Asianet News MalayalamAsianet News Malayalam

എല്‍ഡിഎഫില്‍ സിപിഐ- കേരള കോണ്‍ഗ്രസ് എം പോര് കനക്കുന്നു; യോജിച്ച് പ്രവര്‍ത്തിക്കാനായില്ലെന്ന് വിമര്‍ശനം

 മുന്നണിയിലെ രണ്ടാംസ്ഥാനം പോകുമെന്ന പേടി സിപിഐക്കുണ്ടെന്നാണ് കേരളകോണ്‍ഗ്രസ് എം വിലയിരുത്തല്‍.

cpi kerala congress m conflict jose k mani speak against cpi
Author
Trivandrum, First Published Sep 15, 2021, 2:27 PM IST

തിരുവനന്തപുരം: ജോസ് കെ മാണിയുടെ വരവ് വേണ്ടത്ര ഗുണം ചെയ്തില്ലെന്ന റിപ്പോര്‍ട്ടിനെ ചൊല്ലി എല്‍ഡിഎഫില്‍ സിപിഐ കേരളാ കോണ്‍ഗ്രസ് എം പോര്. യോജിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഐ നേതാക്കള്‍ക്കാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് ജോസ് കെ മാണി പരാതി നല്‍കും. ജോസ് കെ മാണിയും കൂട്ടരും വിജയത്തില്‍ നിര്‍ണായ ഘടകമായെന്ന അഭിപ്രായമൊന്നും സിപിഐക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍ തന്നെ പരസ്യമായി പറഞ്ഞതോടെയാണ് കോട്ടയം ജില്ലയില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലുണ്ടായ തോല്‍വിയടക്കം പരാതിയാക്കാന്‍ ജോസ് കെമാണിയും കൂട്ടരും തീരുമാനിച്ചത്.

കേരളാ കോണ്‍ഗ്രസിന്‍റെ എല്‍ഡിഎഫ് പ്രവേശം സംസ്ഥാനത്തൊട്ടാകെയും മധ്യകേരളത്തില്‍ പ്രത്യേകിച്ചും വലിയ ചലനമുണ്ടാക്കിയെന്ന് സിപിഎം അകമഴിഞ്ഞ് പ്രശംസിക്കുമ്പോഴാണ് അത്രയൊന്നുമില്ലെന്ന് സിപിഐക്കാര്‍ പറയുന്നത്. കേരളാ കോണ്‍ഗ്രസിന്‍റെ വരവ് യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി. എന്നാല്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്നാണ് സിപിഐയുടെ അഭിപ്രായം. മുന്നണിയിലെ രണ്ടാം സ്ഥാനം പോകുമെന്ന പേടി സിപിഐക്കുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വിലയിരുത്തല്‍. പാലായില്‍ ജോസ് കെ മാണിയും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജും തോറ്റത് സിപിഐ നിസഹകരണം മൂലമാണെന്ന് കേരളാ കോണ്‍ഗ്രസ് കരുതുന്നു. മുന്നണി പ്രവേശന ചര്‍ച്ചകള്‍ മുതല്‍ സിപിഐ നേതൃത്വം കാണിക്കുന്ന എതിര്‍പ്പ് തുടരുകയാണെന്ന് കേരളാ കോണ്‍ഗ്രസ് കരുതുന്നു. നിയമസഭാ സീറ്റുകള്‍ വിട്ടുകൊടുത്തതിന് പിന്നാലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ഭാവിയില്‍ മുന്നണിയിലെ രണ്ടാം സ്ഥാനവും നഷ്ടമാകുമോ എന്ന് സിപിഐ പേടിക്കുകയാണ്. 

സംസ്ഥാന സെക്രട്ടറി തന്നെ തങ്ങളെ പരസ്യമായി തള്ളിപ്പറയുമ്പോള്‍ പ്രാദേശിക നേതൃത്വങ്ങള്‍ എങ്ങനെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കേരള കോണ്‍ഗ്രസ് ചോദിക്കുന്നു. ജോസ് കെ മാണിയോടും കൂട്ടരോടും മൃദുസമീപനം സ്വീകരിക്കുന്ന സിപിഎം സംസ്ഥാന നേതൃത്വം ഈ തര്‍ക്കത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും വരും ദിവസങ്ങളില്‍ എല്‍ഡിഎഫ് രാഷ്ട്രീയത്തെ ശ്രദ്ധേയമാക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios