വയനാട്ടില്‍: സി കെ ജാനുവിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ മഹാസഭയുടെ  എൻഡിഎ പ്രവേശനത്തെ ചോല്ലി വയനാട്ടില്‍ ഭിന്നത. മൂന്നു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നതിനാല്‍ ജാനുവിന് സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി ജില്ലാ ഘടകം. 2016 ലെ നിയയമസഭാ തെരെഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായിരുന്നു സി കെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ മഹാസഭ. 

ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന സി കെ ജാനു പിന്നീട് മുന്നണിയില്‍ നിന്നു പുറത്തുപോയി. ഇപ്പോള്‍ മുന്നണിയില്‍ വീണ്ടുമെത്തിയത്  എന്‍ഡിഎ ജില്ലാ ഘടകത്തിന്‍റെ അറിവോടെയല്ലെന്നാണ് ചെയര്‍മാന്‍ സജി ശങ്കര്‍ പറയുന്നത്. ഇതിനിടെ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഇവരെ പരിഗണിക്കരുതെന്ന് ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

അതെസമയം എന്‍ഡിഎ സംസ്ഥാന നേതക്കളുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് മുന്നണിയിലെത്തിയതെന്നും ജില്ലാ ഘടകം അറിയാത്തത് രാഷ്ട്രീയ മഹാസഭയുടെ കുഴപ്പമല്ലെന്നു ജാനു തുറന്നടിച്ചു. സംസ്ഥാനത്ത് അഞ്ച് സീറ്റുകളാണ് ജനാധിപത്യ രാഷ്ട്രീയ മഹാസഭ ആവശ്യപ്പെടുന്നത്. ഇതില്‍ മാനന്തവാടിയും ബത്തേരിയും നിര്‍ബന്ധമായും വേണമെന്ന് ഇവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വ്യഴാഴ്‍ച ചേരുന്ന സംസ്ഥാന കമ്മറ്റിയോഗമാകും അന്തിമ തീരുമാനമെടുക്കുക.  മാനന്തവാടിയും ബത്തേരിയും വേണമെന്ന് ജാനു കര്‍ശന നിലപാടെടുത്താല്‍ ബിജെപി ജില്ലാ ഘടകത്തിലെ  ഭിന്നത രൂക്ഷമാകും.