Asianet News MalayalamAsianet News Malayalam

ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം; വാര്‍ത്തകള്‍ വാസ്തവ വിരുദ്ധം, ആരെയും തീരുമാനിച്ചിട്ടില്ലെന്ന് ബാലന്‍

ഒരു സ്ഥാനാര്‍ത്ഥിയെയും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തേത് നിര്‍ദേശങ്ങള്‍ മാത്രമാണ്. പത്തിനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും മന്ത്രി 

a k balan says no candidate finalized
Author
Palakkad, First Published Mar 7, 2021, 12:10 PM IST

പാലക്കാട്: തരൂരിലുൾപ്പടെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പോര് കടുത്ത സാഹചര്യത്തില്‍ വിശദീകരണവുമായി എ കെ ബാലന്‍. തരൂരില്‍ പി കെ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പുറത്ത് വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നായിരുന്നു ബാലന്‍റെ പ്രതികരണം. ഒരു സ്ഥാനാര്‍ത്ഥിയെയും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഇപ്പോഴത്തേത് നിര്‍ദേശങ്ങള്‍ മാത്രമാണ്. പത്തിനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്നും മന്ത്രി വിശദീകരിച്ചു. തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് ഇരുട്ടിന്‍റെ സന്തതികളാണെന്നും ബാലന്‍ വിമര്‍ശിച്ചു.

പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലങ്ങളായ തരൂരിലും കോങ്ങാടും അനുയോജ്യരായ സ്ഥാനാ‍ർത്ഥികളെയല്ല നിശ്ചയിച്ചിരിക്കുന്നതെന്ന് ഇതിനകം രൂക്ഷവിമർശനമാണ് ഉയ‍ർന്നുകഴിഞ്ഞിരിക്കുന്നത്. തരൂരിൽ ഡോ. പി കെ ജമീലയെ  സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഇടത് സമൂഹമാധ്യമ കൂട്ടായ്മകളിലുൾപ്പെടെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിനെതിരെ പട്ടികജാതിക്ഷേമ സമിതി സിപിഎം സംസ്ഥാന നേതൃത്വത്തെ പരാതി അറിയിച്ചിട്ടുണ്ട്. 

ഇതോടൊപ്പം ഷൊര്‍ണൂര്‍, മലമ്പുഴ, ഒറ്റപ്പാലം, എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലും പാളിച്ചയുണ്ടെന്നും ഒരു വിഭാഗം പ്രവർത്തകർ പറയുന്നു. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനെ ആദ്യം മലമ്പുഴയിൽ പരിഗണിച്ചിരുന്നു. പിന്നീട് പി കെ ശശിയെ മാറ്റി രാജേന്ദ്രന് ഷൊര്‍ണൂരും ശശിക്ക് ജില്ലാ സെക്രട്ടറി സ്ഥാനവും നൽകാനായിരുന്നു ധാരണ. എന്നാൽ മുസ്ലീം പ്രാതിനിധ്യത്തിന്‍റെ പേരിൽ അവസാന നിമിഷമാണ് ഷൊര്‍ണൂരില്‍ ജില്ല സെക്രട്ടേറിയേറ്റംഗം മമ്മിക്കുട്ടിയുടെ പേര് നിർദ്ദേശിക്കുന്നത്. 

ഇതോടെ സി കെ രാജേന്ദ്രൻ മത്സരരംഗത്തുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. പി ഉണ്ണി, പി കെ ശശി, സി കെ രാജേന്ദ്രൻ തുടങ്ങിയ മുതി‍‍ർന്ന നേതാക്കളെ മാറ്റിനിർത്തിയത്  ബാലൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കളുടെ അറിവോടെയാണ് എന്നും ഒരുവിഭാഗം  പ്രവർത്തകർ പറയുന്നു. സി കെ രാജേന്ദ്രൻ ഉൾപ്പെടെ, മാറ്റി നി‍ർത്തപ്പെട്ട നേതാക്കൾ മത്സരിക്കണമെന്ന് ജില്ലാകമ്മിറ്റിയിൽ ഭൂരിഭാഗം പ്രതിനിധികളും ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. അങ്ങിനെയെങ്കിൽ  ജില്ലാകമ്മിറ്റിയോഗത്തിൽ സ്ഥാനാ‍ർത്ഥി നിർണയത്തിനായി വോട്ടിംഗ് നടക്കാനും സാധ്യതയുണ്ട്.   

Follow Us:
Download App:
  • android
  • ios