ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയപ്പട്ടിക ചുരുക്കാത്തതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തി. സംസ്ഥാന ഘടകത്തിന്റെ സാധ്യത പട്ടികയിൽ ഓരോ മണ്ഡലത്തിലും 2 മുതൽ 5 വരെ പേരാണ് ഇടം പിടിച്ചിട്ടുള്ളത്. ഇതാണ് ഹെക്കമാൻഡിനെ ചൊടിപ്പിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച്.കെ.പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്. സ്ഥാനാർത്ഥി പട്ടിക ചുരുക്കി വൈകുന്നരത്തെ സ്ക്രീനിംഗ് കമ്മിറ്റിക്കെത്താൻ കേരളത്തിലെ നേതാക്കൾക്ക് നിർദ്ദേശം നൽകിയതയാണ് വിവരം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. 92 സീറ്റുകളിലെ അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക. ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും. ഇതിന് മുന്നോടിയായി കേരള നേതാക്കൾ എകെ ആൻറണിയുമായി രാവിലെ ചർച്ച നടത്തും. 

എല്ലാ സിറ്റിംഗ് എംഎൽഎമാർക്കും നിലവിലെ സീറ്റ് നൽകിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കെ.സി ജോസഫിന്റെ ഇരിക്കൂർ മണ്ഡലത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇരിക്കൂറിന് പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്നാണ് കെ സി ജോസഫ് മുന്നോട്ട് വെക്കുന്നത്. എന്നാൽ അതേ സമയം കെ.സി ജോസഫിന് സീറ്റ് നൽകരുതെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ്. യുവാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതി നൽകി.