Asianet News MalayalamAsianet News Malayalam

പ്രാരാബ്ധമാണോ വിഷയം, ഹരിപ്പാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമോ? വിശദീകരണവുമായി എ എം ആരിഫ്

പ്രാരാബ്ധം മാത്രമാണ്‌ മാനദണ്ഡമെങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് യുഡിഎഫുകാർ വോട്ട് ചെയ്യുമോ എന്നതാണ് ആരിഫിന്‍റെ‌ മുഖ്യചോദ്യം. 

am arif mp on controversy statement against aritha babu
Author
Alappuzha, First Published Apr 5, 2021, 6:51 PM IST

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി എ എം ആരിഫ് എംപി. പ്രാരാബ്ധം മാത്രമാണ്‌ മാനദണ്ഡമെങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് യുഡിഎഫുകാർ വോട്ട് ചെയ്യുമോ എന്നതാണ് ആരിഫിന്‍റെ‌ മുഖ്യചോദ്യം. തൊഴിലാളി വർഗ പ്രസ്ഥാനത്തെ ആക്ഷേപിച്ചില്ല. ക്ഷീര കർഷകൻ ആയാലും കർഷകൻ ആയാലും നിയമസഭയിലേക്ക് മത്സരിക്കാം. എന്നാൽ അതുമാത്രം മാനദണ്ഡം ആകരുത് എന്നാണ് എ എം ആരിഫിന്‍റെ വിശദീകരണം.

കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥിക്കായി കോൺഗ്രസും ചില മാധ്യമങ്ങളും അവരുടെ പ്രാരാബ്ധങ്ങൾ പറഞ്ഞ് വോട്ടാക്കിമാറ്റാനുള്ള കഠിന പരിശ്രമത്തിലാണ്‌. പാൽ വിറ്റ് ഉപജീവനം നടത്തുന്നതിന്‍റെ വാർത്തകളും ചിത്രങ്ങളുമാണ്‌ മുഖ്യ പ്രചരണായുധമാക്കിക്കൊണ്ടിരുന്നത്. പ്രാരാബ്ധമാണ്‌ നിയമസഭ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡവും യോഗ്യതയും എങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി സജിലാൽ ലോട്ടറി വിറ്റ് കിട്ടിയ പണം കൊണ്ട് പഠിച്ചാണ്‌ ബിരുദം എടുത്ത് സംഘടനാരംഗത്ത് ഉയർന്നുവന്നതും ചേർത്തലയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി പ്രസാദ് കർഷക തൊഴിലാളി കുടുംബത്തിൽ നിന്നും പ്രാരാബ്ധങ്ങളുടെ നടുവിൽ നിന്ന് വളർന്നുവന്ന് നേതാവായതും സ്ഥാനാർത്ഥിത്വം ലഭിച്ചതും എന്ന് ആരിഫ് പറയുന്നു.

യുഡിഎഫ് ഇതുപോലെ പ്രാരാബ്ധം അനുഭവിച്ച് വളർന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് പിടിക്കുമോ എന്ന് ചോദിച്ചതിനൊപ്പമാണ്‌ “ഇത് പാൽസൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പല്ല” എന്ന് പറഞ്ഞത്. ഇതിലൂടെ ഏതെങ്കിലും തൊഴിലിനെയോ സ്ഥാനാർത്ഥിയെയോ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് അപവാദ പ്രചരണത്തിന്‍റെ ഭാഗമാണ്‌. പാൽ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി എനിക്ക് തോന്നിയിട്ടില്ല. ക്ഷീരകർഷകനായാലും കർഷകനായാലും നിയമസഭയിലേയ്ക്കും പാൽ സൊസൈറ്റിയിലേയ്ക്കും എല്ലാം മത്സരിക്കാം. പക്ഷെ അത് മാത്രമാണ്‌ മാനദണ്ഡം എന്നാവരുതെന്നാണ്‌ ഉദ്ദേശിച്ചതെന്നും ആരിഫ് എംപി വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് പാൽ സൊസൈറ്റിയിലേക്കല്ല, നിയമസഭയിലേക്ക് ആണെന്ന് യു‍ഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്‍റെ പരിഹാസം. എം പിയുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്നും തൊഴിലാളി സമൂഹത്തെ ആകെ അദ്ദേഹം അപമാനിച്ചെന്നും സ്ഥാനാർത്ഥി അരിത ബാബു പറഞ്ഞു. അതേസമയം, വിവാദ പരാമർശത്തിനെതിരെ നവമാധ്യമങ്ങളി‌ൽ വലിയ വിമർശനമാണ് ഉയരുന്നത്.

കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എൽഡിഎഫിന്‍റെ വനിതാ സംഗത്തിലായിരുന്നു എ.എം. ആരിഫിന്‍റെ വിവാദ പരാമർശം. സ്ഥാനാർഥിയുടെ ജീവിത പ്രാരാബ്ദങ്ങൾ മാത്രമാണ് യുഡിഎഫ് മാനദണ്ഡമായി എടുത്തിട്ടുള്ളത്. ഇത് പാൽ സൊസൈറ്റിലേക്കുള്ള തെരഞ്ഞെടുപ്പല്ല, നിയമസഭിയേലക്കുള്ളതാണെന്ന് ഓർക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആരിഫ് പറഞ്ഞു. തന്‍റെ തൊഴിലിനെയും കുടുംബത്തെയും അപമാനിച്ചുള്ള എംപിയുടെ പ്രസംഗം ഏറെ വേദിനിപ്പിച്ചെന്ന് അരിത ബാബു.

ആരിഫിന്‍റെ പരാമർശത്തിൽ വലിയ വിമർശനമാണ് നവമാധ്യമങ്ങളിൽ ഉയരുന്നത്. എം പി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ആരിഫിന്‍റെ വിവാദ പരാമർശം ഇടത് ക്യാമ്പിനെ വലിയ പ്രതിരോധത്തിലാക്കി.

Follow Us:
Download App:
  • android
  • ios