സര്‍ക്കാരും മുന്നണിയും വികസനവും ക്ഷേമവും മാത്രം പറയുമ്പോള്‍ ശബരിമല വിശ്വാസ വിഷയം ആളിക്കത്തിക്കാനാണ് ആദ്യം മുതല്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചുവരുന്നത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം പ്രധാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ശബരിമല വിഷയം തണുപ്പിക്കാന്‍ സിപിഎം. സര്‍ക്കാര്‍ നിലപാട് എന്താണെന്ന് വിശ്വാസികള്‍ക്കും ജനങ്ങള്‍ക്കും അറിയാമെന്ന് മുഖ്യമന്ത്രി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ വലതുപക്ഷത്തിന് വേണ്ടിയുള്ളതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുമ്പോള്‍ സുപ്രീംകോടതിയിലുള്ള സത്യവാങ്ങ്മൂലം പിന്‍വലിക്കുമോ എന്ന് കൃത്യമായി പറയണമെന്നാണ് പ്രതിപക്ഷാവശ്യം. 

സര്‍ക്കാരും മുന്നണിയും വികസനവും ക്ഷേമവും മാത്രം പറയുമ്പോള്‍ ശബരിമല വിശ്വാസ വിഷയം ആളിക്കത്തിക്കാനാണ് ആദ്യം മുതല്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചുവരുന്നത്. മന്ത്രി കടകംപള്ളിയുടെ ഖേദപ്രകടനവും അതെന്തിനെന്ന സീതാറാം യച്ചൂരിയുടെ ചോദ്യവും കൂടി വന്നതോടെ ചര്‍ച്ചയാക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചിരുന്ന ശബരിമല വീണ്ടും കത്തി. കേസിപ്പോള്‍ സുപ്രീംകോടതിയിലല്ലേ എന്ന് ചോദിച്ച് ഉചിതസമയത്ത് തീരുമാനമെന്ന് പറഞ്ഞ ഒഴിഞ്ഞ് മാറാനാണ് സിപിഎം നീക്കം. വിധിയെന്തായാലും എല്ലാവരുായി ചര്‍ച്ചയുണ്ടാകുമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി മാധ്യമങ്ങളുടെ തുടര്‍ചോദ്യങ്ങളൾക്ക് അജണ്ടയുണ്ടെന്ന് കുറ്റപ്പെടുത്തുന്നു. 

എന്നാൽ വിടാന്‍ പ്രതിപക്ഷം തയ്യാറല്ല. നിലപാട് കടുപ്പിച്ച് എൻഎസ്എസ് കൂടി വന്നതോടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിഷയം ഏറ്റടുക്കുകയാണ്. ശബരിമല എല്ലാ മണ്ഡലങ്ങളിലും ചര്‍ച്ചയാക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്ന ബിജെപി കടുത്ത ഭാഷയിലാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. നാമജപ ഘോഷയാത്രയടക്കം സംഘടിപ്പിച്ച് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് ബിജെപി തീരുമാനം.