Asianet News MalayalamAsianet News Malayalam

കാട്ടായിക്കോണം മുതൽ തളിപ്പറമ്പ് വരെ, സംഘർഷം, ഏറ്റുമുട്ടല്‍, ആരോപണം, പ്രത്യാരോപണം; സംഭവബഹുലമായൊരു വോട്ടെടുപ്പ്

ആറന്മുള മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയും ഉയര്‍ന്നു. ബൂത്ത് സന്ദർശനത്തിനിടെ ആറാട്ടുപുഴയിൽ വെച്ചാണ് അതിക്രമം നടന്നത്. കോൺഗ്രസ്- ബിജെപി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

conflict and arguments on polling day
Author
Trivandrum, First Published Apr 6, 2021, 6:40 PM IST

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തിലും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുവില്‍ സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ആരോപണ പ്രത്യാരോപണങ്ങള്‍ കടുപ്പിക്കുകയും ചെയ്തു. കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘർഷമുണ്ടായി. കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് സിപിഎം ആരോപിച്ചു. രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനവും തല്ലിത്തകർത്തു. വാഹനം മാറ്റാനുളള പൊലിസീന്‍റെ ശ്രമം സിപിഎം പ്രവർത്തകർ തടഞ്ഞു.

ഇവിടെ തങ്ങളുടെ ബൂത്ത് ഏജന്‍റുമാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചെന്ന് ബിജെപി പരാതി നൽകിയിരുന്നു. രാവിലെ ബൂത്ത് ഏജന്‍റുമാരായ സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് ബിജെപി ആരോപിച്ചത്. തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കുകയായിരുന്നു. ബിജെപിയുടെ പ്രധാനനേതാക്കൾ സ്ഥലത്തേക്ക് എത്തിയിരുന്നു. കഴക്കൂട്ടം ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലത്തെത്തി. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തിയത്. 

കാട്ടായിക്കോണത്ത് നേരത്തെയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്സ് ബോര്‍ഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പരാതികൾ നൽകിയിട്ടുണ്ട്. കടംപള്ളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. 

പോളിങ്ങിനെത്തിയ കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകർ അസഭ്യ വർഷം നടത്തി. ഷാജി മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. കെ എം ഷാജിയാണ് ആ​ദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു. വൈകിട്ട് നാലരയ്ക്കാണ് സംഭവം നടന്നത്. താൻ എത്തിയപ്പോൾ മുതൽ സിപിഎം പ്രവർത്തകർ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഷാജി പറയുന്നത്. 

ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന് കുണ്ടറ എൽഡിഎഫ് സ്ഥാനാർത്ഥി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു. സ്ഥാനാർത്ഥി കൂടിയായ ഷിജു വർഗീസാണ് അട്ടിമറിക്ക് ശ്രമിച്ചതെന്നും ഇന്നോവ കാറിൽ പെട്രോളുമായി എത്തി അയാളെ ആരോ കത്തിക്കുമെന്ന് പറയുകയായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. ഇയാളുടെ കാറിൽ നിന്നും ഇന്ധനം കണ്ടെടുത്തെന്നും ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ കാറിലെത്തിയ ഒരു സംഘം തന്നെ ബോംബെറിഞ്ഞ് അപായപെടുത്താൻ ശ്രമിച്ചുവെന്നും ആരാണ് പിന്നിലെന്ന് അറിയില്ലെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. തന്‍റെ കാറിൽ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന രീതിയിൽ നടത്തിയ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ഷിജു വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കൂത്തുപറമ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷമുണ്ടായി. കള്ളവോട്ട് ചെയ്യുന്നതിനിടെ ലീഗ് പ്രവര്‍ത്തകര്‍ പിടിയിലാവുകയായിരുന്നു. പൊലീസെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

ആറന്മുള മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ കയ്യേറ്റം ചെയ്തെന്ന പരാതിയും ഉയര്‍ന്നു. ബൂത്ത് സന്ദർശനത്തിനിടെ ആറാട്ടുപുഴയിൽ വെച്ചാണ് അതിക്രമം നടന്നത്. കോൺഗ്രസ്- ബിജെപി പ്രവർത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ആറന്മുള മണ്ഡലത്തിൽ 233 ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷമുണ്ടായി. പോളിംഗ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്‍റ് എൽഡിഎഫ് ചിഹ്നമുള്ള കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് കോൺഗ്രസ്‌ പ്രവർത്തക‍ര്‍ ചോദ്യം ചെയ്തതോടെ പ്രശ്നം സംഘര്‍ഷത്തിലേക്കെത്തുകയും ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയുമായിരുന്നു.

ആലപ്പുഴ സക്കരിയാ ബസാറിൽ വൈഎംഎംഎ എൽപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ തമ്മിലടിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗൺ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘർഷമുണ്ടായത്. ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. ഒടുവിൽ പലയിടത്തു നിന്നും കൂടുതൽ പ്രവർത്തകരെത്തി ചേരിതിരിഞ്ഞാണ് തമ്മിലടിച്ചത്. ആദ്യം സംഘർഷം ഉണ്ടായതറിഞ്ഞു പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും പ്രവർത്തകർ ചേരിതിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു. 

നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബിജെപി പ്രതിഷേധിച്ചു. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർത്ഥി എസ് സജി യുടെ ഭാര്യ രശ്മിയാണ് ബൂത്തിനുള്ളിൽ മാധ്യമപ്രവർത്തകർ കയറുന്നുവെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്. മമ്മൂട്ടിയുടെ ദൃശ്യങ്ങൾ എടുക്കുന്നതിലായിരുന്നു ഇവരുടെ പ്രതിഷേധം. മറ്റ് വോട്ടർമാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇരുവരുടെയും പരാതി.

തളിപറമ്പ് മണ്ഡലത്തിലെ 117 നമ്പർ ബൂത്തിൽ സംഘർഷമുണ്ടായി. വോട്ട് ചെയ്യാൻ എത്തുന്നവരുടെ മാസ്ക് മാറ്റി പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് റിട്ടേണിംഗ് ഓഫീസറോട് ആവശ്യപ്പെട്ടതോടെയാണ് സംഘർഷമുണ്ടായത്. ബൂത്തിൽ നിന്ന് പോകാൻ സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകരും ഇത് ചോദ്യം ചെയ്തു. ഇതോടെ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. 

ഇടുക്കിയിലേറ്റവും കൂടുതൽ ഇരട്ടവോട്ട് ആരോപണം ഉയ‍ർന്ന സ്ഥലമാണ് ഉടുമ്പൻചോല. പരാതി ഉയർന്നതിനെ തുട‍ർന്ന് സംസ്ഥാന അതി‍ർത്തിയിൽ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ 15 അം​ഗസംഘം ബോലോറോ ജീപ്പിൽ ഇവിടെ എത്തിയതും ഇവരെ ബിജെപി പ്രവ‍ർത്തകർ തടഞ്ഞതും. തമിഴ്നാട്ടിൽ നിന്നും എത്തിയവരിൽ മഷി മായ്ക്കാനുള്ള മരുന്നും പഞ്ഞിയും ഉണ്ടായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്.  

സംഘത്തെ തടഞ്ഞതിന്‍റെയും പരിശോധിക്കുന്നതിന്‍റെയും വീഡിയോ ബിജെപി പ്രവ‍ർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സ്ഥലത്ത് നേരിയ തോതിൽ സംഘർഷമുണ്ടായതോടെ ഇവിടേക്ക് കൂടുതൽ പൊലീസെത്തി എല്ലാവരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉടുമ്പൻചോലയിലെ ഒരു മരണവീട്ടിലേക്ക് വന്നതാണെന്നാണ് തമിഴ്നാട്ടിൽ നിന്നും എത്തിയ സംഘത്തിന്‍റെ വിശദീകരണം. 

ചെറുവത്തൂർ മടക്കര കാരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി എം പി ജോസഫിൻ്റെ വാഹനത്തിൻ്റെ ചില്ല് സിപിഎം പ്രവർത്തകർ അടിച്ചു തകർത്തെന്ന് പരാതി. സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ച ബൂത്ത് ഏജന്റുമാരെ മോചിപ്പിക്കാൻ പോയ സമയത്താണ് ആക്രമണമെന്ന് ജോസഫ്  പറഞ്ഞു. 

Follow Us:
Download App:
  • android
  • ios