Asianet News MalayalamAsianet News Malayalam

കളമറിഞ്ഞ് കരുനീക്കാൻ ബിജെപി; കെ സുരേന്ദ്രനും സുരേഷ് ഗോപിയും പട്ടികയിൽ, നേമത്ത് കുമ്മനം ഉറപ്പില്ല

നേമത്ത് കോൺഗ്രസിന് കരുത്തനായ സ്ഥാനാര്‍ത്ഥി എത്തിയാൽ കുമ്മനത്തെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റണോ എന്ന കാര്യത്തിലടക്കം ആലോചനയും നിലവിലുണ്ട്. 

bjp meeting to discuss candidate list
Author
Trivandrum, First Published Mar 11, 2021, 11:57 AM IST

തിരുവനന്തപുരം: എതിരാളികളാരെന്ന് അറിഞ്ഞു മതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന ധാരണയിൽ ബിജെപി. പ്രതീക്ഷ ഏറെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിഞ്ഞ ശേഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്. വട്ടിയൂര്‍കാവിലും ബിജെപി സിറ്റിംഗ് സീറ്റായ നേമത്തും സര്‍ജിക്കൽ സ്ട്രൈക്കിന് കോൺഗ്രസ് കോപ്പുകൂട്ടുന്നു എന്ന വാര്‍ത്തകൾ സജീവമായി നിലനിൽക്കുന്നുണ്ട്. നേമത്ത് കോൺഗ്രസിന് കരുത്തനായ സ്ഥാനാര്‍ത്ഥി എത്തിയാൽ കുമ്മനത്തെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റണോ എന്ന കാര്യത്തിലടക്കം ആലോചനയും നിലവിലുണ്ട്. 

വിജയസാധ്യത കൽപ്പിക്കപ്പെടുന്ന മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മത്സരത്തിനുണ്ടാകുമെന്നാണ് വിവരം. എ പ്ലസ് സീറ്റിൽ അതും തൃശ്ശൂരിൽ തന്നെ മത്സരത്തിനിറങ്ങണമെന്ന ആവശ്യം സുരേഷ് ഗോപിക്ക് മുന്നിൽ കേന്ദ്ര നേതൃത്വം ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം തുടരുകയുമാണ്. 

നേമം വട്ടിയൂര്‍കാവ് കഴക്കൂട്ടം കോന്നി മഞ്ചേശ്വരം തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കരുതലോടെ മാത്രമെ ഉണ്ടാകു എന്നാണ് പാര്‍ട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തെരഞ്ഞെടുപ്പ് സാഹചര്യവും സ്ഥാനാര്‍ത്ഥി സാധ്യതകളും തൃശ്ശൂരിൽ ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യുകയാണ്. മണ്ഡലത്തിൽ ഒന്ന് മുതൽ മൂന്ന് പേരടങ്ങുന്ന പാനലിനാകും രൂപം നൽകുക. അതിന് ശേഷം പട്ടികയുമായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ദില്ലിക്ക് തിരിക്കും. പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Follow Us:
Download App:
  • android
  • ios