തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് - ലീഗ് - ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന ബിജെപി നേതാവ് ഒ രാജഗോപാലിന്‍റെ പ്രസ്താവനക്കെതിരെ കെ മുരളീധരന്‍. കേരളത്തിൽ ഒരിക്കലും ബിജെപിയുമായി സഹകരണം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. ബിജെപിയെ എല്ലാ കാലത്തും നേരിടാൻ യുഡിഎഫ് മാത്രമാണുള്ളത്. നേമത്ത് ആര് തമ്മിലാണ് മത്സരം എന്നത് പ്രത്യേകം പറയേണ്ടതില്ല. വിശ്വാസം ഈ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാവുമെന്നും ബിജെപിയുമായി ഒരു അഡ്ജസ്റ്റ്മെന്റിനും തയാറായിട്ടില്ലെന്നും കെ മുരളീധരന്‍  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബിജെപിക്ക് നേട്ടമായെന്നുമാണ് രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. വടക്കൻ കേരളത്തിലായിരുന്നു സഖ്യം കൂടുതലെന്നും സംസ്ഥാനത്ത് വോട്ടുകച്ചവടം ഉണ്ടായിട്ടുണ്ടെന്നുമാണ് മുതിർന്ന ബിജെപി നേതാവ് രാജഗോപാൽ വെളിപ്പെടുത്തിയത്. 91 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ഉയര്‍ത്തിവട്ടതും എന്നാല്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം പാടെ നിഷേധിച്ചതുമായ ആരോപണമാണ് കേരളത്തിലെ ഏറ്റവും മുതര്‍ന്ന ബിജെപി നേതാവായ ഒ രാജഗോപാല്‍ സ്ഥിരീകരിക്കുന്നത്. സിപിഎം അതിക്രമങ്ങള്‍ കൂടുതലുളള പ്രദേശങ്ങളിലായിരുന്നു ഇത്തരം കൂട്ടുകെട്ട് ഏറെയെന്നും പാർട്ടിക്ക് നേട്ടമുണ്ടാകുന്ന തരത്തിൽ മറ്റ് പ്രദേശങ്ങളിലും ഇത്തരം സഖ്യമുണ്ടായിട്ടുണ്ടെന്നും രാജഗോപാൽ സമ്മതിച്ചു.