മാനന്തവാടിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ്-ബിജെപിയുമായി നീക്കുപോക്കുണ്ടാക്കിയെന്നായിരുന്നു സിപിഎം പ്രചരണം

മാനന്തവാടി: മാനന്തവാടിയില്‍ ബിജെപി-യുഡിഎഫ് വോട്ടുധാരണയെന്ന സിപിഎം പ്രചരണം തെളിയിക്കാന്‍ വെല്ലുവിളിച്ച് ബിജെപി. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ മാനന്തവാടിയില്‍ കിട്ടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രതികരിച്ചു. 

മാനന്തവാടിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ്-ബിജെപിയുമായി നീക്കുപോക്കുണ്ടാക്കിയെന്നായിരുന്നു സിപിഎം പ്രചരണം. ഇതിന്‍റെ ഭാഗമായി മണ്ഡലത്തില്‍ ബിജെപി പ്രചരണം ദുര്‍ബലമാക്കിയെന്നും ആരോപിച്ചിരുന്നു. ഇത് തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് ബിജെപി രംഗത്തെത്തി. എന്‍ഡിഎക്ക് മാനന്തവാടിയില്‍ മുന്‍ തെരഞ്ഞെടുപ്പുകളേക്കാൾ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ ലഭിക്കുമെന്നാണ് ബിജെപിയുടെ വാദം. 

ഇതിനിടെ കല്‍പറ്റ മണ്ഡലത്തില്‍ ഇടതുമുന്നണിയുമായി ബിജെപി ധാരണയിലായെന്ന പ്രചരണവുമായി യുഡിഎഫ് രംഗത്തെത്തി. ഇടത് സ്ഥാനാര്‍ത്ഥിക്കുവേണ്ടി ബിജെപി പ്രാദേശിക നേതാക്കള്‍ പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം. നാളെ അമിത്ഷാ പങ്കെടുക്കുന്ന ചടങ്ങില്‍ കൂടുതല്‍ പ്രവര്‍ത്തകരെ എത്തിച്ച് ഇടത്-വലത് ആരോപണങ്ങളെ തടുക്കാനുള്ള തയാറെടുപ്പിലാണ് ബിജെപി.