Asianet News MalayalamAsianet News Malayalam

'ഇരട്ട വോട്ട് ജനാധിപത്യത്തിലെ മായം ചേർ‍ക്കൽ'; ചെന്നിത്തലയുടെ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ

സ്വന്തം നിലയിൽ സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് ഈ വോട്ടുകൾ തങ്ങൾ കണ്ടെത്തിയതെന്നും കമ്മീഷന് പിന്നെ എന്ത് കൊണ്ട് ഇത് കണ്ടെത്താനാകുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ്  ഹൈക്കോടതിയിൽ ചോദിച്ചത്

high court intervention in chennithala double vote allegation orders action from election commission
Author
Kochi, First Published Mar 29, 2021, 1:00 PM IST

കൊച്ചി: ഇരട്ടവോട്ട് തടയണമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. ഒരാൾ ഒരു വോട്ട് മാത്രം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഇരട്ട വോട്ട് ജനാധിപത്യത്തിലെ മായം ചേർ‍ക്കലാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണ പ്രതികരിച്ചു.

സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പതിനാലായിരത്തിലേറെ ഇരട്ട വോട്ടുകളോ കള്ളവോട്ടുകളോ ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തല ഹൈക്കോടതിയെ അറിയിച്ചത്. സ്വന്തം നിലയിൽ സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് ഈ വോട്ടുകൾ തങ്ങൾ കണ്ടെത്തിയതെന്നും കമ്മീഷന് പിന്നെ എന്ത് കൊണ്ട് ഇത് കണ്ടെത്താനാകുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവ്  ഹൈക്കോടതിയിൽ ചോദിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും കമ്മീഷൻ നടപടി സ്വീകരിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ രമേശ് ചെന്നിത്തലയുടെ ഹർജി പതിനൊന്നാം മണിക്കൂറിലാണെന്നായിരുന്നു കമ്മീഷൻ സത്യാവങ്മൂലം. 

പട്ടികയിലെ തെറ്റ് തിരുത്താനും ചൂണ്ടിക്കാണിക്കാനുമുള്ള അവസരം പ്രതിപക്ഷ നേതാവ് ഉപയോഗിച്ചില്ല. വ്യാജ വോട്ട് തടയാൻ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് കഴിയാതെ ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്ത് കൊണ്ടാണ് ഇരട്ടവോട്ടുകൾ തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കാത്തത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് നാളെ അറിയിക്കാൻ ഇടക്കാല ഉത്തരവിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് നിർദ്ദേശിച്ചു.

ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം ചേർക്കലാണെന്ന് നിരീക്ഷിച്ച കോടതി ആരും ഇരട്ടവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടെന്നും വ്യക്തമാക്കി.ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പ്രതികരിച്ചു. ഇതിനിടെ കേരളത്തിലെ കള്ളവോട്ട് പ്രശ്നത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണവും തേടി. ഈ മാസം 31നകം റിപ്പോർട്ട് നൽകണമെന്നും റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios