവരാനും സര്‍ക്കാരിനെ കൊണ്ട് പിന്‍വലിപ്പിക്കാനും കഴിഞ്ഞത്. അത് എനിക്ക് എന്തെങ്കിലും പ്രശംസ കിട്ടാന്‍ വേണ്ടിയാണ് എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ഭരണഘടനാപരവും വ്യക്തിപരവുമായ ഉത്തരവാദിത്വം ഞാന്‍ നിറവേറ്റുകയാണ്. ഞാന്‍ അതില്‍ വിജയമാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.

മാധ്യമങ്ങളുടെ പരിലാളനയെ പറ്റി, താങ്കള്‍ക്ക് മാധ്യമങ്ങളെ വിമര്‍ശിക്കാം. പക്ഷേ കഴിഞ്ഞ കാലയളവില്‍ താങ്കള്‍ എല്ലാം ആരോപണങ്ങളും ഉന്നയിക്കുമ്പോള്‍ മിക്കവാറും മാധ്യമങ്ങളിലെല്ലാം അത് ലൈവായി പോകുന്നു. അത്തരം പ്രശ്നങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു... പ്രൈംടൈമിലടക്കം. എന്നിട്ടും മാധ്യമങ്ങളെ വിമര്‍ശിച്ചോളൂ. അതവിടെ നിന്നോട്ടെ. താങ്കള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ എന്തുകൊണ്ടാണ് താങ്കളുടെ പാര്‍ട്ടി അതേ ഗൗരവത്തില്‍ ഏറ്റെടുത്ത് വലിയ ക്യാംപയിനായി മാറ്റാത്തത്?

എന്റെ പാര്‍ട്ടി ഓരോ വിഷയങ്ങളും ഏറ്റെടുത്തിട്ടുണ്ട്. എന്റെ പാര്‍ട്ടി അത് ചര്‍ച്ച ചെയ്തിട്ടുണ്ട്. മുന്നണി ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ വിഷയങ്ങള്‍ എടുക്കുന്നുണ്ട്. വിഷയങ്ങളുടെ ബാഹുല്യമാണ് മറ്റൊരു പ്രശ്നം. ഒരു വിഷയം കത്തിക്കാളി വരുമ്പോഴേക്കും വേറൊരു പ്രശ്നം വരികയാണ്. ഞാന്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും ഗവണ്‍മെന്റ് പിന്നോട്ട് പോയിട്ടുണ്ട്. ബ്രൂവറി ഡിസ്ലറി.. പിന്‍വലിച്ച് പോയില്ലേ. മാര്‍ക്ക്ദാനം പിന്‍വലിച്ച് പോയില്ലേ. ഇവിടെ ഞാന്‍ കൊണ്ടുവുന്ന ഇഷ്യൂ ആയിരുന്നു സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ടത്, പിന്‍വലിച്ച് പോവേണ്ടിവന്നില്ലേ.

പമ്പ മണല്‍ക്കടത്ത്-കോടിക്കണക്കിന് രൂപയുടെ അഴിമതി, പിന്‍വലിച്ച് പോയില്ലേ. ഇ-മൊബിലിറ്റി പദ്ധതി വേണ്ടെന്ന് വച്ചില്ലേ. ആഴക്കടല്‍ മത്സ്യബന്ധനം- പിന്‍വലിച്ച് പോയില്ലേ...ഞാന്‍ കൊണ്ടുവന്ന ഏത് ഇഷ്യൂവാണ് ഗവണ്‍മെന്റ് പിന്‍വലിച്ച് പോകാതിരുന്നത്. ആദ്യം മുഖ്യമന്ത്രി  എന്നെ പരിഹസിക്കും, എന്നെ അപമാനിക്കും. പിന്നീട് സൈബര്‍ ഗുണ്ടകളെ വച്ച് ആക്രമിക്കും. അവസാനം മുഖ്യമന്ത്രിക്ക് ഓരോന്ന് ഓരോന്നായി പിന്‍വലിച്ച് പോകേണ്ടിവന്നില്ലേ...

പ്രതിപക്ഷ നേതാവിന്റെ വിജയമല്ലേ. എത്ര ഘടകകക്ഷികള്‍ ഈ പ്രശ്നങ്ങള്‍ പറഞ്ഞ് വലിയ രീതിയില്‍ ക്യാംപയിന്‍ ചെയ്തിട്ടുണ്ട്?

നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം, പ്രതിപക്ഷ നേതാവിന്റെ  ഉത്തരവാദിത്വമാണ് ഞാന്‍ നിറവേറ്റുന്നത്. എന്റെ മുന്നണിയും പാര്‍ട്ടിയും അക്കാര്യത്തില്‍ എന്നോടൊപ്പം ആ കാര്യത്തില്‍ ഉറച്ചുനിന്നിട്ടുണ്ട്. ആരെങ്കിലും ആ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുണ്ടോ. പിന്നെ ഞങ്ങള്‍ പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് വണ്ടി കത്തിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും നിയമസഭയില്‍ സ്പീക്കറുടെ കസേര മറിക്കാനും, ഞങ്ങള്‍ സെക്രട്ടേറിയറ്റ് വളയാന്‍ പോയി പിന്‍വലിപ്പിക്കാനും ഒന്നും മുന്നോട്ടുവന്നിട്ടില്ല. വ്യവസ്ഥാപിതമായ നിലയില്‍, സമാധാനപരമായി, ജനങ്ങളുടെ പ്രശ്നങ്ങള്‍ സഭയ്ക്ക് അകത്തും പുറത്തും ഉന്നയിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷം വിജയിച്ചു എന്നാണ് എന്റെ വിശ്വാസം.

റേറ്റിംഗ് എനിക്ക് പ്രശ്‌നമല്ലെന്നും ജനമാണ് എനിക്ക് റേറ്റിംഗ് തരുന്നതെന്നും പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടും, റേറ്റിംഗ് അടക്കമുള്ളവ താങ്കള്‍ക്ക് എതിരെയാണ് വരുന്നത്, നെഗറ്റീവുകള്‍ താങ്കള്‍ മാത്രം ചുമക്കേണ്ടി വരുന്നു?

സ്വാഭാവികമല്ലേ...., ഞാന്‍ ഉന്നയിക്കുന്നതുകൊണ്ട് എന്നെയാണ് ആക്രമിക്കുന്നത്. അതൊക്കെ പ്രതീക്ഷിക്കണം. നമ്മള്‍ ഗവണ്‍മെന്റിനെതിരെ, നിഷിതമായ- വസ്തുതാപരമായ വിമര്‍ശനമുന്നയിക്കുമ്പോള്‍, സ്വാഭാവികമായും മുഖ്യമന്ത്രിയടക്കമുള്ളവര്‍ എന്നെ വിമര്‍ശിക്കും. എനിക്കതില്‍ യാതൊരു പരാതിയുമില്ല.

യുഡിഎഫ് ചെയര്‍മാനായ താങ്കള്‍ക്കൊപ്പം, ഘടക കക്ഷികളെല്ലാം താങ്കളോടൊപ്പം നില്‍ക്കുന്നുണ്ടോ, നിന്നിരുന്നോ?

തീര്‍ച്ചയായും, നൂറ് ശതമാനം നിന്നിട്ടുണ്ട്. ഞാന്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളിലും ഘടകകക്ഷിയും, നേതാക്കളും ഒരേ മനസോടെ ഏറ്റെടുത്തിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ടിഎന്‍ പ്രതാപന്‍ ഒരു ജാഥ നടത്തി, ഷിബു ബേബി ജോണ്‍ ഒരു ജാഥ നടത്തി. എല്ലാവരും ഏറ്റെടുക്കുകയും, എല്ലാ ഘടക കക്ഷികളുടെയും നേതാക്കള്‍ അതിനുണ്ടായിരുന്നു. ഓരോ വിഷയങ്ങളിലും അവരുണ്ടായിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ കാര്യത്തില്‍ ഒഴികെ സ്പ്രിംഗ്ലര്‍ മുതല്‍ ഇ-മൊബിലിറ്റി വരെ വിഷയങ്ങളില്‍ ഇവരെ ആരെയും കണ്ടിട്ടില്ല, വല്ലപ്പോഴും വരുന്ന ഷിബു ബേബി ജോണും പ്രേമചന്ദ്രനെയോ മാത്രമേ കാണ്ടുള്ളൂവെന്നാണ് വിമര്‍ശനം?

അല്ല, കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ എല്ലാ നേതാക്കളും ഓരോ വിഷയത്തിലും അവരവരുടേതായ ശൈലിയില്‍ പ്രതികരിച്ചിട്ടുണ്ട് എന്നുള്ളത് സത്യമാണ്.

ഈ ശൈലിയുടെ കാര്യത്തിലേക്ക് വരാം. യുഡിഎഫ് ചെയര്‍മാനായിരിക്കെ തന്നെ, താങ്കളെ നായകനാക്കി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് മുസ്ലിം ലീഗ് പറഞ്ഞതിന് കാരണം?

അങ്ങനെ ഒരിക്കലും മുസ്ലിം ലീഗ് പറഞ്ഞിട്ടില്ല.

പിന്നെ എന്‍എസ്എസ് ആണോ അങ്ങനെ പറഞ്ഞത്?

ആരും പറഞ്ഞിട്ടില്ല, ഞങ്ങളുടെ മുന്നണിക്കകത്ത് ഒരു കൂട്ടായ നേതൃത്വമാണ് എല്ലാ കാലത്തും. ഒരാളെയും പ്രൊജക്ട് ചെയ്ത് ഞങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് പോയിട്ടില്ല. ഇന്ത്യയില്‍ ഒരിടത്തുമില്ല. ആ നിലയാണ് ഇപ്പോഴുമുള്ളത്. അതിനര്‍ത്ഥം പ്രതിപക്ഷ നേതാവായ എന്നില്‍ ആരെങ്കിലും അവിശ്വാസം രേഖപ്പെടുത്തി എന്നതല്ല, ആ വാദം ശരിയല്ല.

 

udf convenor ramesh chennithala talks politics before assembly election kerala 2021

 

കേരളത്തിലെ കാര്യത്തില്‍ മാത്രം നില്‍ക്കുകയാണെങ്കില്‍, കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്ലാവര്‍ക്കുമറിയാമായിരുന്നു- ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ നയിച്ച് മുഖ്യമന്ത്രിയാകാന്‍ വരുന്നു എന്നത്. ആ തോല്‍വിക്ക് ശേഷം അദ്ദേഹം മാറിനിന്നു. താങ്കള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നു. താങ്കളത് ഏറ്റെടുത്തു. സ്വാഭാവികമായും ജനങ്ങള്‍ പ്രതീക്ഷിക്കുക, അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരിക താങ്കളാണെന്നാണ്. ഒരു മാസം മുമ്പാണ് കാര്യങ്ങള്‍ മാറുന്നത്. ഉമ്മന്‍ ചാണ്ടി കൂടി നേതൃത്വത്തിലേക്ക് വരട്ടെ എന്ന തീരുമാനം വരുന്നു. താങ്കള്‍ പറഞ്ഞതുപോലെ കൂട്ടായ നേതൃത്വമായിരുന്നുവെങ്കില്‍ ഈ അഞ്ച് കൊല്ലവും അതെല്ലാം ഉണ്ടാകേണ്ടതായിരുന്നുവല്ലോ... നമ്മള്‍ കണ്ടിട്ടില്ല, അദൃശ്യമായിരുന്നോ? 

ഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചെടുത്തോളം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമാണ്. ഉമ്മന്‍ ചാണ്ടി പ്രചരണരംഗത്തേക്ക് വരുന്നത് നല്ല കാര്യമാണ്. ഞാനും അതിനെ സ്വാഗതം ചെയ്തിട്ടുള്ള ആളാണ്. അതിനൊന്നും ഒരു തെറ്റുമില്ല.

അതിനൊരു, ധാരണ വേണ്ടേ? ആരായിരിക്കും എന്തായിരിക്കും എന്ന്?

അതെല്ലാം പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഏത് തീരുമാനമെടുത്താലും എനിക്ക് സന്തോഷമേയുള്ളൂ. എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞാലും എനിക്ക് സന്തോഷമേയുള്ളൂ.

ഉമ്മന്‍ ചാണ്ടി ഒരു ടേം മുഖ്യമന്ത്രിയാകട്ടെയെന്ന് തീരുമാനിച്ചാല്‍?

പാര്‍ട്ടിയില്‍ ആരെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചാലും ഞാന്‍ അതിനൊപ്പമാണ്. എനിക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ... ഞാന്‍ പ്രതിപക്ഷനേതാവായിരുന്ന കാലത്തിന് ശേഷം യുഡിഎഫ് തിരിച്ച് അധികാരത്തില്‍ വരണം. അതാണെന്റെ ആഗ്രഹം. ഇത് ഞാന്‍ വെറുതെ പറയുന്നതല്ല നേരത്തെ തന്നെ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനകത്ത് ഒരു വ്യക്തിപരമായ അജണ്ടയും എനിക്കില്ല. ഞാന്‍ സന്ന്യാസിയൊന്നുമല്ല, പക്ഷെ ഇപ്പോള്‍ എന്റെ ലക്ഷ്യം യുഡിഎഫ് തിരിച്ചുവരിക എന്നുള്ളതാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് രാവും പകലും ഞാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയിട്ടുള്ളത്. അത് വിജയത്തിലേക്ക് എത്തുമെന്ന് എനിക്ക് പൂര്‍ണ്ണമായ വിശ്വാസമുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ സര്‍ക്കാറിനെതിരെ ഉമ്മന്‍ ചാണ്ടി നടത്തിയ ഏറ്റവും നല്ല പ്രവര്‍ത്തനം താങ്കളുടെ ഓര്‍മയില്‍ എന്തെങ്കിലുമുണ്ടോ?

ഉമ്മന്‍ ചാണ്ടി യുഡിഎഫിന്റെ പ്രധാനപ്പെട്ട നേതാവല്ലേ... അദ്ദേഹം എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് എനിക്ക് നല്ല പിന്തുണ നല്‍കിയ ആളാണ് ഉമ്മന്‍ ചാണ്ടി. സഭയ്ക്കകത്താണെങ്കിലും പുറത്താണെങ്കിലും...

സഭയ്ക്കകത്ത് അദ്ദേഹം വലിയ പ്രസംഗങ്ങളൊന്നും സര്‍ക്കാരിനെതിരെ നടത്തിയതായി കണ്ടിട്ടില്ല...

അതല്ല, എനിക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നാണ് ഞാന്‍ പറഞ്ഞത്.

അത് ദൃശ്യമാകേണ്ടതല്ലായിരുന്നോ?

ഏതായാലും ഉമ്മന്‍ ചാണ്ടിയുടെ ഭാഗത്തുനിന്ന് എന്റെ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയേ ലഭിച്ചിട്ടുള്ളൂ.. ഏത് സമയത്തും.

താങ്കളുടെ പ്രതിപക്ഷ പ്രവര്‍ത്തനം എന്നുള്ളതല്ലല്ലോ, പ്രതിപക്ഷ സ്ഥാനത്തിരിക്കുമ്പോള്‍, മനുഷ്യര് കാണേണ്ട പ്രവര്‍ത്തനം എന്നൊന്നില്ലേ?

കേരളം മുഴുവന്‍ ഓടി നടക്കുകയും ജനങ്ങളോട് സംവദിക്കുകയും അതോടൊപ്പം തന്നെ മുന്നണിയുടെ എല്ലാ കാര്യങ്ങളിലും സര്‍വ്വ സാന്നിധ്യമായിരുന്നു അദ്ദേഹം എന്നത് വ്യക്തമല്ലേ...

ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഓടി നടന്നു എന്നാണോ പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഓടി നടന്നു എന്നാണോ താങ്കള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നത്?

അല്ല, പാര്‍ട്ടിയില്‍ അത്ര വലിയ ഗ്രൂപ്പ് വഴക്കുകളോ പ്രശ്‌നങ്ങളോ നിലവിലില്ല. നിങ്ങള്‍ ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം പരിശോധിക്കുക, ഒരു കാലത്തും ഇല്ലാത്ത ശാന്തതയോടെയും സമാധാനത്തോടെയും യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി.

ശാന്തതയും സമാധാനവുമാണോ ഇത്തവണ നമ്മള്‍ കണ്ടത്?

പൂര്‍ണ്ണമായും, യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എവിടെയാണ് കുഴപ്പമുണ്ടായത്. ഏതെങ്കിലും ഘടക കക്ഷി പരസ്യമായി പ്രസ്താവന ഇറക്കുകയോ മറ്റോ ഉണ്ടായോ? സാധാരണ സ്ഥാനാര്‍ത്ഥി നിര്‍ണയം വലിയ കോളിളക്കം ഉണ്ടാകുന്നതാണ്. ഇത്തവണ ഇതൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഒറ്റപ്പെട്ട ഒന്നോ രണ്ടോ തര്‍ക്കങ്ങളൊഴിച്ചാല്‍ വേറെ ഒരു പ്രശ്‌നവുമുണ്ടായില്ല. ഇത്തവണ പ്രശ്‌നമുണ്ടായത് സിപിഎമ്മിലാണ്. വലിയ പ്രശ്‌നമുണ്ടായി. ഞങ്ങളുടെ പാര്‍ട്ടിക്കകത്ത് വളരെ കുറവാണ്.

നിങ്ങള്‍ രണ്ട് പ്രധാന ഗ്രൂപ്പിന്റെ ഭാഗമായ ആളുകള്‍ ഒന്നിച്ചുനിന്നിട്ടുപോലും ഇരിക്കൂറില്‍ വലിയ പ്രശ്‌നമുണ്ടായി....

ആ പ്രശ്‌നങ്ങളൊക്കെ തീര്‍ന്നല്ലോ...

പ്രശ്‌നമുണ്ടായില്ലേ?

ഉണ്ടായി. ഞാന്‍ പറഞ്ഞല്ലോ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായി. പക്ഷേ അതെല്ലാം തീര്‍ന്ന് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. 

ഈ രണ്ട് ഗ്രൂപ്പുകളും ഒന്നിച്ച് നിന്നാലും മൂന്നാമതൊരു ഗ്രൂപ്പുണ്ടോ?

ഞാന്‍ പറഞ്ഞല്ലോ, ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പിന്റേതായ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല. ആ ലിസ്റ്റ് പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാകും. ഞങ്ങള്‍ മെരിറ്റിനാണ് പ്രാധാന്യം കൊടുത്തത്. കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഒരു നിശബ്ദ വിപ്ലവമാണ് നടന്നത്. 55 ശതമാനം പുതുമുഖങ്ങള്‍, ചെറുപ്പക്കാര്‍ക്ക് അവസരം കൊടുത്തു. പരിചയസമ്പന്നരെ പൂര്‍ണമായും തഴഞ്ഞില്ല. അവരെയും ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ ഒരു തലമുറമാറ്റം നിശബ്ദമായി ഉണ്ടാകുന്നു എന്നത് പ്രശംസനീയമായ കാര്യമല്ലേ....

 

udf convenor ramesh chennithala talks politics before assembly election kerala 2021

 

സോണിയ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസില്‍ തലമുറ മാറ്റം ഉണ്ടാകുമ്പോള്‍ സ്ത്രീകളുണ്ടാകുന്നില്ല എന്നത് അഭിമാനിക്കേണ്ട കാര്യമാണോ? പത്ത് സ്ത്രീകള്‍ക്ക് അവസരം നല്‍കിയത് വലിയ കാര്യമാണോ?

പത്ത് സ്ത്രീകള്‍ക്ക് അവസരം നല്‍കി. ഇനിയും കൊടുക്കേണ്ടതാണ്.

ഇതാണല്ലോ എല്ലാ തവണയും പറയുന്നത്?

സിപിഎം 12 കൊടുത്തപ്പോള്‍ ഞങ്ങള്‍ പത്തേ കൊടുത്തുള്ളൂ... ഇനിയും കൊടുക്കേണ്ടതാണ്. ഇനിയുള്ള കാലഘട്ടങ്ങളില്‍ അതുണ്ടാകും.

ഇത്തവണ അതിന് എന്തെങ്കിലും തടസമുണ്ടായിരുന്നോ?

അതെല്ലാം ഓരോ സീറ്റുകളുടെയും ഇന്‍എബിലിറ്റിയും മറ്റു കാര്യങ്ങളുമൊക്കെ എടുക്കുമ്പോള്‍ ഉള്ള പ്രശ്‌നങ്ങളാണ്.

ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ പോലുള്ളവരുടെ സീറ്റുകളില്‍ എങ്ങനെയാണ് മറ്റ് പരിഗണനകള്‍ വരുന്നത്?

അതും ഇങ്ങനെ തന്നെയായിരുന്നല്ലോ...

അങ്ങനെയല്ലാത്തതുകൊണ്ടാണല്ലോ അവര്‍ക്ക് കരയേണ്ടി വന്നത്?

അതൊരു അന്തിമ തീരുമാനം ഒന്നുമല്ലായിരുന്നു. സത്യത്തില്‍ ഇത്തവണ മാധ്യമങ്ങള്‍ക്ക് ശരിയായ വിവരം ലഭിച്ചില്ല. കിട്ടാത്തതുകൊണ്ട് അവര്‍ ഓരോ തരത്തില്‍ വാര്‍ത്തകള്‍ കൊടുത്തു. ഇതൊക്കെ ശരിയാണെന്ന് കരുതി ഓരോരുത്തര്‍ പ്രശ്‌നങ്ങളുണ്ടാക്കി. പിന്നീട് അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതാണ്.

കെസി വേണുഗോപാലിന് ഒരു ഗ്രൂപ്പുണ്ടോ?

ഒരിക്കലുമില്ല, കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനാവശ്യമായ ഒരു ഇടപെടലും അദ്ദേഹം നടത്തിയിട്ടില്ല. നമ്മളുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സഹായകമാകുന്ന നിലപാടുകള്‍ മാത്രമാണ് അദ്ദേഹം സ്വീകരിച്ചത്.

എഐസിസി സര്‍വേ നടത്തിയെന്ന പറയുന്നത് സത്യമാണോ?

സര്‍വേയല്ല, പഠനമാണ്, പലതരത്തിലും ഞങ്ങളും നടത്താറുണ്ട്. അതിനെ സര്‍വേയെന്ന് പറയാന്‍ പറ്റില്ല, സ്വാഭാവികമായും നടത്തുമല്ലോ...

അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണോ സ്ഥാനാര്‍ത്ഥി പട്ടിക വന്നത്?

പൂര്‍ണ്ണമായും ഇത്തരം പഠനങ്ങളെ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്താനാവില്ല. പക്ഷെ അത് നമുക്ക് ചില ചന്തകള്‍, ആശയങ്ങള്‍ നല്‍കും.

അത് വച്ച് കുറേപ്പേരെ വെട്ടാനും കഴിയും?

അങ്ങനെയല്ല. നമുക്കിപ്പോ 140 മണ്ഡലങ്ങളിലെയും ജനങ്ങളുമായി ഇടപെടുന്നതുകൊണ്ട് അവരുടെ പള്‍സ് അറിയാന്‍ പറ്റും. ഇത്തരം പഠനങ്ങള്‍ നുക്ക് ചില ഇന്‍പുട്ടുകള്‍ നല്‍കും എന്നതേയുള്ളൂ...

താങ്കള്‍ക്ക് യുഡിഎഫിന്റെ ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് എന്നിങ്ങനെയുള്ള പദവികളുണ്ട്. പക്ഷേ പ്രതിപക്ഷത്തേക്ക് നോക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുണ്ട്, താങ്കളുണ്ട്, പാര്‍ട്ടിയിലേക്ക് വരികയാണെങ്കില്‍ മുല്ലപ്പള്ളിയുണ്ട്. അപ്പോള്‍ താങ്കള്‍ക്ക് ഒരു സ്ഥാനം ആര്‍ജ്ജിക്കത്തക്കതായ ഒരു ശക്തി ഈ വ്യവസ്ഥിതി നിങ്ങള്‍ക്ക് തരുന്നില്ല എന്ന് തോന്നുന്നുണ്ടോ?

എനിക്ക് ഈ സിസ്റ്റം പൂര്‍ണമായ പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ടാണല്ലോ ഇത്തരം കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കാനും മുന്നോട്ടുപോകാനും എനിക്ക് കഴിയുന്നത്. എന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും പൂര്‍ണ്ണമായ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്.

സിപിഎമ്മിന്റെ സൈബര്‍ ആക്രമണത്തെ കുറിച്ച്, അവരുടെ പിആര്‍ സംവിധാനത്തെ കുറിച്ച് പറഞ്ഞു, എന്തുകൊണ്ടാണ് താങ്കളെ സംരക്ഷിക്കാന്‍ താങ്കളുടെ പാര്‍ട്ടിക്ക് അത്തരം സംവിധാനങ്ങളില്ലാത്തത്?

എന്നെ സംരക്ഷിക്കാന്‍ പാര്‍ട്ടിയുണ്ട്, ജനങ്ങളുണ്ട്. ആസൂത്രിതമായ സൈബര്‍ ആക്രമണം ഞങ്ങളുടെ ശൈലിയല്ല. ഞാനൊരു പത്രസമ്മേളനം നടത്തിയാല്‍ അഞ്ഞൂറ് മുതല്‍ അറുന്നൂറ് ആളുകള്‍ വരെ ഒറ്റയടിക്ക് വന്ന് ആക്രമണം നടത്തുകയാണ്. അതൊരു തെറ്റായ പ്രവണതയാണെന്നാണ് എന്റെ വിശ്വാസം. ഞങ്ങള്‍ക്ക് വേണമെങ്കില്‍ കാശ് കൊടുത്ത് ആളെ വച്ചാല്‍ ഇതുപോലെ ആക്രമിക്കാന്‍ കഴിയും.  ആവശ്യമില്ലാതെ ആരെയും അങ്ങനെ ആക്രമിക്കേണ്ട എന്ന് ഞങ്ങള്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അങ്ങനൊരു ശൈലി ഞങ്ങള്‍ക്കില്ല. സിപിഎമ്മിന്റെ ശൈലിയാണത്. അത് പിന്തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ ആക്രമണം കൊണ്ട് എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ...

വേറൊരു വിഷയത്തിലേക്ക് വന്നാല്‍, മുമ്പ് ഏഷ്യാനെറ്റ് ന്യൂസിന് തന്ന ഒരു അഭിമുഖത്തിലാണ് താങ്കള്‍ പറയുന്നത്, താങ്കളെ ബ്രാന്‍ഡഡ് ആക്കാന്‍ ആസൂത്രിതമായി ശ്രമം നടക്കുന്നുണ്ട്. ആ ബ്രാന്‍ഡിംഗ് ശ്രമത്തില്‍ നിന്ന് മുക്തനായോ? 

തീര്‍ച്ചയായും. നൂറ് ശതമാനം. നൂറ് ശതമാനം... ഇപ്പോള്‍ എന്നെ ആര്‍ക്കും ബ്രാന്‍ഡ് ചെയ്യാന്‍ കഴിയില്ല. 

എങ്ങനെയാണ് എന്‍എസ്എസുമായി അകന്നത്?

അല്ല, ഞാനങ്ങനെ ആരുമായും അകന്നിട്ടില്ല. എനിക്ക് കേരളത്തിലെ എല്ലാ സമുദായനേതാക്കന്മാരുമായും നല്ല ബന്ധമാണുള്ളത്. 

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി ഒരടുപ്പമുണ്ടോ? 

അകല്‍ച്ചയില്ല....

പണ്ട് അടുപ്പമുണ്ടായിരുന്നു...?

ഇപ്പോള്‍ ഏതായാലും അകല്‍ച്ചയില്ല. 

അത് എവിടെയാണ് സംഭവിച്ചത്?

അല്ല, അത് നമ്മള്‍ എല്ലാക്കാര്യങ്ങളും അങ്ങനെ സംസാരിക്കേണ്ട വിഷയമല്ല. 

അദ്ദേഹമാണ് -താങ്കള്‍ക്കൊപ്പം, അല്ലെങ്കില്‍ താങ്കളെ വേണ്ട, ഉമ്മന്‍ ചാണ്ടിയെ മുമ്പോട്ട് നിര്‍ത്തണമെന്നാവശ്യപ്പെട്ടത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേട്ടിരുന്നു....

അതൊന്നും ഞാനൊരിക്കലും കേട്ടിട്ടില്ല. അതൊന്നും ശരിയായ കാര്യങ്ങളുമല്ല. കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനമെടുക്കുന്നത്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ തീരുമാനമാണ്. 

ബ്രാന്‍ഡഡ് എന്നതുകൊണ്ട്, സമുദായത്തിന്റെ പേരൊന്നും ഉപയോഗിക്കുന്നില്ല. പക്ഷേ, താങ്കളുടെ സമുദായം, അല്ലെങ്കില്‍ താങ്കളുടെ ജാതി, മതം എന്ന് പറയുന്നത് ഈ പൊസിഷനിലിരിക്കുമ്പോള്‍ എപ്പോഴെങ്കിലും താങ്കള്‍ക്ക് ഡിസ്- അഡ്വന്റേജ് ആയി മാറിയിട്ടുണ്ടോ? 

ഒരിക്കലും ഇല്ല. കോണ്‍ഗ്രസ് എല്ലാം ഉള്‍ക്കൊള്ളുന്നൊരു പാര്‍ട്ടിയല്ലേ? അങ്ങനെ ഡിസ്- അഡ്വന്റേജായി മാറേണ്ട കാര്യമെന്താണ്. നമ്മള്‍ ജനിച്ച സമുദായം, നമ്മള്‍ ജനിച്ച ജാതി എന്ന് പറയുന്നത് നമുക്ക് മാറ്റാന്‍ കഴിയുന്നതല്ലല്ലോ. അതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. 

പക്ഷേ, അതിന്റെ ആളായി താങ്കളെ മാറ്റുക, അങ്ങനെയെല്ലാം...? 

അത് ചില കേന്ദ്രങ്ങള്‍ നടത്തിയ ശ്രമമാണ്. അതൊക്കെ പരാജയപ്പെട്ട് പോയല്ലോ. 

അത് പൂര്‍ണ്ണമായും പരാജയപ്പെട്ടിട്ടുണ്ടോ?

നൂറ് ശതമാനം പരാജയപ്പെട്ടിട്ടുണ്ട്. 

അപ്പോള്‍ ബാക്കി സമുദായ സംഘടനകളുമായി കോണ്‍ഗ്രസ് അകന്നു എന്നാണല്ലോ പഞ്ചായത്ത് ഇലക്ഷന് ശേഷം നിങ്ങള്‍ നടത്തിയ, അല്ലെങ്കില്‍ നമ്മളെല്ലാം കാണുന്നൊരു വിലയിരുത്തല്‍. ഒരു വിശ്വാസക്കുറവ് എവിടെയോ ഇതിനിടയില്‍ വന്നിട്ടുണ്ട്. അത് തിരിച്ചുപിടിക്കാന്‍ പറ്റിയിട്ടുണ്ടോ? 

തീര്‍ച്ചയായും അത് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സിപിഎം നടത്തിയ ബോധപൂര്‍വ്വമായ നീക്കമാണ് , കേരളത്തിന്റെ ഏതെങ്കിലുമൊരു മുഖ്യമന്ത്രി ഇതുപോലെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചൊരു കാലഘട്ടമുണ്ടായിട്ടുണ്ടോ? ജാതികളെയും മതങ്ങളെയും തമ്മിലടിപ്പിക്കുക. ഭീഷണിപ്പെടുത്തുക. ഇപ്പോള്‍  തന്നെ എന്‍എസ്എസിനെ അദ്ദേഹം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയല്ലേ? അതിന്റെ കാര്യമെന്താണ് അദ്ദേഹത്തിന്? 

 

udf convenor ramesh chennithala talks politics before assembly election kerala 2021

 

അങ്ങനെ കടുപ്പിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടില്ല എന്നാണ് സിഎം പറയുന്നത്...

അപ്പോള്‍ ഇനി കടുപ്പിച്ച് പറഞ്ഞാലുള്ള സ്ഥിതി എന്തായിരിക്കും! ഇപ്പോള്‍ പറയുന്നത് പോര എന്നാണദ്ദേഹം പറയുന്നതെങ്കില്‍...  അദ്ദേഹത്തിന്റെ വരുതിക്ക് നില്‍ക്കാത്ത മതങ്ങളെയും മതമേലധ്യക്ഷന്മാരെയും അപമാനിക്കുക, പിണറായി വിജയന്റെ ഒരു സ്ഥിരം ശൈലിയാണത്. 

ബിഷപ്പിനെ എന്താണ് വിളിച്ചത്? നികൃഷ്ടജീവിയെന്ന് വിളിച്ചില്ലേ? എല്ലാവരും മറന്നുപോയോ? പ്രേമചന്ദ്രനെ വിളിച്ചതെന്താ പരനാറി എന്നല്ലേ? ഇതൊക്കെ ആളുകള്‍ മറന്നുപോയോ! തനിക്കിഷ്ടമില്ലാത്ത ആളുകളെയെല്ലാം കഠിനമായ ഭാഷയില്‍ ശകാരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നൊരുശൈലി അദ്ദേഹം സ്വീകരിക്കുന്നുണ്ട്. 

അദ്ദേഹമാണ് കേരളരാഷ്ട്രീയത്തില്‍ ജാതികളെയും മതങ്ങളെയും തമ്മിലടിപ്പിക്കാന്‍ മുന്‍കയ്യെടുത്തത്. ഞാനും ഉമ്മന്‍ ചാണ്ടിയും കൂടി പാണക്കാട് തങ്ങളെ കണ്ടതിന്റെ പേരില്‍... എന്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഞങ്ങള്‍ പോയത്!  നാല്‍പത് വര്‍ഷമായി യുഡിഎഫിന്റെ കക്ഷിയായിട്ടിരിക്കുന്നവരാണ് മുസ്ലീം ലീഗ്. ഞങ്ങള്‍ തെരഞ്ഞെടുപ്പടുത്ത സമയമായതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ പോയതിനെ പറ്റി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്തായിരുന്നു? 

അതോടൊപ്പം തന്നെ പാര്‍ട്ടിയുടെ ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്റെ സ്റ്റേറ്റ്‌മെന്റ് എന്തായിരുന്നു? അപ്പോള്‍ ഈ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് വഴിതെളിക്കുക എന്നുള്ളതായിരുന്നു മുഖ്യമന്ത്രിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും സമീപനം. വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കുക, തമ്മിലടിപ്പിക്കുക, അതിലൂടെ വോട്ട് തട്ടുക എന്നുള്ളതായിരുന്നു ലക്ഷ്യം. അത് എല്ലാവര്‍ക്കും ഇപ്പോള്‍ ബോധ്യപ്പെട്ടു. 

അത് ബോധ്യപ്പെട്ടിട്ടുണ്ടോ? സമുദായങ്ങള്‍ തമ്മിലുള്ളൊരു അകല്‍ച്ച നിലനില്‍ക്കുന്നില്ലേ? 

ആ അകല്‍ച്ച മാറാന്‍ സമയമുണ്ട്. പക്ഷേ ആ അകല്‍ച്ച ഉണ്ടാക്കിയ ആളുകള്‍ക്ക് അതിലിനി വിജയിക്കാന്‍ കഴിയില്ല. കാരണം അവര്‍ക്കെല്ലാം ഇത് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

അകല്‍ച്ച ആരുണ്ടാക്കിയതാണെങ്കിലും ഇതിനിടയില്‍ ബിജെപി അവരുടെ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്നില്ലേ? യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് സഭയും ചര്‍ച്ചയ്ക്ക് വിളിച്ച്, യാക്കോബായ സഭ ബിജെപിയെ പിന്തുണയ്ക്കണോ എന്നാലോചിക്കുന്ന ഘട്ടം വരെ അതെത്തിയില്ലേ? 

അതാണ് ഞാന്‍ പറഞ്ഞത്, ഇതിവിടെ ഇങ്ങനെ തുടക്കമിട്ടത് ആരാണ്? മുഖ്യമന്ത്രിയാണ്. ബിജെപി ഇത്തരമൊരു വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. പക്ഷേ ആ സംഭവമൊന്നും കേരളത്തില്‍ ഇതുവരെ ക്ലച്ച് പിടിച്ചിട്ടില്ല. ഇത്തവണയും ബിജെപിക്ക് ഒരു സീറ്റും കേരളത്തില്‍ കിട്ടാന്‍ പോകുന്നില്ല. ഒരു സംശയവും വേണ്ട. 

ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെ മെരുക്കാന്‍ നോക്കുന്നുണ്ടോ? പ്രത്യേകിച്ച് മുസ്ലീം ലീഗ്? 

ഒരിക്കലുമില്ല. അതൊരു ആരോപണമുന്നയിച്ച് സമൂഹത്തില്‍ മുസ്ലീം ലീഗിനെയും മുസ്ലീം സമുദായത്തെയും ഒറ്റപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ഒരു തന്ത്രമാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് മുസ്ലീം ലീഗാണെന്ന് ഫേസ്ബുക്ക് പോസ്റ്റ് പോലും അദ്ദേഹമിട്ടു. നിങ്ങളാലോചിച്ച് നോക്കണം... ചെറിയ കാര്യമാണോ അത്?

ഒരു മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നൊരു ആള് ഇവിടെയൊരു വര്‍ഗീയ ധ്രുവീകരണത്തിന് വഴി തെളിയത്തക്ക രീതിയില്‍ സംസാരിക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് എത്രമാത്രം അപകടകരമാണ് എന്നുള്ള കാര്യം നമ്മളാലോചിക്കേണ്ടേ! അതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. യുഡിഎഫിന്റെ നേതൃത്വം കോണ്‍ഗ്രസിനാണ്, എല്ലാ ഘടകകക്ഷികള്‍ക്കും തുല്യപ്രാധാന്യം ഞങ്ങള്‍ കൊടുക്കും. ആര്‍ക്കും അമിതപ്രാധാന്യം യുഡിഎഫിലുണ്ടായിട്ടില്ല. കോണ്‍ഗ്രസിനുമില്ല, ലീഗിനുമില്ല, കേരളാ കോണ്‍ഗ്രസിനുമില്ല, മറ്റൊരു പാര്‍ട്ടിക്കുമില്ല. എല്ലാവരെയും ഒരുപോലെ തന്നെയാണ് കണ്ടിട്ടുള്ളത്. 

 

udf convenor ramesh chennithala talks politics before assembly election kerala 2021

 

കോണ്‍ഗ്രസിലെ തലമുറ മാറ്റത്തെ പറ്റി താങ്കള്‍ വാ തോരാതെ സംസാരിച്ചു. ലോക്‌സഭയിലേക്ക് പോയ പി കെ കുഞ്ഞാലിക്കുട്ടി അവിടെ സര്‍ക്കാരില്ല, മന്ത്രിയാകാന്‍ കഴിയുന്നില്ല- എന്നായപ്പോള്‍ ഇവിടെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വീണ്ടും ഇങ്ങോട്ട് വന്നു. ഇവിടെയെന്താ ലീഗില്‍ വേറെ നേതാക്കളില്ലാഞ്ഞിട്ടാണോ? 

കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം ഇപ്പോള്‍ മുസ്ലീം ലീഗീനും കേരളത്തിലെ യുഡിഎഫിനും ആവശ്യമാണെന്ന് കണ്ടുകൊണ്ട് ലീഗെടുത്ത തീരുമാനമാണത്. അത് അവരുടെ പാര്‍ട്ടിക്ക് എടുക്കാനുള്ള അധികാരമുണ്ട്, അവകാശമുണ്ട്. അതില്‍ തെറ്റൊന്നുമില്ല. 

നേരത്തേ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ചോദിച്ചത് പോലെ, ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പി കെ കുഞ്ഞാലിക്കുട്ടി പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കെതിരെ, പിണറായി വിജയന്റെ സര്‍ക്കാരിനെതിരെ എന്താണിത്ര കടുത്ത പോരാട്ടം നടത്തിയിട്ടുള്ളത്, താങ്കളെ പോലെ...?

ഏത് കാര്യത്തിലാണ് കുഞ്ഞാലിക്കുട്ടി പ്രതികരിക്കാതിരുന്നിട്ടുള്ളത്? 

ഏത് കാര്യത്തിനാണ് പ്രതികരിച്ചത് എന്നറിയില്ല...

ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടാകും. അദ്ദേഹം ഞാനുന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ അതിന് വ്യക്തമായ രീതിയില്‍, ശക്തമായിത്തന്നെ അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. 

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്ന സമയത്ത് അയച്ച കത്തില്‍ മോദിക്കെതിരെയുള്ള വലിയ പോരാട്ടത്തില്‍ ഡയറക്ടായി അദ്ദേഹം ചാടിയിറങ്ങി അക്രമണോത്സുകമായ ശൈലിയില്‍ സംസാരിക്കുമ്പോള്‍ കൂടെയാരും ഉണ്ടായിരുന്നില്ല- ഒറ്റപ്പെട്ടുപോയി എന്ന് പറഞ്ഞിരുന്നു... അതുപോലെ പിണറായി വിജയനെതിരെ ഞാന്‍ പോരാടുമ്പോള്‍ എനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല എന്ന് താങ്കള്‍ പിന്നെയൊരുകാലത്ത് പറയുമോ?  അല്ലെങ്കില്‍ സ്വയമെപ്പോഴെങ്കിലും കണ്ണാടി നോക്കി പറയുമോ?  

എനിക്കൊപ്പം ജനങ്ങളുണ്ട്. ഞാന്‍ ഉന്നയിച്ചിട്ടുള്ള ഏത് കാര്യത്തിനാണ് ജനങ്ങളെന്നെ തള്ളിപ്പറഞ്ഞിട്ടുള്ളത്? ഞാനുന്നയിച്ചിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും കേരളത്തിലെ ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. അതുകൊണ്ടാണ് ഇതെല്ലാം പിന്‍വലിച്ച് ഓടേണ്ട ഗതികേട് ഇവര്‍ക്കുണ്ടായിട്ടുള്ളത്. 

ജനത്തിനൊപ്പം ഘടകകക്ഷി നേതാക്കളും സ്വന്തം സംഘടനാ സംവിധാനവും ഉണ്ടായില്ല എന്നാണ്?

ഘടകകക്ഷികളോട് ഇത്ര വിരോധമുണ്ടാകേണ്ട കാര്യമെന്താണ്? എല്ലാം അവര്‍ക്കെതിരെ പറയുന്നത് എന്തിനാണ്. 

വിരോധമൊന്നുമില്ല. പക്ഷേ കാണുന്നില്ല... നമ്മള്‍ ഇത് കാണുന്ന ആളുകളായത് കൊണ്ട് കാഴ്ചയിലിതൊന്നും വന്നിട്ടില്ല എന്നുള്ളത് പറയാതിരിക്കാന്‍ പറ്റില്ല...

പറയേണ്ട രീതിയില്‍ അവര്‍ പറഞ്ഞിട്ടുണ്ട്. 

നമ്മള്‍ കാണാത്തതുകൊണ്ടാണ് വീണ്ടും വീണ്ടും അത് ചോദിക്കേണ്ടിവന്നത്...

ആ നിലപാട് ശരിയല്ല. 

പക്ഷേ ഇതൊക്കെയാണെങ്കിലും താങ്കള്‍ അര്‍ഹിച്ച നീതി രാഷ്ട്രീയത്തില്‍ കിട്ടിയില്ല എന്ന് തോന്നുന്നുണ്ടോ? 

എന്നെപ്പോലെ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എനിക്ക് കിട്ടിയ അംഗീകാരങ്ങളെല്ലാം എത്രയോ ആളുകള്‍ക്ക് കിട്ടാതെ പോകുന്നുണ്ട്! ഞാന്‍ സംതൃപ്തനാണ് എല്ലാത്തിലും. 

സ്ഥാനമാനങ്ങളുടെ കാര്യമേയല്ല ചോദിച്ചത്... ഇത്രയധികം പ്രവര്‍ത്തനങ്ങള്‍, ഇത്രയധികം കാര്യങ്ങള്‍ പുറത്തേക്ക് കൊണ്ടുവന്നിട്ട് അതിനുള്ളൊരു അംഗീകാരം. ആ നിലയ്ക്കാണ് ചോദ്യം...

അംഗീകാരം ഉണ്ട്... എനിക്കത് ഫീല്‍ ചെയ്യുന്നുണ്ടല്ലോ... കേരളം മുഴുവന്‍ ഈ ഐശ്വര്യകേരളയാത്ര നടത്തിയപ്പോള്‍ അതിലുണ്ടായ അഭൂതപൂര്‍വ്വമായ ജനപിന്തുണയും ജനക്കൂട്ടവും.. അത് ആക്‌സപ്റ്റന്‍സല്ലേ...  ഇപ്പോള്‍ ഞാന്‍ പ്രചാരണത്തിന് പോകുമ്പോഴുണ്ടാകുന്ന ജനക്കൂട്ടം... അതെല്ലാം നമ്മളുന്നയിക്കുന്ന പ്രശ്‌നങ്ങളോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യമല്ലേ...? 

 

udf convenor ramesh chennithala talks politics before assembly election kerala 2021

 

ഈ ഉന്നയിക്കുന്നത് പ്രശ്‌നങ്ങള്‍ മാത്രമാണെന്നൊരു കുഴപ്പമുണ്ടോ? എല്ലാം അത് തെറ്റാണ്- ഇത് തെറ്റാണ്- അത് കൊള്ളയാണ്- ഇത് അഴിമതിയാണ് എന്ന് മാത്രം പറയുകയും പോസിറ്റീവായ ചില കാര്യങ്ങള്‍ മുന്നോട്ട് വയ്ക്കാതിരിക്കുകയും ചെയ്യുക എന്നൊരു പ്രശ്‌നമുണ്ടോ? 

ഇല്ല. അതിനകത്തൊരു കാര്യമുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കേണ്ടി വരും. തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടിവരും. സര്‍ക്കാരുമായി സഹകരിക്കേണ്ട മേഖലകളിലെല്ലാം ഞാന്‍ സഹകരിച്ചിട്ടുണ്ട്. നിയമസഭയ്ക്കുള്ളില്‍ പത്തോളം പ്രമേയങ്ങള്‍ ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. പൗരത്വനിയമ ഭേദഗതി വന്നപ്പോള്‍ ഒരുമിച്ച് നിന്ന് നമ്മള്‍ പോരാടിയിട്ടുണ്ട്. പ്രളയം വന്നപ്പോള്‍ മുഖ്യമന്ത്രിയും ഞാനും ഒരുമിച്ച് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൊറോണ സമയത്ത്, പരമാവധി സഹകരിക്കേണ്ട സമയത്ത് സഹകരിച്ചിട്ടുണ്ട്. 

പക്ഷേ സര്‍ക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടി വരുമ്പോള്‍ അത് ചെയ്യേണ്ടിവരും. അതോടൊപ്പം ഇപ്പോള്‍ത്തന്നെ ഞാന്‍ ഐശ്വര്യകേരളയാത്ര നടത്തി. പോസിറ്റീവായ സന്ദേശമാണ് നല്‍കിയത്. കേരളത്തെ ഭാവിയില്‍ ഞങ്ങളെങ്ങനെ കാണുന്നു എന്നതിന്റെ സന്ദേശമാണ്. ഐശ്വര്യമുള്ളൊരു കേരളം കെട്ടിപ്പടുക്കാന്‍ എന്താണ് പദ്ധതി... 

അങ്ങനെയുള്ള പദ്ധതികള്‍ കൃത്യമായി പറയാന്‍ പറ്റിയിട്ടുണ്ടോ? 

ഞങ്ങളുടെ പ്രകടനപത്രികയില്‍ ആ പദ്ധതി വ്യക്തമായി സൂചിപ്പിച്ചുവല്ലോ. ഇപ്പോള്‍ത്തന്നെ, ന്യായ് പദ്ധതി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പാക്കും. രാഹുല്‍ ഗാന്ധി കൊണ്ടുവന്ന പദ്ധതിയാണിത്. പ്രതിമാസം ആറായിരം രൂപ ഒരു പാവപ്പെട്ടവന്റെ കൈകളിലെത്തുന്ന പദ്ധതിയാണ്. വര്‍ഷത്തില്‍ 72,000 രൂപ  പാവപ്പെട്ടവന്റെ കുടുംബത്തിലെത്തുന്ന പദ്ധതിയാണ്. ആ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നത് ഛത്തീസ്ഗഢിലാണ്. അവിടത്തെ മുഖ്യമന്ത്രി നടപ്പിലാക്കിക്കഴിഞ്ഞു. ആ പദ്ധതി യുഡിഎഫ് വന്നാല്‍ നടപ്പാക്കും. 

പെന്‍ഷന്‍, ആയിരത്തിയഞ്ഞൂറായത് മൂവ്വായിരമായി വര്‍ധിപ്പിക്കും. നോ ബില്‍ ഹോസ്പിറ്റല്‍സ്... പാവപ്പെട്ടവന് മികച്ച സ്വകാര്യ ആശുപത്രികളിലെ ചികിത്സ വന്നാല്‍ അവന് ബില്ല് കൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകില്ല. അതാണ് നോ ബില്‍ ഹോസ്പിറ്റല്‍സ്. 

അതുപോലെ തന്നെ റബറിന്റെ താങ്ങുവില 250 രൂപയാക്കി മാറ്റും. നെല്ലിന്റെ താങ്ങുവില 27 രൂപയില്‍ നിന്ന് മുപ്പത് രൂപയാക്കി വര്‍ധിപ്പിക്കും. നാളികേരത്തിന് താങ്ങുവില പ്രഖ്യാപിക്കും. 

അതുപോലെ തന്നെ നാല്‍പത് വയസ് മുതല്‍ അറുപത് വയസ് വരെയുള്ള സ്ത്രീകള്‍ക്ക്, വീട്ടമ്മമാര്‍ക്ക് 2000 രൂപ അലവന്‍സ് കൊടുക്കും. അവര്‍ക്ക് പിഎസ് സി പരീക്ഷയെഴുതാന്‍ രണ്ട് വയസ് ഇളവ് കൊടുക്കും. താല്‍ക്കാലിക നിയമനങ്ങളുണ്ടാകില്ല. പി എസ് എസി റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനങ്ങള്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കും. അതോടൊപ്പം തന്നെ ടൂറിസം മേഖലയിലും കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും പുത്തന്‍ ഉണര്‍വ്വുണ്ടാക്കും. കൂടുതല്‍ ഇന്‍വെസ്റ്റുമെന്റുകള്‍ കൊണ്ടുവരും. വ്യവസായിക വികസനമുണ്ടാകും. 

പ്രകടന പത്രിക ശരിയാണ്. പക്ഷേ ഇതൊക്കെ ആളുകളിലേക്ക് എത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത്തവണ നമ്മുടെ പ്രകടന പത്രിക ഉണ്ടാക്കിയത് അടച്ചിട്ട മുറികളിലല്ല. ജനങ്ങളുമായി സംവദിച്ച് ശ്രീ. ശശി തരൂര്‍, ബെന്നി ബെഹനാന്‍, സി പി ജോണ്‍ അടങ്ങുന്ന ഒരു വലിയ ടീം, എല്ലാവരുമായും വിവിധ മേഖലകളിലുള്ള എക്‌സ്‌പെര്‍ട്ട്‌സുമായിട്ടും സാധാരണ ജനങ്ങളുമായിട്ടും ഒക്കെ സംസാരിച്ചും സംവദിച്ചുമാണ് ഈ പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്. ഞങ്ങള്‍ക്കൊരു പോസിറ്റീവ് സമീപനമേ ഉള്ളൂ. എന്നും പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ എന്നും പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ അഴിമതി കണ്ടാല്‍, ഗവണ്‍മെന്റ് കൊള്ള നടത്തുന്നു, അഴിമതി നടത്തുന്നു എന്നറിഞ്ഞാല്‍ എനിക്ക് മിണ്ടാതിരിക്കാന്‍ പറ്റില്ല. അതെല്ലാം തുറന്നു കാട്ടാന്‍ ശ്രമിക്കണം. അത് തുറന്ന് കാട്ടിയിട്ടുമുണ്ട്.

എല്ലാ ആക്രമണവും പിണറായി വിജയന്‍ എന്നുള്ള മുഖ്യമന്ത്രിക്ക് നേരെയാണ്. അദ്ദേഹം അവിടെ ഒറ്റനേതാവായത് കൊണ്ടാണോ?

 പിണറായി മാത്രമല്ലേയുളളൂ, 'അയാം ദി സ്റ്റേറ്റ്' എന്ന ലൂയി പതിനാലാമന്റെ സ്ഥിതിയാണ് അദ്ദേഹത്തിന്. പോളീറ്റ് ബ്യൂറോ അദ്ദേഹമാണ്. സെന്‍ട്രല്‍ കമ്മിറ്റി അദ്ദേഹമാണ്, മുന്നണി അദ്ദേഹമാണ്, ഗവണ്‍മെന്റ് അദ്ദേഹമാണ്. വേറെ പിന്നെ ആരെപ്പറ്റി പറയാന്‍? കേരളത്തിലെ കുട്ടികളോടോ മുതിര്‍ന്നവരോടോ കേരളത്തിലെ ഏതെങ്കിലുമൊരു മന്ത്രിയുടെ പേര് ചോദിച്ചാല്‍ അവര്‍ക്കറിയില്ലല്ലോ.

പക്ഷേ വേറൊരര്‍ത്ഥത്തില്‍ നല്ല കാര്യമല്ലേ?

എന്ത് നല്ല കാര്യം? ഏകാധിപത്യത്തിന് ഇതെന്താ ചൈനയോ കൊറിയയോ വല്ലതുമാണോ?

ഒരു നേതാവ് എന്ന് പറയുന്നു, അദ്ദേഹത്തിന് നിശ്ചയദാര്‍ഡ്യത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നു, അതിനെയെല്ലാ ഇങ്ങനെ അഹങ്കാരമായി കാണുന്നത്..?

പണ്ട് രാജാക്കന്‍മാര്‍ ഭരിച്ചപ്പോഴും ഇത് തന്നെയായിരുന്നു. ഒരു രാജാവും ബാക്കിയെല്ലാം പ്രജകളുമായിരുന്നു. രാജാവിന്റെ പ്രജാക്ഷേമ തത്പരത പോലുമില്ലാത്ത ഒരു ഏകാധിപത്യ ഭരണം കേരളത്തില്‍ നടക്കുന്നുണ്ട്.

ബാക്കി മന്ത്രിമാര്‍ക്കൊന്നും അതില്‍ പരാതിയില്ല. ഘടകകക്ഷികള്‍ക്കില്ല?

രണ്ട് മന്ത്രിമാര്‍ മാസങ്ങളോളം ഒരക്ഷരം പോലും മിണ്ടാതെ മണിക്കൂറുകള്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഞാന്‍ കൗതുകത്തോടെ കണ്ടിട്ടുണ്ട്. ഒന്ന് വായനക്കാനുള്ള അവസരം ആ പാവങ്ങള്‍ക്ക് കൊടുത്തിട്ടില്ല. മന്ത്രിസഭയിലും ഇതുപോലെ ആണെന്നാ പറയുന്നത്. ഒരു ചര്‍ച്ചയുമില്ല. ഇതാണോ ഗവണ്‍മെന്റ്?

കഥകളായിരിക്കില്ലേ ഇതെല്ലാം?

ഇന്നലെ കോവൂര്‍ കുഞ്ഞുമോന്‍ എന്ന എംഎല്‍എക്കുണ്ടായ അനുഭവം ചെറിയ കാര്യമാണോ? മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ചെന്ന ആ എംഎല്‍എയെ കഴുത്തിന് പിടിച്ചു തള്ളുക, പിണറായി വിജയന്‍ അധികാരത്തില്‍ വന്നാല്‍ എന്തായിരിക്കും എന്നുള്ളതിന്റെ ഒരു സൂചനയല്ലേ ഇത്? ഈ ധാര്‍ഷ്ട്യം? ഈ അഹങ്കാരം? ഈ ധിക്കാരം കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നതാണോ? ഇതാണോ റോള്‍മോഡല്‍? ഈ മോഡലാണോ കേരളത്തില്‍ ആളുകള്‍ സ്വീകരിക്കേണ്ടത്? ഇതെന്ത് ജനാധിപത്യമാണ്? ഈ ഏകാധിപത്യമാണോ കേരളത്തില്‍ വീണ്ടും തിരിച്ചു വരേണ്ടത്? ജനങ്ങള്‍ ചിന്തിക്കട്ടെ.

ഇത് തന്നെയാണ് ഇന്നലെ എ കെ ആന്റണിയും പറഞ്ഞത്. നിങ്ങള്‍ എല്ലാവരും കൂടി പിണറായി വിജയന്‍ എന്നുള്ള ആ വ്യക്തിയെ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ആക്രമിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?

സ്വാഭാവികമായിട്ടും അദ്ദേഹം മാത്രമല്ലേയുള്ളല്ലോ? വേറെയാരെ ആക്രമിക്കാനാണ്? വ്യക്തിയെ അല്ല ആക്രമിക്കുന്നത്. വ്യക്തിയുടെ പ്രവര്‍ത്തനശൈലിയെ ആണ് ആക്രമിക്കുന്നത്, അത് സമൂഹത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെയാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്.

 

udf convenor ramesh chennithala talks politics before assembly election kerala 2021

 

അവസാനമായി നേമത്തെക്കുറിച്ച്, നേമത്ത് എന്തായിരിക്കും സംഭവിക്കുക? നേമം ആയിരുന്നല്ലോ നിങ്ങളുടെ 'വണ്‍ ഓഫ് ദ പ്രസ്റ്റീജിയസ് ഇഷ്യൂ' എന്ന് അല്ലെങ്കില്‍ മണ്ഡലം എന്ന് പറഞ്ഞത്. കരുത്തനെ കൊണ്ടുവന്ന മണ്ഡലം. എന്താകും?

നേമത്ത് യുഡിഎഫ് ജയിക്കും.കെ മുരളീധരന്‍ എംഎല്‍എയാകും.

എല്ലാ ചലഞ്ചും ഏറ്റെടുക്കാന്‍ മുരളി മാത്രമേയുള്ളോ?

മുരളിയെ ഞങ്ങള്‍ അതിന് വേണ്ടി നിയോഗിച്ചതാണ്. അദ്ദേഹം ആവശ്യപ്പെട്ടു വന്നതൊന്നുമല്ല. ആ ചലഞ്ച് ഏറ്റെടുക്കാന്‍ മുരളിയോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചു.

വടകര ചലഞ്ച് വന്നു, മുരളിയുണ്ടായിരുന്നു, മുരളിയേറ്റെടുത്തു. ഇനിയിപ്പോള്‍ പുതിയതായി വടകര ചലഞ്ച് വരുമല്ലോ മുരളി ജയിച്ചാല്‍? അപ്പോള്‍ വീണ്ടും?

ഓരോ ചലഞ്ചും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന അതിന്റെ ഗൗരവത്തില്‍ തന്നെ ഏറ്റെടുക്കും. ഞങ്ങള്‍ നേമത്ത് പുലിമടയില്‍ ചെന്ന് പുലിയെ നേരിടുകയാണ്. അത് ഞങ്ങള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. കേരളത്തില്‍ ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ക്കേ കഴിയൂ. ബിജെപിയുമായി ധാരണയുണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതല്ലേ നമ്മുടെ ബാലശങ്കര്‍ പറഞ്ഞത്. ബാലശങ്കര്‍ പറയുന്നതെന്താണ്? സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യമായ ഡീല്‍ ഉണ്ടാക്കിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ അത് വളരെ പ്രകടമാണ്. പിണറായി വിജയനും സിപിഎമ്മിനും തുടര്‍ഭരണം വേണം. ബിജെപിക്ക് കുറച്ച് സീറ്റുകള്‍ വേണം. ബാലശങ്കര്‍ പറഞ്ഞ ഡീല്‍ അതാണ്.

താങ്കള്‍ പറഞ്ഞല്ലോ ബിജെപിക്ക് ഇത്തവണ സീറ്റൊന്നും കിട്ടില്ലെന്ന്. അഥവാ ഡീല്‍ ഉണ്ടെങ്കില്‍ തന്നെ അത് വിജയിക്കുന്നില്ലല്ലോ?

ആ ഡീലിനെ പരാജയപ്പെടുത്തുകയാണല്ലോ ഞങ്ങളുടെ ലക്ഷ്യം. ഒരു കൂട്ടുകെട്ടുണ്ടായിരിക്കുന്നു. ലാവ്ലിന്‍ കേസ് 26 തവണ മാറ്റിവെച്ചില്ലേ? എന്താ മാറ്റി വച്ചത്? സ്വര്‍ണ്ണക്കള്ളകടത്ത് കേസ് എന്താണ് മുന്നോട്ട് പോകാത്തത്? അപ്പീല്‍ കൊടുത്ത സിബിഐ തന്നെ 26 തവണ അത് മാറ്റിവെക്കാന്‍ പറയുക. അതുപോലെ തന്നെ ഇവിടെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുന്നോട്ട് പോകാത്തത് എന്തുകൊണ്ടാണ്? ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അമിത് ഷാ വന്നപ്പോള്‍ പറഞ്ഞല്ലോ അന്വേഷണം തുടരുമെന്ന്?

അമിത്ഷാ പറയുന്നതല്ലേ ഉള്ളല്ലോ, നടപടിയുണ്ടാകുന്നില്ലല്ലോ. അമിത്ഷാ ചോദ്യങ്ങളേ ചോദിക്കുന്നുള്ളല്ലോ. ഉത്തരം ആരും നല്‍കുന്നില്ല. രണ്ടുപേരും പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ഉത്തരം ആരും പറയുന്നില്ല.

രാജഗോപാല്‍ കോലീബീ സഖ്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്?

രാജഗോപാല്‍ എല്ലാക്കാലത്തും ഇടതുമുന്നണിക്ക് സപ്പോര്‍ട്ടായിരുന്നു. നിയമസഭക്കകത്തും. ശ്രീരാമകൃഷ്ണന് വോട്ട് ചെയ്ത പാര്‍ട്ടിയാണ്. എല്ലാക്കാലത്തും ഇടതുപക്ഷത്തിന് അനുബന്ധമായിട്ടേ അദ്ദേഹം സംസാരിക്കാറുള്ളൂ. അതൊരു പുതുമയുള്ള കാര്യമല്ല. സര്‍ക്കാരിന് ഇത്രയും സൗകര്യമായ ഒരു ബിജെപി എംഎല്‍എ ഉണ്ടായിട്ടില്ല.

പുലിമടയില്‍ പുലിയെ നേരിടാന്‍ കെ മുരളീധരന്‍ വന്നല്ലോ. പുലി ജയിച്ചു വരികയാണെങ്കില്‍ നമ്മള്‍ അര്‍ഹമായ സ്ഥാനം കൊടുക്കണ്ടേ?

എന്ത് ചോദ്യമാണിത്? കെ മുരളീധരന് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉളള സ്ഥാനം ചെറുതാണോ?

എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്...

 ഒരിക്കലും ചെറുതല്ല, വളരെ വലുതാണ്, അതുകൊണ്ടാണല്ലോ ചലഞ്ചുകള്‍ ഏറ്റെടുക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നത്? അദ്ദേഹം ഒരു പ്രമുഖനായ നേതാവാണ്.

ചലഞ്ചുകള്‍ ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് വരെ അദ്ദേഹം ഒരുപാട് പരാതികള്‍ പറഞ്ഞിരുന്നു, അദ്ദേഹത്തെ പരിഗണിക്കുന്നില്ല, ചര്‍ച്ച ചെയ്യുന്നില്ല. അദ്ദേഹം വടകരക്ക് പുറത്തിറങ്ങുന്നില്ല. എന്നൊക്കെ പറഞ്ഞത് നമ്മുടെ മുന്നിലുണ്ട്...

ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രമുഖനായ നേതാവ് തന്നെയാണ്. മുന്‍ കെപിസിസി പ്രസിഡന്റാണ്.

ആവശ്യം വരുമ്പോള്‍ മാത്രം ഉപയോഗിക്കുന്നു...?

ഏയ് അങ്ങനെയല്ല, കെ കരുണാകരന്റെ മകന് കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കെ മുരളീധരന് സ്ഥാനമുണ്ട്. അതില്‍ സംശയമില്ല.

 

udf convenor ramesh chennithala talks politics before assembly election kerala 2021

 

ശശി തരൂരിന് സംസ്ഥാന രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ടോ? ഇത്രയും നാള്‍ അദ്ദേഹം കേന്ദ്രത്തിലായിരുന്നു. വേറൊരു ലെവലായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രായോഗിക രാഷ്ട്രീയത്തില്‍ അദ്ദേഹം ഇനി സജീവമായിട്ടുണ്ടാകുമോ?

അദ്ദേഹം സജീവമാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തിന്റെ  വൈദഗ്ധ്യം എല്ലാ രംഗത്തും ഉപയോഗിക്കപ്പെടണം. ഞങ്ങള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട് കേരളം മുഴുവനുമുള്ള ക്യാംപെയിന്‍. അത് വളരെയധികം ഗുണമുണ്ടാകും.

കെ സുധാകരനെ കുറിച്ച്, അദ്ദേഹം വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചാലെന്തെന്ന് ഞാനാലോചിക്കുകയാണ് എന്ന് പറഞ്ഞിരുന്നു...

അദ്ദേഹം രാജിയൊന്നും വയ്ക്കുകയില്ല. അദ്ദേഹത്തിന്റെ സഹോദരന്‍ പെട്ടെന്ന് മരിച്ചു പോയി. കഴിഞ്ഞ ദിവസം ഞാന്‍ വീട്ടില്‍ പോയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് മൂന്ന്-നാലുദിവസം പ്രചാരണ രംഗത്ത് ഇറങ്ങാന്‍ കഴിയാതെ വന്നത്. അദ്ദേഹം ഇപ്പോള്‍ സജീവമാണ്.

സജീവമാണ്. പക്ഷേ അദ്ദേഹത്തിന് വിഷമമുണ്ട്, അദ്ദേഹവുമായി ആലോചിച്ചിട്ടില്ല എന്ന്?

ഇപ്പോള്‍ ആ വിഷമങ്ങളൊക്കെ ചര്‍ച്ച ചെയ്ത് തീര്‍ത്തിട്ടുണ്ട്. സജീവമായി തന്നെയാണ് കെ സുധാകരന്‍.

വിഷമങ്ങളൊക്കെ തീര്‍ക്കാന്‍ ഇലക്ഷന്‍ വരെ നോക്കണോ? എ വി ഗോപിനാഥ് ആയാലും വയനാട്ടിലെ പ്രവര്‍ത്തകരായാലും കെ സുധാകരനായാലും... ഇലക്ഷന്‍ വരുമ്പോള്‍ ഓടിയോടി ചെല്ലുന്നു. മോഹന്‍രാജ് രാജി വെക്കുമ്പോള്‍. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക, ജില്ലകള്‍ തോറും നിങ്ങള്‍ ഓടി വിഷമം തീര്‍ക്കുക. എന്തൊരു സംഘടന സംവിധാനമാണിത്?

ഞങ്ങളുടെ പാര്‍ട്ടിക്കകത്ത് ആയത് കൊണ്ടാണ് നിങ്ങളിത് അറിയുന്നത്. മറ്റ് പാര്‍ട്ടിയിലും ഇതൊക്കെ നടക്കുന്നുണ്ട്. അറിയുന്നില്ലെന്നേ ഉളളൂ. ഞാന്‍ ചോദിക്കട്ടെ, ഇത്തവണ സിപിഎമ്മിനകത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞുണ്ടായ കലാപം സമാനതകളില്ലാത്തതല്ലേ? എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം പ്രശ്‌നങ്ങളെ നേരിടുന്നുണ്ട് എന്നത് ഒരു പൊതുവായ കാര്യമാണ്.

അതായത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സജീവമായി നില്‍ക്കുന്ന പ്രവര്‍ത്തകരെ മുറിവേല്‍പിച്ചുകൊണ്ട് കുറച്ചു നേതാക്കളുടെ ഇഷ്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് വേറൊരു അര്‍ത്ഥത്തില്‍ പറയാം?

അത് നിങ്ങളുടെ വ്യാഖ്യാനം. അങ്ങനെയല്ല സംഭവിക്കുന്നത്. നമുക്ക് സീറ്റുകള്‍ കുറവാണ്. ഓരോ സീറ്റിനും മൂന്നും നാലും പ്രബലരായ അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികള്‍ വരുമ്പോള്‍ ...വി ഹാവ് റ്റു ചൂസ് വണ്‍... ഒരാളെ നമുക്ക് എടുക്കേണ്ടി വരും. അപ്പോള്‍ കുറച്ച് ഹാര്‍ട്ട്‌ബേണിംഗ് ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

കുറച്ച് ഹാര്‍ട്ട്‌ബേണിംഗ് ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് താങ്കള്‍ പറയുന്നുണ്ട്. ഈ അഞ്ചുവര്‍ഷക്കാലം ഏറ്റവും നല്ല വിസില്‍ബ്ലോവര്‍ ആയിരുന്ന ഒരാളാണ്. താങ്കള്‍ പറഞ്ഞത് പോലെ രാവും പകലും ഉണര്‍ന്നിരുന്ന് പ്രവര്‍ത്തിച്ച ഒരാളാണ്. താങ്കളുടെ അത്രയും ജീവിതപരിചയമോ അനുഭവപരിചയമോ ഇല്ലാത്ത ഒരാളാണ് ഞാന്‍. പക്ഷേ കണ്ട കാഴ്ചകളില്‍ താങ്കള്‍ പ്രവര്‍ത്തിച്ച രീതിക്ക് അര്‍ഹമായ നീതി പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും കിട്ടിയിട്ടില്ലെന്ന് ഇപ്പോഴും ആവര്‍ത്തിച്ച്, ഇത്രയും വിശദീകരണങ്ങള്‍ക്ക് ശേഷവും, വിചാരിക്കുന്ന ഒരാള്‍ കൂടിയാണ്. ആ നീതികേട് ഇനിയെങ്കിലും താങ്കള്‍ക്ക് നേരെ ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കാന്‍ എന്നെ അനുവദിക്കുമോ?

നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്. പലപ്പോഴും നിങ്ങളെന്നെ വിമര്‍ശിക്കാറാണുള്ളത്. നല്ല വാക്കുകള്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. നമ്മള്‍ ഒരു സ്ഥാനത്ത് ഇരിക്കുമ്പോള്‍ ആ സ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് നിറവേറ്റേണ്ടത്. നാളെ ഭാവിയില്‍ എന്താകുമെന്ന് കാല്‍ക്കുലേറ്റ് ചെയ്ത് മുന്നോട്ട് പോകുന്ന ഒരാളല്ല ഞാന്‍. എന്നെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിറവേറ്റുക. ഞാന്‍ പൂര്‍ണ്ണമായും സംതൃപ്തനാണ്. എന്റെ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരിക എന്നുള്ള ഏകദൗത്യമാണ് എന്റെ മുമ്പിലുള്ളത്. നാളെ എനിക്ക് എന്തു കിട്ടുമെന്നുള്ളത് എന്റെ മുന്നിലുള്ള പ്രശ്‌നമല്ല. ഒന്നും കിട്ടിയില്ലെങ്കിലും എന്റെ പാര്‍ട്ടിക്ക് വേണ്ടി, എന്റെ പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരാന്‍ പരിപൂര്‍ണ്ണമായി, 24 മണിക്കൂറും ഞാന്‍ പ്രവര്‍ത്തിക്കുകയാണ്.

Also Read:- 'ടേം വഴി ആരെയും ഒഴിവാക്കിയതല്ല, ശബരിമലയിൽ കടകംപള്ളിയുടെ ഖേദം എന്തിനെന്നറിയില്ല', മുഖ്യമന്ത്രി...

Follow Us:
Download App:
  • android
  • ios