തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളിൽ നിന്ന് ഇ ശ്രീധരൻ്റെ ഫോട്ടോകൾ മാറ്റാൻ നിർദ്ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളിൽ ഒരാളായിരുന്നു മെട്രോ മാൻ ഇ ശ്രീധരൻ. ഗായിക കെ എസ് ചിത്രയും കമ്മീഷന്റെ ഐക്കണായിരുന്നു. ശ്രീധരൻ ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് ഓഫീസുകളിൽ നിന്ന് ചിത്രം മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതോടെ നിഷ്‍പക്ഷത ഇല്ലാതായെന്ന് കണക്കാക്കിയാണ് നടപടി.

ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തെരഞ്ഞെടുത്തിട്ടുണ്ട്. കെ എസ് ചിത്രയും ഐക്കണായി തുടരും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് 2019ലാണ് ശ്രീധരനെയും കെ എസ് ചിത്രയും തെരഞ്ഞെടുപ്പ് ഐക്കണുകളായി പ്രഖ്യാപിച്ചത്. വോട്ടർമാരെ ബോധവത്കരിക്കാനും കൂടുതൽ പേരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ടിയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഐക്കണുകളായി സമൂഹത്തിൽ മാനിക്കപ്പെടുന്ന വ്യക്തികളെ തെരഞ്ഞെടുക്കുന്നത്.