Asianet News MalayalamAsianet News Malayalam

'മുഖ്യസാക്ഷിയുടെ ദുരൂഹമരണം അന്വേഷിച്ചോ?, 6 ചോദ്യങ്ങൾക്ക് ഉത്തരം തരൂ', പിണറായിയെ വെല്ലുവിളിച്ച് അമിത്ഷാ

 

എന്തെങ്കിലും വിളിച്ചുപറയാതെ മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നാണ് വെല്ലുവിളി

amit shah questioning pinarayi vijayan in dollar case and gold smuggling case
Author
Thiruvananthapuram, First Published Mar 7, 2021, 10:14 PM IST

തിരുവനന്തപുരത്ത്: സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും 6 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത്ഷാ. കേസിലെ മുഖ്യസാക്ഷിയുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്ന പുതിയ ആരോപണവും കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നയിച്ചു. കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രിക്ക് കീഴിലായിരുന്നില്ലേ ജോലി എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയർത്തിയാണ് ശംഖുമുഖത്ത് വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ പിണറായിയെ അമിത്ഷാ കടന്നാക്രമിച്ചത്.

ശരിയോ തെറ്റോ എന്ന് അടുത്ത ദിവസം തന്നെ മറുപടി പറയണമെന്നാവശ്യപ്പെട്ടാണ് പിണറായിയോടുള്ള അമിത്ഷായുട ചോദ്യങ്ങൾ. കേസിൽ ആരോപണവിധേയയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ നിത്യസന്ദ‌ർശകയായിരുന്നില്ലേ. സ്വർണ്ണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെട്ടില്ലേ, ആരോപണ വിധേയയെ മുഖ്യമന്ത്രിയുടെ പ്രധാന സെക്രട്ടറി വ്യാജബിരുദ സർട്ടിഫിക്കറ്റിൽ പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളത്തിൽ നിയമിച്ചില്ലേ തുടങ്ങിയവയാണ് ചോദ്യങ്ങൾ.

ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ അടങ്ങിയ ചോദ്യവും അമിത് ഷാ നടത്തിയത്. സ്വർണ്ണക്കടതത്ത് വിവാദത്തിൽ പ്രധാനസാക്ഷിയായ ഒരാളുടെ മരണത്തെ കുറിച്ച് ഇതുവരെ ആരോപണം ഉയർന്നിരുന്നില്ല. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുമ്പോൾ ഏജൻസികളിടെ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യമെന്നാണ് ഷായുടെ മറുപടി.

എന്തെങ്കിലും വിളിച്ചുപറയാതെ മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നാണ് വെല്ലുവിളി. യുഡിഎഫിന് സോളാറിലാണ് താല്പര്യമെങ്കിൽ എൽഡിഎഫിന് ഡോളർകടത്തിലാണെന്നാണ് വിമർശനം. ബിജെപിക്ക് ഒരവസരം നൽകിയാൽ മോദിക്ക് കീഴിൽ കേരളത്തെ നമ്പർ വൺ സംസ്ഥാനമാക്കുമെന്നാണ് വാഗ്ദാനം. മോദി ഫാക്ടറിൽ വോട്ട് തേടാനായി പുതിയ കേരളം മോദിക്കൊപ്പം എന്ന എൻഡിഎ പ്രചാരണ വാചകം ഷാ പുറത്തിറക്കി. ശബരിമല ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകണമെന്നും ഷാ പറഞ്ഞു. ശംഖമുഖത്തെ വേദിയിൽ ഷാക്കൊപ്പം താരപരിവേഷത്തിൽ മെട്രോമാൻ ഇ ശ്രീധരൻ ഉണ്ടായിരുന്നു. സുരേന്ദ്രന്‍റെ യാത്രയുടെ സമാപനവേദിയിൽ നടൻ ദേവൻ, നടി രാധയും ഭർത്താവ് രാജശേഖരൻ നായരും മുൻ കെപിസിസി സെക്രട്ടരി പന്തളം പ്രതാപനും ബിജെപിയിൽ ചേർന്നു.

Follow Us:
Download App:
  • android
  • ios