തവനൂരില്‍  ഫിറോസ് കുന്നും പറമ്പിലിനെതിരെ പ്രതിഷേധം ശക്തമായതോടെ ആര്യാടന്‍ ഷൗക്കത്തിനെ അവിടെ മത്സരിപ്പിക്കാനാണ് നീക്കം.

ദില്ലി: ഹൈക്കമാന്‍ഡടക്കം ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും തീരാത്ത പ്രതിസന്ധിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാത്ത ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേരിടുന്നത്. തലമുറമാറ്റമടക്കം അവകാശപ്പെട്ട് പട്ടിക പ്രഖ്യാപിക്കുമ്പോള്‍ ബാലികേറാമലയായി കോണ്‍ഗ്രസിന് മുന്‍പിലുള്ളത് കല്‍പറ്റ, നിലമ്പൂര്‍, തവനൂര്‍, പട്ടാമ്പി, കുണ്ടറ, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങള്‍. 

കല്‍പ്പറ്റയില്‍ പ്രദേശിക എതിര്‍പ്പ്, നിലമ്പൂരില്‍ മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി വി പ്രകാശിന്‍റെ സമ്മര്‍ദ്ദം, പട്ടാമ്പിയില്‍ കെഎസ്ബിഎ തങ്ങളുടെ വെല്ലുവിളിയും നേതൃത്വത്തിന് തലവേദനയാകുന്നു. തവനൂരില്‍ ഫിറോസ് കുന്നും പറമ്പിലിനെതിരെ പ്രതിഷേധം ശക്തമായതോടെ ആര്യാടന്‍ ഷൗക്കത്തിനെ അവിടെ മത്സരിപ്പിക്കാനാണ് നീക്കം. ബിന്ദുകൃഷ്ണയുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലത്ത് നിന്ന് കുണ്ടറയിലേക്ക് പരിഗണിച്ചെങ്കിലും പി സി വിഷ്ണുനാഥ് സീറ്റ് ഏറ്റെടുക്കാന്‍ തയ്യാറായില്ല. 

വട്ടിയൂര്‍ക്കാവിലെ പ്രതിഷേധം കണക്കിലെടുത്ത് കെ പി അനില്‍കുമാറിനെ മാറ്റി വിഷ്ണുനാഥിനെ അവിടെ മത്സരിപ്പിക്കാന്‍ നീക്കമുണ്ട്. ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥി, ഗ്രൂപ്പ് നേതാക്കളെ ഞെട്ടിച്ച് രാഹുല്‍ഗാന്ധിയുടെ ഇടപെടലിലൂടെ പട്ടികയില്‍ ഇടം നേടി. 
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് ശേഷം വലിയ പൊട്ടിത്തെറി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലെ പ്രശ്നപരിഹാരത്തിന് രാഹുല്‍ഗാന്ധിയും ഇടപെടും.