Asianet News MalayalamAsianet News Malayalam

ത‌ർക്കമണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്; പട്ടാമ്പിയിലേക്ക് ഇല്ലെന്ന് ആര്യാടൻ ഷൗക്കത്ത്

പട്ടാമ്പിയിലേക്ക് ഇല്ല എന്ന് ആര്യാടൻ ഷൗക്കത്ത് അറിയിച്ചതോടെ മലബാര്‍ മേഖലയിലെ സ്ഥാനാര്‍ത്ഥി സാധ്യതാ ലിസ്റ്റിൽ പിന്നെയും ആശയക്കുഴപ്പമായി. വട്ടിയൂര്‍കാവിലേക്ക് ആരെത്തും? സ്ത്രീകളെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടോ തുടങ്ങിയ ചോദ്യങ്ങളും പ്രസക്തമാണ്

congress candidate list six seats
Author
Trivandrum, First Published Mar 15, 2021, 11:23 AM IST

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ ബാക്കിയുള്ള ആറ് മണ്ഡലങ്ങളിൽ തര്‍ക്കം തീരാതെ കോൺഗ്രസ് . നേതാക്കൾ തമ്മിലുള്ള ചര്‍ച്ചകളിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെത്തി നടത്തിയ സമവായ ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞ സാധ്യതാ ലിസ്റ്റും അവസാന നിമിഷത്തെ ആശയക്കുഴപ്പങ്ങളിൽ ഉടക്കി എങ്ങുമെത്താതെ നിൽക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 

ആര്യാടൻ ഷൗക്കത്തിന് പട്ടാമ്പി സീറ്റ് നൽകി വി വി പ്രകാശിനെ നിലമ്പൂരിൽ മത്സരിപ്പിക്കുയെന്ന ഫോര്‍മുല ആര്യാടൻ ഷൗക്കത്ത് പട്ടാമ്പിയിലേക്ക് ഇല്ലെന്ന് അറിയിച്ചതോടെ താളം തെറ്റി. മലബാര്‍ മേഖലയിലെ ബാക്കിയുള്ള സീറ്റുകളിലെ ധാരണയാകെ ഇതോടെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണ്. 

വട്ടിയൂര്‍കാവിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കെ പി അനിൽകുമാറിന്റെ പേരിന് പകരം പി സി വിഷ്ണുനാഥിന്‍റെ പേര് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതിനെതിരെയും പ്രതിഷേധം ഉണ്ട്. ബിജെപിക്ക് സ്വാധീനം ഉണ്ടെന്ന് വിലയിരുത്തുന്ന മണ്ഡലത്തിൽ നേമത്തെ പോലെ തന്നെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന തരത്തിൽ തുടക്കം മുതലേ ചര്‍ച്ചകൾ നിലനിന്നിരുന്ന സ്ഥലം കൂടിയാണ് വട്ടിയൂര്‍കാവ്. എന്നാല്‍, മണ്ഡലത്തിന് പുറത്ത് നിന്ന് എത്തുന്ന സ്ഥാനാര്‍ത്ഥി ആവശ്യമില്ലെന്ന നിലപാട് പ്രാദേശിക നേതാക്കൾക്കിടയിൽ ശക്തമാണ്. 

കുണ്ടറയിൽ മത്സരിക്കുന്നതിന് പകരം കുറച്ചുകൂടി ഭേദപ്പെട്ട സീറ്റെന്ന നിലയിലാണ് വട്ടിയൂര്‍കാവിലേക്ക് പിസി വിഷുനാഥിന്റെ പേര് പരിഗണിക്കുന്നത്. ലതികാ സുഭാഷിന്റെ പ്രതിഷേധം ഉണ്ടാക്കിയ ഞെട്ടൽ അടക്കം കണക്കിലെടുത്ത് സ്ത്രീ പ്രാതിനിധ്യം കൂട്ടാൻ അതായത് നിലവിൽ ഒന്പത് സീറ്റെന്നതിൽ നിന്ന് പത്തിലേക്കെങ്കിലും എത്തിക്കണ്ട ആവശ്യകതയെ കുറിച്ചും ചര്‍ച്ചകൾ സജീവമാണ്. അങ്ങനെ എങ്കിൽ ജ്യോതി വിജയകുമാറിന്റെ പേര് അടക്കം പരിഗണിക്കേണ്ടി വരും

കൽപ്പറ്റ മണ്ഡലത്തിലും ടി സിദ്ദിഖിനെതിരെ പ്രാദേശിക വികാരം ശക്തമാണ്. തവനൂരിൽ റിയാസ് മുക്കോലി , കുണ്ടറയിൽ കല്ലട രമേശ് എന്നിവരാണ് സാധ്യതാ പട്ടികയിൽ മുന്നിലുള്ളത്. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മുല്ലപ്പള്ളി ദില്ലിയിൽ നിന്ന് എത്തിയ ശേഷം രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളുമായി സംസാരിച്ച ശേഷം തീരുമാനം എടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷങ്ങളിലുണ്ടായ ആശയക്കുഴപ്പങ്ങൾ എങ്ങനെ പരിഹരിക്കുമെന്ന പ്രതിസന്ധി നേതൃത്വത്തിന് മുന്നിലുണ്ട്

Follow Us:
Download App:
  • android
  • ios