Asianet News MalayalamAsianet News Malayalam

കോടതി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കുന്നത് വിലക്കി ഹൈക്കോടതി

മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്. സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ സഭ്യമായ ഭാഷ ഉപയോഗിക്കണം. ഔദ്യോഗിക പദവിയുടെ അന്തസ് ഇടിക്കുന്ന തരത്തില്‍ സമൂഹമമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

high court of kerala directs employees not to criticize government or court on social media
Author
Kochi, First Published Apr 2, 2021, 1:43 PM IST

കൊച്ചി: കോടതി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കുന്നത് വിലക്കി ഹൈക്കോടതി. സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ചുള്ള പെരുമാറ്റ ചട്ടത്തിലാണ്  നിര്‍ദേശങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും പെരുമാറ്റചട്ടം നിഷ്കര്‍ഷിക്കുന്നു.

കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഇടപെടലുകള്‍ നിയന്ത്രിക്കുന്നതിന് പത്ത് നിര്‍ദേശങ്ങളാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തയാറാക്കിയ പെരുമാറ്റചട്ടത്തിലുള്ളത്. സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം. കോടതി ഉത്തരവുകളെയോ നിര്‍ദേശങ്ങളെയോ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കരുത്. കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുതെന്നും ഉത്തരവിൽ പറയുന്നു.

മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്. സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ സഭ്യമായ ഭാഷ ഉപയോഗിക്കണം. ഔദ്യോഗിക പദവിയുടെ അന്തസ് ഇടിക്കുന്ന തരത്തില്‍ സമൂഹമമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളില്‍ കയറുകയോ, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്. ജോലിസമയത്ത് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്  ഒഴിവാക്കണം. കോടതികളിലെ ഇന്‍റര്‍നെറ്റും കംപ്യൂട്ടറുകളും ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കയറരുതെന്നും പെരുമാറ്റചട്ടത്തില്‍ പറയുന്നു. 

കോടതി ജീവനക്കാര്‍ അവരുടെ ഇ മെയില്‍ വിലാസവും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഹൈക്കോടതിയുടെ സോഷ്യല്‍ മീഡിയ സെല്ലിന് കൈമാറണമെന്നും നിര്‍ദേശമുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണവിധേയമാക്കുക. ഹൈക്കോടതി, ജില്ലാ കോടതി ജീവനക്കാർക്കാണ് മാർഗ്ഗനിർദ്ദേശം.

Follow Us:
Download App:
  • android
  • ios