ദില്ലി: സംസ്ഥാനത്ത് ബിജെപി മത്സരിക്കുക 115 സീറ്റുകളിൽ. സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും സ്ഥാനർത്ഥികളാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. തൃശ്ശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപി തൃശൂർ മത്സരിച്ചാൽ തിരുവന്തപുരത്ത് കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. 

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിപട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. മത്സരിക്കുന്ന കാര്യത്തിൽ വിമുഖത കാട്ടിയ സുരേഷ് ഗോപിയുമായി ദേശീയ നേതാക്കൾ സംസാരിച്ചു. 

അതേ സമയം കഴക്കൂട്ടെത്തെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇത് വരെ തീരുമാനം ആയില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും കളത്തിലിറങ്ങുന്ന കഴക്കൂട്ടം ബിജെപി ഇത്തവണ വിജയസാധ്യത കൽപിക്കുന്ന മണ്ഡലം കൂടിയാണ്. തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം കേരള നേതാക്കളുടെയും ദേശീയ നേതാക്കളുടെയും യോഗം വീണ്ടും ചേരും. ഉച്ചക്ക് 12 മണിക്കാണ് യോഗം. 

കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കോഴിക്കോട് നോർത്തിൽ എം ടി രമേശ്, ഇരിങ്ങാലക്കുടയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ്, ധർമ്മടത്ത് സി കെ പദ്മനാഭൻ, കോന്നിയിൽ കെ സുരേന്ദ്രൻ, നേമത്ത് കുമ്മനം രാജശേഖരൻ തുടങ്ങിയ പേരുകളാണ് ബിജെപിയുടെ സാധ്യതാ പട്ടികയിലുള്ളത്. കേന്ദ്ര മന്ത്രി വി മുരളീധരൻ മത്സരിക്കണോയെന്നതിൽ അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്‍റേതാകുമെങ്കിലും മത്സരിച്ചേക്കില്ലെന്നാണ് സൂചന. 

നേമത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കുമ്മനം രാജശേഖരൻ വട്ടിയൂക്കാവ് മണ്ഡലത്തിലെ സാധ്യതാ പട്ടികയിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കുറിച്ചാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്.