Asianet News MalayalamAsianet News Malayalam

'ഭാര്യമാരുടെ ഐഡന്റിറ്റി ഭർത്താക്കൻമാരുടെ പേരിലല്ല', ഡോ. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തിൽ മന്ത്രി ബാലന്‍

ദലിത് വിഭാഗത്തില്‍ പെട്ടവർ കുറേ അനുഭവിച്ചതാണ്. വാഴയുടെ കന്ന് മുളച്ചുവരുമ്പോൾ അത് ചവിട്ടിക്കളയും. ആ പ്രേതങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്.  അതിന്‍റെ മുന്നില്‍ മുട്ടുമടക്കില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. 

ak balan response about wife jameela candidate sabarimala controversy
Author
Palakkad Fort, First Published Mar 23, 2021, 7:38 PM IST

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യ ഡോ. ജമീലയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തില്‍ തുറന്നടിച്ച്  മന്ത്രി എ.കെ. ബാലന്‍. ജമീല സ്ഥാനാര്‍ഥിയാവണമെന്ന് ഒരു ഘട്ടത്തിലും ആലോചിച്ചില്ലെന്നും പാര്‍ട്ടിയോ താനോ അവരോട് അക്കാര്യം സംസാരിച്ചിട്ടില്ലെന്നും ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഭാര്യമാരുടെ ഐഡന്റിറ്റി ഭർത്താക്കൻമാരുടെ പേരിലല്ല. ജമീല സഖാവ് പി.കെ. കുഞ്ഞച്ചന്‍റെ മകളാണ്. എന്‍റെ വാലില്‍ കെട്ടിയുള്ളതല്ല അവരുടെ വ്യക്തിത്വം. ഒരു ഘട്ടത്തിലും സ്ഥാനാര്‍ഥിത്വം കിട്ടാത്ത വിഷമമില്ലെന്നും ഒരു കേന്ദ്രത്തില്‍ നിന്ന് പ്രത്യേകം സൃഷ്ടിക്കപ്പെട്ട പ്രചരണമായിരുന്നു അതെന്നും ബാലൻ ആരോപിച്ചു. ദലിത് വിഭാഗത്തില്‍ പെട്ടവർ കുറേ അനുഭവിച്ചതാണ്. വാഴയുടെ കന്ന് മുളച്ചുവരുമ്പോൾ അത് ചവിട്ടിക്കളയും. ആ പ്രേതങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്.  അതിന്‍റെ മുന്നില്‍ മുട്ടുമടക്കില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. 

ശബരിമലയിലിപ്പോൾ യാതൊരു പ്രശ്നവുമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിപ്പ് വേവില്ല. ഭക്തജനങ്ങള്‍ തിരിച്ചടി നല്‍കും. ഹിന്ദു പണ്ഡിതന്മാരുടെ അഭിപ്രായം കേട്ട് തീരുമാനിക്കണമെന്നാണ് കേരളം നല്‍കിയ സത്യവാങ്മൂലം.  സർക്കാരിന് അവ്യക്തതയുണ്ടെന്ന തെറ്റായ ധാരണയില്‍ നിന്നുണ്ടായ അഭിപ്രായമാണ് എൻസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന. ഇടത് നിലപാട് പറയുമ്പോള്‍ സുകുമാരന്‍ നായര്‍ക്ക് മനസ്സിലാകാവുന്നതേയുള്ളൂ. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം തന്നെയാണെന്നും ബാലൻ കൂട്ടിച്ചേർത്തു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അതിര്‍ വരമ്പുകളില്ല. രണ്ട് പാർട്ടികളുടെയും നയം തുല്യമാണ്. കോണ്‍ഗ്രസുകാര്‍ എപ്പോള് കാലുമാറുമെന്ന് പറയാനാവില്ലെന്നും ബാലൻ പരിഹസിച്ചു. 

Follow Us:
Download App:
  • android
  • ios