നേരത്തെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കിൽ വടകരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനര്‍ എംഎം ഹസൻ. നേരത്തെ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കിൽ വടകരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. എൻ വേണുവായിരിക്കും വടകരയിൽ ആര്‍എംപി സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ വ്യക്തമായിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

യുഡിഎഫ് ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിന് നൽകിയ ധർമ്മടം സീറ്റ് കോൺഗ്രസിന് തിരികെ നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേർഡ് ബ്ലോക്ക് വ്യക്തമാക്കുകയായിരുന്നു. ഇതോടെ കോൺഗ്രസ് ഈ സീറ്റും ഏറ്റെടുത്തു. ഇവിടെയും ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടതുണ്ട്. 

വടകര, ധര്‍മ്മടം സീറ്റുകൾ കൂടി കോൺഗ്രസ് ഏറ്റെടുക്കുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 94 സീറ്റുകളിൽ മത്സരിക്കുമെന്ന് ഉറപ്പായി. ഇതിൽ 8 സീറ്റുകളിൽ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടതായുണ്ട്. കോൺഗ്രസ് പ്രകടനപത്രിക 20 ന് പ്രകാശനം ചെയ്യുമെന്നും യുഡിഎഫ് കൺവീനര്‍ എംഎം ഹസന്‍ അറിയിച്ചു.