ഇബ്രാഹിം കുട്ടിക്ക് കിട്ടിയ ഡോക്ടറേറ്റ് മാത്രമല്ല,നല്‍കിയെന്ന് പറയുന്ന സർവകലാശാലയേ നിലവിലില്ലെന്നാണ് സമിതിയുടെ വാദം.  പ്രചാരണം ശക്തമായതോടെ ഇബ്രാഹിം കുട്ടിയും പ്രതിരോധത്തിലായി. തട്ടിപ്പില്ലെന്നും എന്നാല്‍ പ്രചാരണത്തില്‍ ഡോക്ടറെന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇബ്രാഹിം കുട്ടി പറയുന്നു

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ പേരാമ്പ്രയില്‍ ചര്‍ച്ചയായി യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് ഇബ്രാഹിംകുട്ടിയുടെ ഡോക്ടറേറ്റ് ബിരുദം. ഡോക്ടറേറ്റ് വ്യാജമാണെന്ന ആരോപണവുമായി ഒരു വിഭാഗം എത്തിയതോടെ തനിക്ക് ശരിക്കും ഡോക്ടറേറ്റ് ഉണ്ടെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്ഥാനാർത്ഥി.

വികസനവും രാഷ്ട്രീയവുമല്ല, ഡോക്ടറേറ്റാണ് പേരാമ്പ്രയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഡോക്ടറേറ്റ് ബിരുദം വ്യാജമാണോ എന്നാണ് നാട്ടുകാർക്കറിയേണ്ടത്. നാട്ടിൽ ഡോക്ടർ സി എച്ച് എന്നറിയപ്പെടുന്ന ഇബ്രാഹിം കുട്ടിയെ ഡോക്ടര്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു യുഡിഎഫ് പ്രചാരണം തുടങ്ങിയത്.

എന്നാല്‍, ഇബ്രാഹിം കുട്ടിയുടെ ഡോക്ടറേറ്റ് വ്യാജമെന്ന വാദവുമായി വ്യാജ സർവകലാശാല വിരുദ്ധ സമിതി രംഗത്തെത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇബ്രാഹിം കുട്ടിക്ക് കിട്ടിയ ഡോക്ടറേറ്റ് മാത്രമല്ല, ഡോക്ടറേറ്റ് നല്‍കിയെന്ന് പറയുന്ന സർവകലാശാലയേ നിലവിലില്ലെന്നാണ് സമിതിയുടെ വാദം. എതിര്‍ പ്രചാരണം ശക്തമായതോടെ ഇബ്രാഹിം കുട്ടിയും പ്രതിരോധത്തിലായി. ഡോക്ടറേറ്റില്‍ തട്ടിപ്പില്ലെന്നും എന്നാല്‍ പ്രചാരണത്തില്‍ ഡോക്ടറെന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇബ്രാഹിം കുട്ടി പറയുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളും സംഭംരകത്വവും പരിഗണിച്ച് അമേരിക്കിയിലെ ഇന്‍റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയാണ് ഡിലിറ്റ് ബിരുദം നൽകിയതെന്ന് ഇബ്രാഹിം കുട്ടി പറഞ്ഞു. ഇതിനിടെ ഡോക്ടറേറ്റ് ചർച്ചയായതോടെ ഇത് ഇനി എംബിബിഎസ് ഡോക്ടറാണോ എന്നും നാട്ടുകാർക്ക് സംശയമായി. എന്തായാലും വികസനത്തിനും മാറ്റത്തിനുമായി വോട്ട് ചോദിച്ചിറങ്ങിയ ഇബ്രാഹിം കുട്ടി ഇനി ഡോക്ടറേറ്റ് വന്ന വഴി കൂടി ജനങ്ങളെ മനസിലാക്കി കൊടുത്തേ മതിയാകൂ എന്ന അവസ്ഥയിലാണ്. 

YouTube video player