Asianet News MalayalamAsianet News Malayalam

'പിണറായി വീണ്ടും വന്നാൽ സർവ്വനാശം, ഗ്രൂപ്പില്ലാത്ത കോൺഗ്രസ് ദിവാസ്വപ്നമെന്നും എകെ ആന്റണി

കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ.ആന്റണിയുമായി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖം

congress leader ak antony sindhu sooryakumar special interview
Author
Kochi, First Published Mar 25, 2021, 1:34 PM IST

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടായാൽ അത് സർവ്വനാശമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കഴിഞ്ഞ അഞ്ച് വർഷം പിണറായി സർക്കാർ തുടർന്നത് പിടിവാശിയായിരുന്നുവെന്നും തുടർഭരണമുണ്ടായാൽ പിബിക്ക് പോലും നിയന്ത്രിക്കാൻ സാധിക്കില്ലെന്നും എകെ ആന്റണി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. 

ബംഗാളിൽ സിപിഎം മ്യൂസിയത്തിൽ മാത്രമാണെന്നും മാർക്സിസ്റ്റ് പാർട്ടിക്കുണ്ടായ അപചയം അവർ തന്നെയുണ്ടാക്കിയതാണെന്നും ആരോപിച്ച ആന്റണി ബംഗാളിൽ സിപിഎം തകരാനുള്ള കാരണം അവരുടെ അഴിഞ്ഞാട്ടമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി രീതികൾ മയപ്പെടുത്തി. എൻഎസ് എസ് വിമർശനത്തിൽ പിണറായി മാധ്യമങ്ങളെ പഴിചാരുകയാണ്. ശബരിമല യുവതി പ്രവേശനത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് ഒരു മന്ത്രി പറയുന്നു. അതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ആന്റണി കുറ്റപ്പെടുത്തി.  

കേരളത്തിൽ കോൺഗ്രസിന്റെ നേതാവ് കെപിസിസി പ്രസിഡന്റാണെന്ന് ആവർത്തിച്ച ആന്റണി കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വ്യക്തമാക്കി. യുഡിഎഫിൽ തികഞ്ഞ പ്രതീക്ഷയുണ്ട്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഇപ്പോൾ നേതാവായി കാണുന്നില്ല. കേരളത്തിൽ കൂടുതൽ മികച്ച വിജയത്തിന് കൂട്ടായ പ്രവർത്തനമാണ് നല്ലതെന്നാണ് തോന്നിയത്. അത് കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാതിരുന്നതെന്നും ആന്റണി കൂട്ടിച്ചേർത്തു.

ഗ്രൂപ്പില്ലാത്ത കോൺഗ്രസ് എന്ന ദിവാസ്വപ്നം തനിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹം സ്ഥാനാർത്ഥി നിർണയത്തിൽ എല്ലാ നേതാക്കളും വിട്ടുവീഴ്ച ചെയ്തെന്നും പ്രതികരിച്ചു. മുസ്ലിം ലീഗ് യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയെന്നത് യാഥാർത്ഥ്യമാണ്. മുന്നണി രാഷ്ട്രീയത്തിൽ മേധാവിത്വം എന്നൊന്നില്ല. ഒരു പാർട്ടിയും മറ്റൊരു പാർട്ടിയുടെ അടിമയല്ല. വനിതാ പ്രാതിനിധ്യത്തിൽ എല്ലാ പാർട്ടികളിലും  വീഴ്ചയുണ്ടായി. ഈ തെറ്റ് ഇനി ആവർത്തിക്കില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയെകുറിച്ച് നല്ല അഭിപ്രായമാണ്. അദ്ദേഹത്തിന് കോൺഗ്രസിൽ നല്ല സ്വാധീനമുണ്ട്. ഇന്ന് ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമാണ് കേരളത്തിൽ നല്ല സ്വാധീനമുള്ളതെന്നും ആന്റണി കൂട്ടിച്ചേർത്തു. 

താൻ ഇനി കേരളാരാഷ്ടീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ആന്റണി തന്റെ കേരളത്തിലെ രാഷ്ട്രീയം 2004 ൽ അവസാനിച്ചുവെന്നും വ്യക്തമാക്കി. തന്റെ രാജ്യസഭാ കാലം കഴിഞ്ഞാൽ കേരളത്തിലേക്ക് മടങ്ങും. വീണ്ടും രാജ്യസഭാംഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യുഡിഎഫ് വിട്ട് പോയ ജോസ് കെ മാണി ചെയ്യതത് ശരിയായില്ല. അത് ആ പാർട്ടിക്കും ഗുണം ചെയ്യില്ല. കേരളത്തിൽ ബിജെപിക്ക് വളരാവുന്നതിൽ പരിധിയുണ്ട്. ആകെ ജയിച്ചത് നേമത്താണ്. അത് രാജഗോപാലിനോടുള്ള പ്രത്യേക പരിഗണന കൊണ്ടാണെന്നും ആന്റണി കൂട്ടിച്ചേർത്തു. രാഹുലിന് സ്ഥിരതയില്ലെന്നത് ബിജെപി പ്രചാരണം മാത്രമാണെന്നും ആന്റണി പറഞ്ഞു. 

കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ.ആന്റണിയുമായി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ തത്സമയ അഭിമുഖത്തിലേക്ക്

Follow Us:
Download App:
  • android
  • ios