തൃശ്ശൂർ: തൃശ്ശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മന്ത്രി വിഎസ് സുനില്‍കുമാർ മത്സരത്തിന് ഇല്ലെങ്കില്‍ പകരം ആരെന്ന സജീവമായ ചര്‍ച്ചയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. യുഡിഎഫ് പട്ടികയില്‍ പത്മജ വേണുഗോപാൽ, ടി.വി. ചന്ദ്രമോഹൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സുരേഷ് ഗോപിയോ മുൻ ഡിജിപി ജേക്കബ് തോമസോ ബിജെപിക്കായി മത്സരിച്ചേക്കും.

പൂരത്തിനായി കാത്തിരിക്കുന്ന അതേ ആവേശത്തോടെയാണ് തൃശൂര്‍കാര്‍ ഇത്തവണ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നത്. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ 6000 ത്തിലധികം വോട്ടിൻറെ ഭൂരിപക്ഷത്തോടെ നേടിയ അട്ടിമറി ജയത്തോടെ തൃശൂര്‍ സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട മണ്ഡലമായിമാറി കഴിഞ്ഞു. 2019 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ തൃശൂർ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയതിൻറ ഞെട്ടല്‍ ഇടതുക്യാമ്പിന് ഇതുവരെ വിട്ടുപോയിട്ടില്ല. അതിനാല്‍ തീര്‍ത്തും ജനകീയനായ സുനില്‍ കുമാറിനെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് സിപിഎം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ തുടർച്ചയായി മൂന്നു വട്ടം മത്സരിച്ച സുനില്‍ കുമാറിന് വീണ്ടും മത്സരിക്കാൻ അനുമതി നല്‍കുന്നത് സംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.അങ്ങനെയെങ്കില്‍ സുനില്‍ കുമാറിന് പകരം എടുത്തുപറയാൻ സിപിഐയില്‍ ആരുണ്ടെന്നതാണ് ചോദ്യം. സിപിഐ ജില്ല സെക്രട്ടറി കെ വത്സരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം പി ബാലചന്ദ്രൻ എന്നിവരുടെ പേരുകളാണ് പരിഗണനാ പട്ടികയിലുളളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു ശേഷവും തൃശൂരില്‍ സജീവമായ പത്മജ വേണുഗോപാലിനാണ് യുഡിഎഫ് പട്ടികയില്‍ പ്രഥമ പരിഗണന. കഴിഞ്ഞ 5 വര്‍ഷവും തൃശൂരില്‍ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്ന പത്മജയ്ക്കൊപ്പമാണ് കോണ്‍​ഗ്രസ് തൃശൂര്‍ ജില്ലാ നേതൃത്വവും. മുൻ എംഎൽഎ ടി വി ചന്ദ്രമോഹനെ പരിഗണിക്കാനും സാധ്യതയേറെയാണ്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിനെ ഇളക്കി മറിച്ച സുരേഷ് ഗോപിയെ വേണമെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിൻെ താത്പര്യം. ജയിക്കാനായില്ലെങ്കിലും രണ്ടാം സ്ഥാനത്തെത്തിയതാണ് ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.അതെയസമയം മുൻ ഡിജിപി ജേക്കബ് തോമസിനെ തൃശൂരിലേക്ക് പരിഗണിച്ചാലോയെന്നും ആലോചനയുണ്ട്. അതിരൂപത ആസ്ഥാനത്ത് എത്തി ജേക്കബ് തോമസ് പിന്തുണ തേടുകയും ചെയ്തിട്ടുണ്ട്. ജേക്കബ് തോമസിൻറെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.