തിരുവനന്തപുരം: ഇടത് മുന്നണി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണത്തിനിടെ നിരവധി വിവാദങ്ങളാണ് ഉയർന്ന് വന്നത്. സ്വർണ്ണക്കടത്ത്, ഡോളർ കടത്ത്, ശിവശങ്കർ, ലൈഫുമായി ബന്ധപ്പെട്ട് ഉണ്ടായ കൈക്കൂലി കേസുകൾ. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമെല്ലാം സർക്കാരിന് തലവേദയായിരുന്നു. ഈ വിവാദങ്ങളെ വോട്ടർമാർ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ വോട്ടര്‍ സർവെ പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വോട്ടർമാർ എങ്ങനെ പ്രതികരിച്ചുവെന്ന് നോക്കാം.

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുകൾ സ്വപ്ന സുരേഷ് കോടതിയിൽ കൊടുത്ത മൊഴിയിലുണ്ട്. ഇത് ഗൌരവമുള്ളതാണോ എന്ന ചോദ്യത്തിന് 51 ശതമാനം പേരും ആണ് എന്നാണ് അഭിപ്രായപ്പെട്ടത്. 48 ശതമാനം പേർ അല്ല എന്നും 1 ശതമാനം അറിയില്ലെന്നും അഭിപ്രായപ്പെട്ടു. 

സ്വന്തം ഓഫീസ്  നടത്തിപ്പിന് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്നുണ്ടോ ? അങ്ങനെയെങ്കിൽ ശിവശങ്കറിന്റെ കാര്യത്തിൽ തെറ്റുപറ്റിയോ എന്ന സി ഫോർ സർവേ ചോദ്യത്തിന് ഉണ്ട് എന്ന് 51 ശതമാനം പേരും ഇല്ല എന്ന് 39 ശതമാനം പേരും അറിയില്ല എന്ന് 10 ശതമാനം പേരും അഭിപ്രായപ്പെട്ടു. 

വീടുണ്ടാക്കാൻ യുഎഇ റെഡ്ക്രസന്റ് കൊടുത്ത 20 കോടിയിൽ 3 കോടിയിലേറെ കൈക്കൂലിയായി പോയി. ഇതിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടോ എന്ന് ചോദ്യത്തിന് ഉണ്ട് എന്ന് 49 ശതമാനം പേരും ഇല്ല എന്ന് 38 ശതമാനം പേരും അറിയില്ല എന്ന് 13 ശതമാനം പേരും അഭിപ്രായപ്പെട്ടു.