കണ്ണൂർ: തളിപ്പറമ്പിൽ വ്യാപക കളളവോട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ആന്തൂരിൽ സ്ഥാനാർത്ഥിക്ക് പോലും ബൂത്തുകളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും അബ്ദുൾ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം തളിപറമ്പ്  വേശാല 174 നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റ് ഷംസുദ്ദീന്റെ നേരെ മുളക് പൊടി എറിഞ്ഞതായി പരാതിയുണ്ട്.

അതേസമയം മണ്ഡലത്തിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന സിപിഎം നേതാവുമായ എംവി ഗോവിന്ദൻ മാഷ് വ്യക്തമാക്കി. കെ സുധാകരൻ ഉൾപ്പടെയുള്ളവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ചെറിയൂരിൽ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. അവർ റിട്ടേണിംഗ് ഓഫീസറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വർഗ്ഗീയ ധ്രുവീകരണം നടത്താനാണ് യുഡിഎഫ് ശ്രമിച്ചത്. സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് ബോധപൂർവ്വം ശ്രമം. അയ്യങ്കോലിൽ ഉണ്ടായ  സംഘർഷവും ആസൂത്രിതമാണ്. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.