Asianet News MalayalamAsianet News Malayalam

വർഗീയതയ്ക്ക് എതിരായ പോരാട്ടം, പാർട്ടിയാണ് നിയോഗിച്ചത്; വരും വരായ്കകളെ കുറിച്ച് ചിന്തിച്ചിട്ടില്ല: കെ മുരളീധരൻ

മോദി ഭൂമിയും ആകാശവും വിറ്റപ്പോൾ പിണറായി കടൽ വിൽക്കുന്നു. പകലൊക്കെ പരസ്പരം പോരടിക്കുന്ന എൽഡിഎഫും ബിജെപിയും രാത്രി ഭായ് ഭായ് ആണ്

K Muraleedharan on Nemam candidacy Kerala assembly election 2021
Author
Thiruvananthapuram, First Published Mar 16, 2021, 9:21 PM IST

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ ആവേശം കൊള്ളിച്ച് കെ മുരളീധരൻറെ നേമത്തേക്കുള്ള എൻട്രി. നേമം ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം ജഗതിയിൽ നിന്ന് കരമന വരെ റോഡ്ഷോ നടത്തിയാണ് നിയമസഭാ പോരാട്ടത്തിന്റെ കളത്തിലേക്ക് ഇറങ്ങിയത്. വഴിനീളെ വൻ ജനക്കൂട്ടം മുരളീധരനെ സ്വീകരിക്കാനെത്തി. 

അതേസമയം നേമത്ത് വർഗീയതയ്ക്ക് എതിരായ പോരാട്ടത്തിനാണ് പാർട്ടി തന്നെ നിയോഗിചിട്ടുള്ളതെന്ന് കെ മുരളീധരൻ എംപി. അതിന്റെ വരും വരായ്കകളെ കുറിച്ചു താൻ ആലോചിച്ചിട്ടില്ല. കഴിഞ്ഞ തവണ എൽഡിഎഫിൽ നിന്ന് ചവിട്ട് കൊണ്ട് സഹികെട്ട ഒരു പാർട്ടിയാണ് നേമത്ത് വേണ്ടി മത്സരിച്ചത്. അത് നമുക്ക് ക്ഷീണം ഉണ്ടാക്കി. മോദി ഭൂമിയും ആകാശവും വിറ്റപ്പോൾ പിണറായി കടൽ വിൽക്കുന്നു. പകലൊക്കെ പരസ്പരം പോരടിക്കുന്ന എൽഡിഎഫും ബിജെപിയും രാത്രി ഭായ് ഭായ് ആണ്. കുമ്മനവും ശിവൻകുട്ടിയും ഇപ്പോൾ പരസ്പരം കുറ്റം പറയുന്നില്ല. രണ്ടു പേർക്കും കുറ്റം പറയാൻ ഇപ്പോൾ കെ മുരളീധരൻ ഉണ്ട്. അതിൽ സന്തോഷം. ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഗാന്ധിയൻ സമരമുറ സ്വീകരിച്ചത് കോൺഗ്രസാണ്. താൻ പത്തനംതിട്ട വരെ പദയാത്ര നടത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വടകരയിൽ പദയാത്ര നടത്തിയതും താൻ തന്നെയാണ്. കേരളത്തിൽ ഉടനീളം പ്രചാരണം നടത്തി. ബാലശങ്കർ ഇന്ന് ഉന്നയിച്ച ആരോപണം മാത്രമല്ല, ഇനിയും പലതും വരാനുണ്ട്. സംഘ പരിവാറിന്റെ നേതാവാണ് പറയുന്നത്. അതിലും നല്ല സർട്ടിഫിക്കറ്റ് ആര് കൊടുക്കാനാണ്. മോഹൻ ഭാഗവതിന്റെ സർട്ടിഫിക്കറ്റ് പോലെ തന്നെയാണ് അത്. വട്ടിയൂർകാവിൽ യുഡിഎഫ് ജയിക്കും. പ്രദേശത്ത് നിന്ന് തന്നെയുള്ള സ്ഥാനാർത്ഥി വേണമെന്നാണ് വട്ടിയൂർക്കാവിലുള്ളവർ ആഗ്രഹിച്ചത്‌. അതിന്റെ അടിസ്‌ഥാനത്തിലാണ് വീണയെ സ്ഥാനാർഥി ആക്കിയതെന്നാണ് മനസിലാക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

ബിജെപിയെ നേരിടാൻ യുഡിഎഫെന്ന സന്ദേശം സംസ്ഥാനത്താകെ ഉയർത്തുകയാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്.  വോട്ടുകണക്കിൽ ഏറെ പുറകിലുള്ള മണ്ഡലത്തിൽ വ്യക്തി മികവിൽ ചരിത്ര വിജയമാണ് ലക്ഷ്യമിടുന്നത്. മുൻപ് കെ കരുണാകരൻ മത്സരിച്ച മണ്ഡലത്തിൽ 39 വർഷങ്ങൾക്ക് ശേഷം മകൻ മുരളീധരൻ വന്നിറങ്ങുമ്പോൾ വലിയ ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. അതേസമയം യുഡിഎഫിനെ അപ്രസക്തമാക്കിയുള്ള കണക്കുകളുമായാണ് സിപിഎം നേതാക്കൾ രംഗത്തെത്തിയത്.  നേമം നിലനിർത്താനുള്ള അഭിമാന പോരാട്ടത്തിൽ ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ബിജെപിയും ഇന്ന് ലക്ഷ്യമിട്ടത് കെ മുരളീധരന്റെ ശക്തനായ എതിരാളി ഇമേജിനെ തന്നെയായിരുന്നു.

Follow Us:
Download App:
  • android
  • ios