തിരുവനന്തപുരം: കെപിസിസിയുടെ ഔദ്യോഗിക വക്താക്കളായി മുൻ ഡിസിസി അധ്യക്ഷൻമാരായ കെ.സി.അബു, സി.വി.ബാലചന്ദ്രൻ എന്നിവരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിയമിച്ചു. സംഘടനാ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. അനില്‍കുമാര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

നേരത്തെ പേരാമ്പ്ര സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പറഞ്ഞു കേട്ട പേരാണ് കെ.സി.അബുവിൻ്റേത്. കോഴിക്കോട്ടെ എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ അബു നേരത്തെ ദീര്‍ഘകാലം കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. തൃത്താലയിൽ വി.ടി.ബൽറാമിനെതിരെ വിമത നീക്കം നടത്തിയ സി.വി.ബാലചന്ദ്രനെ ഇന്നലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ സന്ദര്‍ശിച്ചിരുന്നു. പ്രശ്നങ്ങൾ പറഞ്ഞു തീര്‍ത്തതായും പാര്‍ട്ടിക്ക് വേണ്ടി സജീവമായി രംഗത്തിറങ്ങുമെന്നും ബാലചന്ദ്രൻ പിന്നീട് പ്രതികരിച്ചിരുന്നു. കെപിസിസി ഭാരവാഹിത്വം വാഗ്ദാനം ചെയ്താണ് ബാലചന്ദ്രനെ പാര്‍ട്ടി അനുനയിപ്പിച്ചത് എന്നാണ് സൂചന.