Asianet News MalayalamAsianet News Malayalam

മോദിയുടെ ശരണം വിളിയെ പരിഹസിച്ച് മുഖ്യമന്ത്രി; കരുതലോടെ പ്രതികരിച്ച് കടകംപള്ളി

മോദിയുടെ നടപടിയെ പരിഹസിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായപ്പോൾ കരുതലോടെയുള്ള പ്രതികരണമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാ​ഗത്തു നിന്ന് ഉണ്ടായത്. ഇന്നലെ കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു മോദിയുടെ ശരണം വിളി. ശബരിമലയിലെ പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിച്ചത് ദേവസ്വം മന്ത്രിയാണെന്നും മോദി പറഞ്ഞിരുന്നു. 
 

cm pinarayi kadakampally reaction to modi statement on sabarimala issues
Author
Thiruvananthapuram, First Published Apr 3, 2021, 11:46 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശരണം വിളിയിൽ ചൂട് പിടിച്ച് വീണ്ടും ശബരിമല ചർച്ച. മോദിയുടെ നടപടിയെ പരിഹസിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായപ്പോൾ കരുതലോടെയുള്ള പ്രതികരണമായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാ​ഗത്തു നിന്ന് ഉണ്ടായത്. ഇന്നലെ കോന്നിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു മോദിയുടെ ശരണം വിളി. ശബരിമലയിലെ പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിച്ചത് ദേവസ്വം മന്ത്രിയാണെന്നും മോദി പറഞ്ഞിരുന്നു. 

പ്രധാനമന്ത്രി  നേരത്തെ ഇവിടെ വന്ന് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടല്ലോ. അക്കാര്യങ്ങൾ ഓർത്തായിരിക്കും മോദി ശരണംവിളിച്ചത്. ഇങ്ങനെയായിരുന്നു  മോദിയുടെ ശരണം വിളിയെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കണ്ണൂരിൽ മാധ്യമങ്ങളെക്കണ്ട പിണറായി മോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനങ്ങളാണ് ഉയർത്തിയത്. കോൺഗ്രസ് സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ തവണ നേമത്ത് ബിജെപി ജയിച്ചത്. ആ അക്കൗണ്ട് എൽഡിഎഫ് ഇത്തവണ ക്ലോസ് ചെയ്യും. പ്രധാനമന്ത്രി അടക്കം വന്നിട്ടും  സംഘപരിവാറിന് ഇവിടെ സ്വാധീനമുറപ്പിക്കാൻ കഴിയാതിരുന്നത് ഇടതുപക്ഷം ശക്തമായത് കൊണ്ടാണ്. വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കാൻ കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. എന്നാൽ വികസനത്തിന് കേന്ദ്രം തുരങ്കം വെക്കുകയാണ്. അങ്ങനെയുള്ളവർ ഇവിടെ വന്ന് വികസന പ്രസംഗം നടത്തിയാൽ ജനം അത് തിരിച്ചറിയും. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തെ മോദി സൊമാലിയയോട് ഉപമിച്ചത് ആരും മറന്നിട്ടുണ്ടാവില്ല. കേരളത്തെ എപ്പോഴും ഇകഴ്ത്തി കാട്ടാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വർഗീയതക്ക് കീഴ്പ്പെടുന്നില്ല എന്നതാണ് കേരളത്തിൻ്റെ പ്രത്യേകത. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം, ശിക്ഷിക്കാം എന്നാണ് അവരുടെ നിലപാട്. അതിനുള്ള ശ്രമമാണ് സംഘപരിവാർ എല്ലാ കാലത്തും നടത്തിയത്. മത്സ്യത്തൊഴിലാളികൾ ത്യാഗനിർഭരമായി പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം തന്ന അരിക്ക് പോലും അണ പൈ കണക്ക്  പറഞ്ഞ് കേന്ദ്രം വാങ്ങി. സഹായത്തിന് മുന്നോട്ട് വന്ന രാജ്യങ്ങളെ അതിനനുവദിച്ചില്ല. സഹായിക്കാൻ തയ്യാറാവരെ പോലും വിലക്കി. ഇങ്ങനെ ഉള്ളവർ ഇവിടെ വന്ന് സംസാരിക്കുമ്പോൾ ആളുകൾ അത് തിരിച്ചറിയുമെന്നും പിണറായി പറഞ്ഞു. 

മോദിയുെട കോൺ​ഗ്രസ് കോമ്രേഡ് പാർട്ടി പരാമർശത്തിനെതിരെയും പിണറായി പ്രതികരിച്ചു. കോൺഗ്രസും ബിജെപിയുമാണ് ഇരട്ട സഹോദരങ്ങൾ. കോൺഗ്രസിനെ ജയിപ്പിച്ച എത്ര സംസ്ഥാനങ്ങളാണ് ബിജെപിക്ക് കാഴ്ച വച്ചത്.കേരളത്തെ അങ്ങനെ  മാറ്റാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ശബരിമല സംബന്ധിച്ച പ്രധാനമന്ത്രിയുടെ വിമർശനങ്ങളെ കരുതലോടെ  പരിഹസിച്ചായിരുന്നു മന്ത്രി  കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ലോകത്തോട് തന്നെക്കുറിച്ച് പറഞ്ഞതിൽ സന്തോഷം മാത്രമേയുളളുവെന്നും പ്രധാനമന്ത്രിക്ക് മറുപടി പറയാൻ മാത്രം താൻ വളർന്നിട്ടില്ലെന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം. 

അധികാരത്തിലെത്തിയാൽ നടത്തുമെന്ന് പ്രഖ്യാപിച്ച ശബരിമലയിലെ നിയമനിർമ്മാണത്തെക്കുറിച്ച് അദ്ദേഹം മിണ്ടാതിരുന്നത് എന്ത് കൊണ്ടാണെന്നും കടകംപള്ളി ചോദിച്ചു. ശബരിമല ശാന്തമാണെന്ന് അവകാശപ്പെട്ട കടകംപള്ളി 2019 എറ്റവും കൂടുതൽ നടവരുമാനമുണ്ടായ വർഷമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എല്ലാ മാസ പൂജകളും ഭംഗിയായി നടക്കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. കൂടിയാലോചനകൾക്ക് ശേഷമേ വിധി നടപ്പാക്കൂവെന്നും വിശ്വാസ സമൂഹത്തെ വിശ്വാസത്തിലെടുത്ത ശേഷമേ തീരുമാനമുണ്ടാകൂവെന്നും ദേവസ്വം മന്ത്രി ആവർത്തിച്ചു. 

ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്നും ആക്രമികൾ ആരായിരുന്നുവെന്ന് എല്ലാവർക്കുമറിയാമെന്നും പറഞ്ഞ കടകംപള്ളി വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും പറഞ്ഞു. വസ്തുതകൾ ഇതായിരിക്കേ വോട്ട് തട്ടാൻ ശ്രമിക്കുകയാണെന്നാണ് കടകംപള്ളി പറയുന്നത്. കേസുകൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്, ആരാധാനലയങ്ങളുടെ സൗകര്യം വർദ്ധിപ്പിക്കാൻ ഏറ്റവും കൂടുതൽ പണം അനുവദിച്ചത് പിണറായി സർക്കാരാണ്. കഴക്കൂട്ടത്ത് മാത്രം 60 കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും ദേവസ്വം മന്ത്രി അവകാശപ്പെട്ടു.

Follow Us:
Download App:
  • android
  • ios