കാസർകോട്: ആർഎസ്എസ് ബിജെപി വോട്ടുകൾ യുഡിഎഫിന് വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കാസർകോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി നിർത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. പി ശ്രീരാമകൃഷ്ണൻ സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന് പറഞ്ഞ അദ്ദേഹം, സംസ്ഥാനത്ത് സിപിഎം ബിജെപി ടൈ അപ്പ് ഉണ്ടെന്നും മഞ്ചേശ്വരത്ത് സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർത്ഥിയെ ആണെന്നും കുറ്റപ്പെടുത്തി.

ഡോളർ കടത്ത് കേസിൽ സ്പീക്കർ അന്വേഷണത്തോട് സഹകരിക്കുന്നില്ല. മിഡിൽ ഈസ്റ്റ് കോളേജിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ടെന്നും ഷാർജയിൽ സ്കൂൾ ആരംഭിക്കുന്നതിന് ഷാർജ ഷെയ്ഖിനോട് ഭൂമി ആവശ്യപ്പെട്ടെന്നും സ്വപ്ന സുരേഷിനോട് ബിസിനസ് ഡവലപ്മെന്റിന് സഹകരികണമെന്നും ആവശ്യപ്പെട്ട മൊഴിയാണ് പുറത്ത് വന്നത്. ഡോളർ കൈമാറ്റം ചെയ്യുന്നതിന് സ്പീക്കർ സരിത്തിനോടും സഹായം ആവശ്യപ്പെട്ടു. നിയമസഭ നിലവിലുണ്ട്. അടുത്ത സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ ധാർമ്മികത അവശേഷിക്കുന്നുണ്ടെങ്കിൽ പി ശ്രീരാമകൃഷ്ണൻ രാജിവെക്കണം. 

ഇപ്പോൾ സ്പീക്കർ അപരാധിയാണ്, ആരോപണ വിധേയനാണ്, അതുകൊണ്ട് രാജിവെക്കണം. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. കേരള നിയമസഭയിൽ കമ്യൂണിസ്റ്റുകാരുടെ സ്പീക്കർമാർ മൂല്യങ്ങളുയർത്തിപ്പിടിച്ചവരാണ്. സ്പീക്കർ കള്ളക്കടത്തിന് കൂട്ടുനിന്നത് ജനാധിപത്യത്തിന് തീരാ കളങ്കമാണ്. ഈ കേസുകളിൽ അന്വേഷണം സ്തംഭിച്ചു. സിപിഎം-ബിജെപി ടൈ അപ്പ് നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിലാണ് ഉണ്ടാക്കിയത്. അതിന്റെ ഭാഗമായാണ് അന്വേഷണങ്ങൾ മരവിപ്പിച്ചത്.  ഇത് രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ബിജെപിക്ക് പത്ത് സീറ്റും എൽഡിഎഫിന് തുടർ ഭരണവും എന്നചതാണ് ഡീൽ.

മഞ്ചേശ്വരത്ത് സിപിഎം നിർത്തിയത് ദുർബലനായ സ്ഥാനാർത്ഥി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ സിപിഎം-ബിജെപി രഹസ്യബന്ധം ഉണ്ടായിരുന്നു. അതിന് വേണ്ടി പ്രവർത്തിച്ചയാളെയാണ് മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കിയത്. സിപിഎമ്മിന് സിറ്റിങ് എംഎൽഎമാരുള്ള മൂന്ന് മണ്ഡലത്തിലാണ് ബിജെപിയുടെ പത്രിക തള്ളിപ്പോയത്. തലശേരിയിൽ മത്സരിച്ചപ്പോൾ ഇഎംഎസ് ആർഎസ്എസ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചതാണ്. ബിജെപിയുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിക്കാൻ കോടിയേരിയോ പിണറായിയോ തയ്യാറാവുമോ?

കള്ളവോട്ടിന് വേണ്ടിയാണ് ഇരട്ട വോട്ട് നടത്തിയത്. പ്രതിപക്ഷ നേതാവ് അത് കണ്ടെത്തി. ഉദുമയിൽ അഞ്ച് സ്ഥലത്ത് പേര് വന്നത് കോൺഗ്രസുകാരാണ്. ഇതൊരു ഗൂഢാലോചനയാണ്. ബാക്കി നാല് തിരിച്ചറിയൽ കാർഡുകൾ ആരുടെ കൈയ്യിലാണെന്ന് അന്വേഷിച്ചാൽ ഇതിന് പിന്നിൽ ആരാണെന്നും ഇത് എന്തിനാണ് ചെയ്തതെന്ന് വ്യക്തമാകും. പോസ്റ്റൽ വോട്ടിന് ആശാ വർക്കർമാരെയാണ് ചുമതലപ്പെടുത്തിയത്. അവർക്കെല്ലാം രാഷ്ട്രീയമുണ്ട്. ഇത് കൃത്രിമം കാണിക്കാൻ വേണ്ടിയാണ്. സർക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നുവരുമെന്നത് കൊണ്ടാണ് ഈ നിലയിൽ കൃത്രിമം നടത്താൻ തയ്യാറാവുന്നത്.

കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. ഗുരുവായൂരിൽ ബിജെപി വോട്ട് വേണ്ടെന്ന് പറയേണ്ടത് സ്ഥാനാർത്ഥിയല്ല. സ്ഥാനാർത്ഥികൾ വോട്ട് വേണ്ടെന്ന് പറയാറില്ല. ആർഎസ്എസുകാരുടെയും ബിജെപിയുടെയും വോട്ട് ഞങ്ങക്ക് വേണ്ട. വോട്ട് കച്ചവടമോ ധാരണയോ യുഡിഎഫും ബിജെപിയും തമ്മിലില്ല. ബിജെപിയെ പരാജയപ്പെടുത്താനാണ് പശ്ചിമ ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടിയുമായി ധാരണയിലെത്തിയത്. എന്നാൽ ഇവിടെ ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം ഒന്നാണ്. 2026 ലെ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷമാകാനും അതിന് ശേഷമുള്ള തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താനുമുള്ള ദീർഘകാല പദ്ധതിയാണ് ബിജെപിക്ക്. കേരളം ഇത് അംഗീകരിക്കില്ല. എന്നാൽ സിപിഎം ഇവരെ അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ സഹായിക്കുന്നു. 

കേരളത്തിൽ നടന്നത് പെയ്ഡ് സർവേയാണ്. കിഫ്ബി സർവേയാണ്. പക്ഷപാതപരമായി നടത്തിയ സർവേയാണ്. കൗശലക്കാരനായ കൈനോട്ടക്കാരന്റെ റോളിലാണ് സർവേ നടത്തിയത്. ലൈഫ് പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കും. പിരിച്ചുവിടും എന്നല്ല അതിനർത്ഥം. അത് അഴിച്ചുപണിയും എന്നാണ് താൻ പറഞ്ഞത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീട് നിർമ്മിക്കും. കേരളത്തിൽ 40 ലക്ഷം തൊഴിൽ നൽകും. ലൈഫ് നിർത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. 

യുഡിഎഫിന് എത്ര സീറ്റ് കിട്ടുമെന്ന് നാലാം തീയതി പ്രചാരണം അവസാനിക്കുമ്പോൾ പറയും. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്. പാർട്ടി വിട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹരായിരുന്നു. എന്നാൽ സ്ഥാനാർത്ഥിത്വം ലഭിക്കാതെ വന്നപ്പോഴാണ് പാർട്ടി വിട്ടത്. ഇത്ര കാലം പ്രവർത്തിച്ച പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥിത്വം കിട്ടാത്തതിന്റെ പേരിൽ പോയത് ശരിയല്ല. സീറ്റ് കൊടുത്താലേ അവരെ നിലനിർത്താനാവൂ. ലതിക സുഭാഷിന്റെ തല മുണ്ഡനം ചെയ്തത് ഒഴിവാക്കാൻ ബാർബർക്കേ കഴിയുമായിരുന്നുള്ളൂ. ലതിക സുഭാഷിനോട് കാഞ്ഞിരപ്പള്ളിയിലും ചെങ്ങന്നൂരിലും മത്സരിക്കാമോയെന്ന് ചോദിച്ചു. അവർ തയ്യാറായിരുന്നില്ല. വൈകാരികമായ തീരുമാനമായിരുന്നു ലതികയുടേത്. ഈ സീറ്റുകളിൽ മത്സരിക്കാൻ അവർ തയ്യാറായിരുന്നെങ്കിൽ അവർക്ക് സീറ്റ് കൊടുക്കുമായിരുന്നുവെന്നും ഹസൻ വ്യക്തമാക്കി.