തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സിഒടി നസീര്‍ പറഞ്ഞു.  

കണ്ണൂര്‍: തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ബിജെപി പിന്തുണയ്ക്കും. നസീര്‍ ബിജെപി പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് തീരുമാനം. ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു സിഒടി നസീര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

തലശ്ശേരിയില്‍ സിഒടി നസീറിനെ പിന്തുണയ്ക്കാമെന്ന് ബിജെപി ആലോചിച്ചിരുന്നെങ്കിലും പരസ്യ സഖ്യത്തിനില്ലെന്നായിരുന്നു സിഒടി നസീറിന്‍റെ മുന്‍ നിലപാട്. ഇതിന് പിന്നാലെയാണ് ബിജെപി പിന്തുണ നസീര്‍ ആവശ്യപ്പെട്ടത്. തലശ്ശേരിയില്‍ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന്‍റെ നാമനി‍ർദ്ദേശ പത്രികയിലെ ഫോം എയിൽ ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പ് ഇല്ലാഞ്ഞതിനാലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം സ്വീകരിച്ചിരുന്നില്ല.