തുടര്‍ച്ചയായി ഒൻപത് തവണ കേരളാ കോണ്‍ഗ്രസിന്‍റെ സിഎഫ് തോമസിനെ മാത്രം ജയിപ്പിച്ച മണ്ഡലമാണ് ചങ്ങനാശേരി. സിഎഫിന്‍റെ മരണശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരിയില്‍ ആരാകും യുഡിഎഫിനായി കളത്തിലിറങ്ങുക? 

കോട്ടയം: ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസിന് വിട്ട് നൽകില്ലെന്ന് അന്തരിച്ച എംഎൽഎ സി എഫ് തോമസിന്‍റെ സഹോദരൻ. മണ്ഡലത്തില്‍ ഇക്കുറി താനാകും മത്സരിക്കുകയെന്നും സാജൻ ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരിക്കൂറില്‍ നിന്ന് മടങ്ങിയെത്തുന്ന കെ സി ജോസഫിന് വേണ്ടി ചങ്ങനാശേരി ഏറ്റെടുക്കാൻ കോണ്‍‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് സിഎഫിന്‍റെ സഹോദരന്‍റെ പ്രതികരണം.

തുടര്‍ച്ചയായി ഒൻപത് തവണ കേരളാ കോണ്‍ഗ്രസിന്‍റെ സിഎഫ് തോമസിനെ മാത്രം ജയിപ്പിച്ച മണ്ഡലമാണ് ചങ്ങനാശേരി. സിഎഫിന്‍റെ മരണശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരിയില്‍ ആരാകും യുഡിഎഫിനായി കളത്തിലിറങ്ങുക? കെഎം മാണിക്കൊപ്പം നിന്നിരുന്ന സിഎഫ്, മാണിയുടെ മരണ ശേഷം ജോസഫിനൊപ്പം പോയി. സീറ്റ് വിട്ട് കൊടുക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച ജോസഫ് പക്ഷം ഇരിക്കൂറില്‍ നിന്ന് കെഎസി ജോസഫ് ചങ്ങനാശേരിയിലേക്ക് വരുന്നെന്ന് അറിഞ്ഞതോടെ ഒന്നയഞ്ഞു. പക്ഷേ സിഎഫ് തോമസിന്‍റെ കുടുംബം ചങ്ങനാശേരി ആര്‍ക്കും വിട്ട് കൊടുക്കാൻ തയ്യാറല്ല. ഒരു പടികൂടി കടന്ന് താനാകും സ്ഥാനാര്‍ത്ഥിയെന്ന് സിഎഫിന്‍റെ സഹോദരൻ സാജൻ ഫ്രാൻസിസ് പ്രഖ്യാപിക്കുന്നു.

ഒരു വശത്ത് സാജനും മറുവശത്ത് കെസി ജോസഫും നിലയുറപ്പിച്ചതിനാല്‍ ചങ്ങനാശേരി ആര്‍ക്ക് കൊടുക്കണമെന്നത് യുഡിഎഫിന് തലവേദനയുണ്ടാക്കും. ജോസഫ് വിഭാഗത്തിനും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടി വരും.സിഎഫ് തോമസിന്‍റെ മകളും സീറ്റിനായി അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം.ചങ്ങനാശേരിയില്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.