Asianet News MalayalamAsianet News Malayalam

സര്‍ക്കാരിന് പച്ചക്കൊടി‍‍, അരി വിതരണം തുടരാമെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്ക് സ്റ്റേ

അരി വിതരണം തുടരാം. എന്നാല്‍, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി. അരി  വിതരണം തീരുമാനം ഫെബ്രുവരി 4 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

high court against election commission move on rice distribution in kerala
Author
Kochi, First Published Mar 29, 2021, 1:25 PM IST

കൊച്ചി: സ്പെഷ്യൽ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അരി വിതരണം തടഞ്ഞതിനെതിരായ സർക്കാർ അപ്പീലിൽ ആണ് നടപടി. അരി വിതരണം തുടരാം. എന്നാല്‍, അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അരി  വിതരണം തീരുമാനം ഫെബ്രുവരി 4 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി എടുത്തിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

മുൻഗണനേതര വിഭാഗക്കാർക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യൽ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനാണ് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇത് സ്‌പെഷ്യൽ അരി എന്ന നിലയിൽ നേരത്തെയും വിതരണം ചെയ്തതായിരുന്നുവെന്നും ബജറ്റിൽ പ്രഖ്യാപിച്ചതാണ് എന്നുമാണ് സർക്കാരിന്‍റെ വാദം. അരി നൽകുന്നത് നേരത്തെ നടന്ന് കൊണ്ടിരിക്കുന്ന നടപടികളുടെ ഭാഗമാണെന്നും അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി അംഗീകരിക്കാനാകില്ലെന്നും സർക്കാർ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇലക്ഷന് മുന്നോടിയായാണ് അരി വിതരണം ചെയ്യുവാൻ ശ്രമിച്ചത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻറെ മറുവാദം. 2020 ആഗസ്റ്റിൽ സ്പെഷ്യൽ അരി വിതരണം നിർത്തി വച്ചിരുന്നു, മാർച്ച്, ഏപ്രിലിൽ പുനരാരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്നാണ് അരിവിതരണം തെരെഞ്ഞെടുപ്പ് കമീഷൻ തടഞ്ഞത്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ വിശദീകരണം നൽകിയിട്ടുണ്ട്. ഇത് പുതിയ പ്രഖ്യാപനമല്ലെന്നും നേരത്തെയും നൽകി വന്നിരുന്ന നടപടികളുടെ തുടർച്ചയാണെന്നുമാണ് സർക്കാർ കമ്മീഷനെ അറിയിച്ചത്. ഇതിനിടെ വിഷു - ഈസ്റ്റർ സൗജന്യ കിറ്റ് വിതരണം ഇന്ന് തുടങ്ങിയേക്കും. പെസഹ വ്യാഴവും ദുഃഖവെള്ളിയും പ്രമാണിച്ച് ഏപ്രിൽ ഒന്നും രണ്ടും അവധി ദിവസങ്ങളായതിനാൽ കട തുറക്കാനാകില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടന വ്യക്തമാക്കിയതോടെയാണിത്. നേരത്തെ മാർച്ച് 25 മുതൽ കിറ്റ് നൽകി തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇത് ഏപ്രിൽ ഒന്നിലേക്ക് മാറ്റുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios