Asianet News MalayalamAsianet News Malayalam

പൊട്ടിപ്പുറപ്പെട്ട് കലാപം; കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; കൂട്ടരാജി, സമരം, നിസഹകരണം

നേമത്ത് കെ മുരളീധരനെ അടക്കം ഇറക്കി മേൽക്കെ നേടാനുള്ള കോൺഗ്രസ് നീക്കങ്ങളല്ലാം കടുത്ത പ്രതിഷേധങ്ങളിൽ മുങ്ങി. സ്ഥാനാർത്ഥികളുടെ മികവിന് മുകളിലുയർന്നത് മണ്ഡലങ്ങളിലെമ്പാടുമുള്ള പ്രതിഷേധമായിരുന്നു. ലതികാ സുഭാഷിന് പിന്നാലെ മറ്റൊരു വനിതാ നേതാവായ രമണി പി നായർ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. 

conflict over congress candidate
Author
Trivandrum, First Published Mar 14, 2021, 9:11 PM IST

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിൽ പൊട്ടിത്തെറി. മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്ക് പിന്നാലെ കെപിസിസി സെക്രട്ടറി രമണി പി നായരും പത്തനംതിട്ട മുൻ ഡിസിസി പ്രസിഡണ്ട് മോഹൻരാജും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലാൽ കല്‍പകവാടിയും രാജിവെച്ചു. ഇരിക്കൂറിൽ സജീവ് ജോസഫിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു. ഐഎൻടിയുസി സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുന്നു.

നേമത്ത് കെ മുരളീധരനെ അടക്കം ഇറക്കി മേൽക്കെ നേടാനുള്ള കോൺഗ്രസ് നീക്കങ്ങളല്ലാം കടുത്ത പ്രതിഷേധങ്ങളിൽ മുങ്ങി. സ്ഥാനാർത്ഥികളുടെ മികവിന് മുകളിലുയർന്നത് മണ്ഡലങ്ങളിലെമ്പാടുമുള്ള പ്രതിഷേധമായിരുന്നു. ലതികാ സുഭാഷിന് പിന്നാലെ മറ്റൊരു വനിതാ നേതാവായ രമണി പി നായർ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. വാമനപുരത്തെ അവഗണനയിലാണ് പ്രതിഷേധം. ആറന്മുളയിൽ പ്രതീക്ഷിച്ച സീറ്റ് ഇല്ലെന്നറിഞ്ഞതോടെ പൊട്ടക്കരഞ്ഞായിരുന്നു മുൻ ഡിസിസി പ്രസിഡന്‍റ് മോഹൻരാജിന്‍റെ പ്രതികരണം. 

പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുന്ന വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറിനെതിരെ ഇന്ന് മണ്ഡലത്തിലെ നേതാക്കൾ യോഗം ചേർന്നു. മണ്ഡലത്തിലെ ഭൂരിഭാഗം മണ്ഡലം പ്രസിഡന്‍റുമാരും ബ്ലോക്ക് പ്രസിഡന്‍റുമാരും ഡിസിസി ഭാരവാഹികളും രാജിവെച്ചു.
ഇടുക്കിയിൽ മുൻ ഡിസിസി പ്രസിഡന്‍റ് റോയ് കെ പൗലോസ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ഇരിക്കൂറിൽ സജീവ് ജോസഫിന്‍റെ സ്ഥാനാര്‍ത്ഥത്തിനെതിരെ രാപ്പകൽ സമരം വരെ നടത്തിയ എ ഗ്രൂപ്പ് നേതാക്കൾ ഇന്ന് കൂട്ടത്തോടെ രാജിവെച്ചു.  കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി ടി മാത്യു, കെപിസിസി സെക്രട്ടറിമാരായ എംപി മുരളി, വിഎൻ ജയരാജ്, ചന്ദ്രൻ തില്ലങ്കേരി, കെവി ഫിലോമിന എന്നിവരും സ്ഥാനങ്ങൾ രാജിവെച്ചു. .

തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയാണ് എ വി ഗോപിനാഥെന്ന ഡിസിസി അധ്യക്ഷന്‍. വി കെ ശ്രീകണ്ഠന്‍റെ പ്രസ്താവനയോടെ പാലക്കാട്ടും പോര് രൂക്ഷമായി. ഘടക കക്ഷികള്‍ക്ക് നല്‍കിയ സീറ്റില്‍ അവര്‍ തോറ്റാല്‍ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനെന്ന പ്രസ്താവനയും ഗോപിനാഥ് ആയുധമാക്കി. 

തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി സ്ഥാനാര്‍ഥികള്‍ തോല്‍ക്കുമെന്ന് പറഞ്ഞ ഡിസിസി അധ്യക്ഷന്‍ തുടരണോ എന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കണമെന്ന് എ വി ഗോപിനാഥ് ആവശ്യപ്പെട്ടു. സ്വന്തക്കാര്‍ക്ക് സീറ്റ് ലഭിക്കാത്തതിലുള്ള അമര്‍ഷമാണ് ഡിസിസി അധ്യക്ഷനെന്നും ഗോപിനാഥ് പരിഹസിച്ചു. പത്രിക നൽകാനും പ്രചാരണത്തിനും ചുരുങ്ങിയ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഏറെ വൈകിയെത്തിയ പട്ടികയിന്മേലുള്ള കലാപം.
 

Follow Us:
Download App:
  • android
  • ios