ബിജെപി നൽകിയ പണം സികെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് കെ സുരേന്ദ്രനെതിരായ വയനാട്ടിലെ കേസിലെ പരാതിക്കാരൻ പി കെ നവാസ് ആരോപിച്ചിരുന്നു. എന്നാലിത് വാഹനം വാങ്ങാൻ കടം വാങ്ങിയ പണമാണെന്ന് സി കെ ജാനു. 

വയനാട്: വയനാട്ടിലെ മുൻ എംഎൽഎ സി കെ ശശീന്ദ്രന് നൽകിയത് കടം വാങ്ങിയ പണമാണെന്നും, ഇത് കോഴയായി കിട്ടിയതല്ല, കൃഷി ചെയ്ത് കിട്ടിയതാണെന്നും സി കെ ജാനു. സ്ഥാനാർത്ഥിയാകാൻ ബിജെപി നൽകിയ കോഴപ്പണം സി കെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് കെ സുരേന്ദ്രനെതിരായ വയനാട്ടിലെ കേസിലെ പരാതിക്കാരൻ പി കെ നവാസ് ആരോപിച്ചിരുന്നു. എന്നാലിത് വാഹനം വാങ്ങാൻ കടം വാങ്ങിയ പണമാണെന്ന് സി കെ ജാനു പറയുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു. 

കോടതി ഉത്തരവനുസരിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മൊഴി രേഖപ്പെടുപ്പെടുത്തിയപ്പോഴാണ് എംഎസ്എഫ് സംസ്ഥാനപ്രസിഡണ്ട് കൂടിയായ പി കെ നവാസ് നാലര ലക്ഷം രൂപ ജാനു സിപിഎമ്മിന് നൽകിയതായി ആരോപിച്ചത്. മുൻ എംഎൽഎ സികെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകി എന്നാണാരോപണം.

വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നൽകാനുണ്ടായിരുന്ന പണവും ജാനു നൽകിയതായി നവാസിന്‍റെ മൊഴിയിലുണ്ട്. എന്നാൽ 2019-ൽ വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപാ വാങ്ങിയിരുന്നതായി സി കെ ശശീന്ദ്രൻ വ്യക്തമാക്കി. അതിൽ ബാക്കിയുള്ള ഒന്നരലക്ഷം രൂപയാണ് മാർച്ചിൽ തിരികെ നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സി കെ ശശീന്ദ്രന്റെ വെളിപ്പെടുത്തൽ ജാനുവിനെ വെട്ടിലാക്കി. ജാനുവിന്‍റെ കൈവശം പണമെത്തിയിരുന്നു എന്ന് തെളിയുന്നതോടെ സുരേന്ദ്രൻ നൽകിയ പണമാണെന്ന സൂചനയാണ് ശക്തമാകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ് പണം ശശീന്ദ്രന് നൽകിയതെന്ന കാര്യവും ശ്രദ്ധേയമാണ്. 

YouTube video player