Asianet News MalayalamAsianet News Malayalam

സിപിഎമ്മിൽ പൊട്ടിത്തെറി: കുറ്റ്യാടിയിലും പൊന്നാനിയിലും പ്രവര്‍ത്തകരുടെ പരസ്യപ്രതിഷേധം

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ പ്രാദേശികമായി പല എതിര്‍പ്പുകളുമുണ്ടായിട്ടും ഇത്രയും ശക്തമായൊരു പ്രതിഷേധമുണ്ടായത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. 

blast in CPIM over candidate list
Author
Kozhikode, First Published Mar 8, 2021, 7:48 PM IST

കോഴിക്കോട്/മലപ്പുറം: സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും ഔദ്യോഗികമായി പൂർത്തിയാവും മുൻപ് സിപിഎമ്മിൻ്റെ കീഴ്ഘടകങ്ങളിൽ വൻപൊട്ടിത്തെറി. കുറ്റ്യാടിയിലും പൊന്നാനിയിലും ഇന്ന് സിപിഎം  പ്രവർത്തകർ പരസ്യപ്രതിഷേധവുമായി രംഗത്ത് എത്തി. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് രണ്ടിടത്തും പരസ്യപ്രതിഷേധത്തിന് ഇറങ്ങിയത്. ഏരിയ സെക്രട്ടറി ടി.എം.സിദ്ധീഖിനെ തള്ളി പി.നന്ദകുമാറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതാണ് പൊന്നാനിയിൽ പൊട്ടിത്തെറിക്ക് കാരണമായതെങ്കിൽ സിപിഎം മത്സരിച്ചു പോരുന്ന കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടു കൊടുത്തതാണ് അവിടെ പ്രശ്നങ്ങൾക്ക് കാരണമായത്. 

സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പൊന്നാനിയിൽ പാർട്ടി പാതകയുമായി ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ പൊന്നാനിക്ക് വേണ്ടെന്ന മുദ്രാവാക്യങ്ങളുമായാണ് സിപിഎം പ്രവർത്തകർ പൊന്നാനി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. 

പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശികമായി എതിർപ്പുണ്ടായിരുന്നുവെങ്കിലും ഇത്രയും ശക്തമായൊരു പ്രതിഷേധമുണ്ടായത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടതുജനാധിപത്യ മുന്നണിയുടെ പരസ്യപ്രചാരണത്തിന് തുടക്കമിട്ടു കൊണ്ട് മുഖ്യമന്ത്രി പിണറായി പഞ്ചായത്തിലെ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ അതേ സമയത്താണ് പൊന്നാനിയിൽ പ്രതിഷേധം ആരംഭിച്ചതും. പൊന്നാനിയെ കൂടാതെ സിപിഎം സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടു കൊടുത്ത കുറ്റ്യാടിയിലും സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്. 

രണ്ട് തവണ മത്സരിച്ച സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ മാറ്റിയാണ് സിപിഎം പി.നന്ദകുമാറിനെ പൊന്നാനിയിൽ സ്ഥനാർത്ഥിയായി നിശ്ചയിച്ചത്. എന്നാൽ സിപിഎം പൊന്നാനി ഏരിയ സെക്രട്ടറി ടി.എം.സിദ്ധീഖിനെ ഇവിടെ മത്സരിപ്പിക്കണം എന്നായിരുന്നു കീഴ്ഘടകങ്ങളുടെ ആവശ്യം. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ ആദ്യം ഏരിയ കമ്മിറ്റിയിലും പിന്നീട് ജില്ലാ കമ്മിറ്റിയിലും ടി.എം.സിദ്ധീഖിൻ്റെ പേരാണ് പ്രാദേശിക നേതാക്കൾ ഉയർന്നു കേട്ടത്. 

എന്നാൽ സ്ഥാനാർത്ഥി ചർച്ചകൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ സിഐടിയു ദേശീയ ഭാരവാഹി പി.നന്ദകുമാർ പൊന്നാനിയിൽ മത്സരിക്കട്ടേയെന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വം എടുത്തത്.  ഈ തീരുമാനം ജില്ലാ കമ്മിറ്റിയുടെ പരിഗണനയ്ക്കായി എത്തിയപ്പോഴും പ്രാദേശിക നേതൃത്വം കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പി.നന്ദകുമാർ പൊന്നാനിയിൽ മത്സരിക്കട്ടേയെന്ന നിലപാടാണ് സ്വീകരിച്ചത്. 

2011-ൽ പാലോളി മുഹമ്മദ് കുട്ടി മത്സരരംഗത്ത് നിന്നും മാറിയപ്പോൾ തന്നെ ടി.എം.സിദ്ധീഖിൻ്റെ പേര് സിപിഎം പ്രവർത്തകർ മുന്നോട്ട് വച്ചിരുന്നുവെങ്കിലും അന്ന് പെരിന്തൽമണ്ണയിൽ നിന്നും ശ്രീരാമകൃഷ്ണൻ വന്നാണ് മത്സരിച്ചതെന്നും പത്ത് വർഷം കഴിഞ്ഞ് ഇപ്പോൾ അവസരം വന്നിട്ടും പാർട്ടി ടി.എം.സിദ്ധീഖിന് സീറ്റ് നിഷേധിച്ചത് വലിയ തെറ്റാണെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ടി.എം.സിദ്ധീഖിനെ തുടർച്ചയായി പാർട്ടി അവഗണിക്കുകയാണെന്നും പൊന്നാനിയിൽ ഒരു സാധ്യതയുമില്ലാത്ത സ്ഥാനാർത്ഥിയാണ് നന്ദകുമാറെന്നും പ്രതിഷേധക്കാർ വാദിക്കുന്നു.  2006-ൽ വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ സമാനമായ രീതിയിൽ സിപിഎം പ്രവർത്തകർ റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. 

സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പൊന്നാനിക്ക് പുറമേ കോഴിക്കോട് കുറ്റ്യാടിയിലും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ റോഡിലിറങ്ങി. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടു നൽകാനുള്ള പാർട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവുമായിട്ടാണ് കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകർ റോഡിലിറങ്ങിയത്. വർഷങ്ങളായി സിപിഎം മത്സരിച്ചു പോരുന്ന സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകാൻ തീരുമാനിച്ചതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. 

കഴിഞ്ഞ ദിവസവും ഇതേചൊല്ലി പ്രവർത്തകർ നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൂടി കഴിഞ്ഞതോടെ പ്രതിഷേധം അണപൊട്ടുകയായിരുന്നു. കോഴിക്കോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കെ.പി.കുഞ്ഞമ്മദ് മാസ്റ്ററെയാണ് നേരത്തെ സിപിഎം ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാൽ ചർച്ചകളുടെ അവസാന ഘട്ടത്തിൽ ഈ സീറ്റ് ജോസ് വിഭാഗത്തിന് നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ തിരുവമ്പാടി സീറ്റാണ് ജോസ് മാണി വിഭാഗത്തിന് നൽകാൻ പാർട്ടി ആലോചിച്ചിരുന്നത്. 

തിരുവമ്പാടി ഒഴിവാക്കി നീണ്ടകാലമായി സിപിഎം ജയിച്ചു പോന്നിരുന്ന സീറ്റ് വിട്ടു കൊടുത്തതിന് പിന്നിൽ പാർട്ടിക്കുള്ളിലെ ചില കളികളാണ് എന്ന വിമർശനം പ്രവർത്തകർക്കുണ്ട്. കെ.പി.കുഞ്ഞമ്മദ് മാസ്റ്ററെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നീക്കമെന്നാണ് അവർ കരുതുന്നത്. 

കുറ്റ്യാടിയിലെ പ്രതിഷേധം പരിഹരിക്കാൻ കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റിയിൽ ​യോ​ഗം ചേർന്നിരുന്നു. കുറ്റ്യാടി സീറ്റ് വിട്ടു കൊടുത്താൽ സീറ്റ് നഷ്ടപ്പെടാനും സമീപ മണ്ഡലങ്ങളിലും പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കാനും അതു കാരണമാകുമെന്ന് കീഴ്ഘടകങ്ങളിലെ നേതാക്കൾ യോ​ഗത്തെ അറിയിച്ചിരുന്നുവെന്നാണ് സൂചന. 
 

Follow Us:
Download App:
  • android
  • ios