നേമം സീറ്റിൽ കൂട്ടായ തീരുമാനം പറയണമെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ചു. നേമം ​ഗൗരവത്തോടെ കാണണമെന്നും തെരഞ്ഞെടുപ്പ് സമിതിയിൽ തീരുമാനം പറയണമെന്നുമാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. 

ദില്ലി: കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ എംപിമാരെ ഉൾപ്പെടുത്തുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കമാൻഡ്. നേമം സീറ്റിൽ കൂട്ടായ തീരുമാനം പറയണമെന്നും നേതാക്കളോട് ഹൈക്കമാൻഡ് നിർദ്ദേശിച്ചു. നേമം ​ഗൗരവത്തോടെ കാണണമെന്നും തെരഞ്ഞെടുപ്പ് സമിതിയിൽ തീരുമാനം പറയണമെന്നുമാണ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിരിക്കുന്നത്. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോട് കോണ്‍ഗ്രസ് അടുക്കുമ്പോഴും നേമത്തെ സസ്പെന്‍സ് തുടരുകയാണ്. അഭ്യൂഹങ്ങള്‍ക്കിടെ പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും നിയോഗം ആര്‍ക്ക് കൈമാറണമെന്നതില്‍ ആശയക്കുഴപ്പം തുടരുന്നുവെന്നാണ് വിവരം. ജനസമ്മിതിയുള്ള പ്രശസ്തനായ സ്ഥാനാര്‍ത്ഥി തന്നെ വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കുമ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനം നിര്‍ണ്ണായകമാകും.

നേമം ഏറ്റെടുക്കുന്നത് രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാകുമെന്ന എ ഗ്രൂപ്പ് സമ്മര്‍ദ്ദം ഉമ്മന്‍ചാണ്ടിക്ക് മേലുണ്ട്. വിശ്വസ്തരായ കെ ബാബുവിനും, കെ സി ജോസഫിനും സീറ്റ് നല്‍കിയാല്‍ മാത്രം വെല്ലുവിളി ഏറ്റെടുക്കുമെന്ന നിലപാടും ഉമ്മന്‍ചാണ്ടി മുന്‍പോട്ട് വച്ചു. നേമം ഏറ്റെടുക്കാമെന്ന് ചെന്നിത്തല പറയുന്നുണ്ടെങ്കിലും ആത്മവിശ്വാസക്കുറവ് പ്രകടമാണ്. എന്നാല്‍, ഹിന്ദുവോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയേക്കാളും സാധ്യത ചെന്നിത്തലക്കുണ്ടെന്ന് ഹൈക്കമാന്‍ഡ് കണക്ക് കൂട്ടുന്നു. 

ഹിന്ദുവോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ പിന്തുണകൂടി ഉറപ്പിക്കാനായാല്‍ നേമം പിടിക്കാമെന്നാണ് വിലയിരുത്തല്‍. അഭിമാന പോരാട്ടമെന്ന സമ്മര്‍ദ്ദം ഹൈക്കമാൻഡ് മുന്‍പോട്ട് വയ്ക്കുമ്പോള്‍ സംഘടന സംവിധാനം ദുര്‍ബലമായ മണ്ഡലത്തിലേക്ക് പുകുന്നത് നേതാക്കളുടെയും ചങ്കിടിപ്പ് കൂട്ടുകയാണ്.