Asianet News MalayalamAsianet News Malayalam

അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു, എ.എ.റഹീമിന് സാധ്യത

കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മുതൽ നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് സീറ്റ് വിട്ടു കൊടുക്കാൻ ജോസ് കെ മാണി തയ്യാറായത്. 

aa raheem may contest in kuttiyady
Author
Kuttiyady, First Published Mar 14, 2021, 3:41 PM IST


കോഴിക്കോട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ പ്രാദേശിക പ്രതിഷേധം കാരണം വിവാദത്തിലായ കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു. കുറ്റ്യാടിയിലെ സിപിഎം പ്രവർത്തകർ നടത്തിയ അസാധാരണ പ്രതിഷേധമാണ് സീറ്റ് ഏറ്റെടുക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. 

കുറ്റ്യാടി സീറ്റിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു സിപിഎം പ്രവർത്തകർ. അണികളുടെ രോഷം കുറ്റ്യാടിയിലും സമീപ സീറ്റുകളായ നാദാപുരത്തും വടകരയിലും പ്രതികൂലമായ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് സീറ്റ് ഏറ്റെടുക്കാൻ സിപിഎം തീരുമാനിച്ചത്. 

ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം കെ.ടി.കുഞ്ഞിക്കണ്ണൻ, ഓഞ്ചിയം ഏരിയ കമ്മിറ്റി സെക്രട്ടറി ടി.പി.ബിനീഷ് എന്നിവരുടെ പേരുകളാണ് കുറ്റ്യാടി സീറ്റിലേക്ക് ജില്ലാ നേതൃത്വം മുന്നോട്ട് വച്ചത്. എന്നാൽ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ എ.എ.റഹീമിൻ്റെ പേര് സിപിഎം സംസ്ഥാന നേതൃത്വം മുന്നോട്ട് വച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മുതൽ നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് സീറ്റ് വിട്ടു കൊടുക്കാൻ ജോസ് കെ മാണി തയ്യാറായത്. 

കോഴിക്കോട് ജില്ലാ കമ്മിറ്റി നിർദേശിച്ച ആരെയെങ്കിലും കുറ്റ്യാടിയിൽ നിർത്തിയാൽ അതു പ്രതികൂലമായി ബാധിക്കും എന്ന് കണ്ടാണ്. ജില്ലയ്ക്ക് പുറത്തുള്ള എ.എ.റഹീമിനെ പാർട്ടി ഇവിടേക്ക് പരി​ഗണിക്കുന്നത്. സാമുദായിക ​ഘടകങ്ങളും എ.എ.റഹീമിന് ​അനുകൂലമായി വന്നു. കോഴിക്കോട് സിപിഎം നേതൃത്വം എ.പ്രദീപ് കുമാറിൻ്റെ അടക്കം പേര് കുറ്റ്യാടിയിലേക്ക് നിർദേശിച്ചുവെങ്കിലും ജില്ലാ സെക്രട്ടറി പി.മോഹനൻ്റെ നോമിനിയായി ആരു വന്നാലും  സിപിഎം വോട്ടുകളിൽ ചോർച്ചയുണ്ടാവും എന്ന ആശങ്ക പാർട്ടിക്കുണ്ട്. മാത്രമല്ല നിലവിൽ കോഴിക്കോട് സിപിഎമ്മിൽ രൂപം കൊണ്ട വിഭാ​ഗീയത അവസാനിപ്പിക്കുകയും വേണം  ഇതാണ് നേരത്തെ ഈ സീറ്റിലേക്ക് പറഞ്ഞു കേട്ട കുഞ്ഞമ്മദ് കുട്ടിയേയും പരി​ഗണിക്കേണ്ട എന്ന തീരുമാനത്തിലേക്ക് പാർട്ടിയെ എത്തിച്ചത്.  

സീറ്റ് വിഭജനത്തിൽ സിപിഎം കേരള കോൺ​ഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് വിട്ടു നൽകിയിരുന്നു. തുടർന്ന് ഈ സീറ്റിലേക്ക് മുഹമ്മദ് ഇക്ബാലിനെ പാർട്ടി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സീറ്റ് വിട്ടു നൽകിയത് സംബന്ധിച്ച് മുഹമ്മദ് ഇക്ബാലിൻ്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. കുറ്റ്യാടി സീറ്റ് പോയതോടെ എൽഡിഎഫിൽ ജോസ് കെ മാണി വിഭാ​ഗം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 12 ആയി കുറഞ്ഞു. 

Follow Us:
Download App:
  • android
  • ios