Asianet News MalayalamAsianet News Malayalam

'ജയരാജൻ ഞങ്ങളുടെ വികാരമാണ്', രാഷ്ട്രീയം നിർത്തുന്നുവെന്ന് ധീരജ് കുമാർ

രാഷ്ട്രീയ പ്രവർത്തനം നിർത്തി ബിസിനസ് ചെയ്ത് ജീവിക്കാനാണ് ധീരജിന്റെ തീരുമാനം. സിപിഎം പുറത്താക്കിയതിന് പിന്നാലെ പിന്തുണയുമായി കൂടുതൽ പേർ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ ഇതൊന്നും സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്നും ധീരജ് പറഞ്ഞു. 

dheeraj kumar announces he is quitting politics cpm had taken action against him
Author
Kannur, First Published Mar 7, 2021, 10:07 AM IST

കണ്ണൂ‌ർ: രാഷ്ട്രീയ പ്രവർത്തനം നിർത്തുകയാണെന്ന് കണ്ണൂരിൽ സിപിഎമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ധീരജ് കുമാർ. പി ജയരാജന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിലിൽ നിന്ന് ധീരജ് കുമാർ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടിയുടെ അച്ചടക്ക നടപടി. 

പി ജയരാജന് സീറ്റ് നിഷേധിച്ചത് പാർട്ടിക്ക് നേരിയ മേൽക്കൈയുള്ള അഴീക്കോട് കണ്ണൂർ മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാക്കുമെന്നും പ്രവർത്തകരുടെ വികാരം പ്രകടിപ്പിക്കാനാണ് പരസ്യ പ്രതികരണം നടത്തിയതെന്നും ധീരജ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ധീരജ് വ്യക്തമാക്കി. 

രാഷ്ട്രീയ പ്രവർത്തനം നിർത്തി ബിസിനസ് ചെയ്ത് ജീവിക്കാനാണ് ധീരജിന്റെ തീരുമാനം. സിപിഎം പുറത്താക്കിയതിന് പിന്നാലെ പിന്തുണയുമായി കൂടുതൽ പേർ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ ഇതൊന്നും സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്നും ധീരജ് പറഞ്ഞു. 

പി ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണങ്ങൾ നടക്കുന്നതിനിടെയായിരുന്നു ഇന്നലെ ധീരജ് സ്പോർട്സ് കൗൺസിലിൽ നിന്ന് രാജിവച്ചത്. മാധ്യമങ്ങളോട് പ്രതികരണവും നടത്തിയതോടെയാണ് സിപിഎം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. 

സാമൂഹിക മാധ്യമങ്ങളിൽ പ്രചരണം തുടരുന്നതിനിടെ പി ജയരാജൻ തന്നെ പിജെ ആർമിയെ അടക്കം തള്ളി രംഗത്തെത്തിയിരുന്നു. തന്‍റെ പേരുയർത്തിയുള്ള വിവാദങ്ങളിൽ നിന്നും സിപിഎമ്മുകാർ പിൻവാങ്ങണമെന്നും പിജെ ആർമിയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ജയരാജൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചത്. 
 

Follow Us:
Download App:
  • android
  • ios