Asianet News MalayalamAsianet News Malayalam

നേമം വിവാദങ്ങൾക്ക് പിന്നിൽ സംഘടിത നീക്കമെന്ന് കെ.മുരളീധരൻ, വെല്ലുവിളികളേറ്റെടുക്കാൻ മടിയില്ല

സത്യത്തിൽ കോണ്‍ഗ്രസ് നേമം ഏറ്റെടുത്താൽ വിവാദം അവിടെ തീരേണ്ടതാണ്. എന്നാൽ അവിടെ ശക്തൻ, ദുര്‍ബലൻ എന്നിങ്ങനെയൊക്കെ അനാവശ്യ ചര്‍ച്ചകൾ വന്നു. ഉമ്മൻ ചാണ്ടിയുടെ പേര് നേമത്തേക്ക് വന്നതിന് പിന്നിൽ സംഘടിത ശ്രമങ്ങളുണ്ട്.

K Muraleedharan talking about nemom
Author
Thiruvananthapuram, First Published Mar 13, 2021, 2:38 PM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി വിവാദങ്ങളും അനിശ്ചിതാവസ്ഥയും തുടരുമ്പോൾ വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് സന്ദീപ് തോമസിനോട് സംസാരിക്കുന്നു. 

സ്ഥാനാര്‍ത്ഥി നിര്‍ണയം വല്ലാതെ അനിശ്ചിതാവസ്ഥയിലാണോ ?

ഇതൊക്കെ കോണ്‍ഗ്രസിലെ സ്ഥിരം സംഭവമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം വളരെ വൈകിയാണ് ഇവിടെ പൂര്‍ത്തിയാവുക. നാളെ എന്തായാലും പൂര്‍ണമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങും.

നേമം വല്ലാതെ ചര്‍ച്ചയായത് തിരിച്ചടിയായോ

പണ്ട് തിരുവനന്തപുരത്ത് സീറ്റ് വേണമെന്ന് വീരേന്ദ്രകുമാര്‍ വിഭാഗം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്ക് നേമം നൽകിയത്. 2011,2016-ലും യുഡിഎഫ് നേമത്ത് മൂന്നാമാതാവൻ അതു കാരണമായി. അതുവരെ നേമത്തെ അവസ്ഥ  അങ്ങനെ ആയിരുന്നില്ല. 

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് നേരത്തെ കോണ്‍ഗ്രസിൻ്റെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും ജയിച്ചു വന്നിരുന്നത് നേമത്തും വട്ടിയൂര്‍ക്കാവിൽ നിന്നുമാണ്. എന്നാൽ വീരേന്ദ്രകുമാറിന് സീറ്റ് നൽകിയതോടെ കാര്യങ്ങൾ മാറി. പ്രവര്‍ത്തകര്‍ ആകെ മടുപ്പിലായി. നേമത്ത് യുഡിഎഫ് ജയിക്കുന്നത് പൂര്‍ണമായും കോണ്‍ഗ്രസ് വോട്ടിൻ്റെ ബലത്തിലാണ്. ആ സംഘടന സംവിധാനം നിശ്ചലമാവാൻ എംഎൽഎ ഇല്ലാതിരുന്നത് കാരണമായി. കരുണാകരൻ മത്സരിച്ചു ജയിച്ച നേമത്തിൻ്റെ രാഷ്ട്രീയ ഭൂപടം ഇന്നത്തെ നേമത്തിൽനിന്നും വളരെ വ്യത്യസ്തമാണ്. 

സത്യത്തിൽ കോണ്‍ഗ്രസ് നേമം ഏറ്റെടുത്താൽ വിവാദം അവിടെ തീരേണ്ടതാണ്. എന്നാൽ അവിടെ ശക്തൻ, ദുര്‍ബലൻ എന്നിങ്ങനെയൊക്കെ അനാവശ്യ ചര്‍ച്ചകൾ വന്നു. ഉമ്മൻ ചാണ്ടിയുടെ പേര് നേമത്തേക്ക് വന്നതിന് പിന്നിൽ സംഘടിത ശ്രമങ്ങളുണ്ട്. നിങ്ങൾ നേമത്ത് മത്സരിക്കാൻ തയ്യാറാണോ എന്ന് എഐസിസി പ്രതിനിധികളോ, ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ മുല്ലപ്പള്ളിയോ എന്നോട് ചോദിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് നേമത്ത് മത്സരിക്കാൻ ഞാൻ സന്നദ്ധത അറിയിച്ചത് എന്ന തരത്തിൽ വാര്‍ത്ത വന്നത് എന്നറിയില്ല.

നേമത്ത് മത്സരിക്കാൻ താങ്കൾ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാൽ മത്സരിക്കും എന്ന തരത്തിൽ ഞാനൊരിക്കലും പറയില്ല. അത്രയും ചീപ്പല്ല ഞാൻ. കേന്ദ്രമന്ത്രിയാക്കും എന്ന് മോഹിച്ചല്ല വടകരയിൽ പോയി ഞാൻ മത്സരിച്ചത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടില്ലെന്ന് എനിക്ക് അറിയമായിരുന്നു. ഇനി കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി ഭരിച്ചാൽ പോലും ആൻ്റണി, തരൂര്‍, കൊടിക്കുന്നിൽ എന്നീ മുൻമന്ത്രിമാരും ഘടകക്ഷിനേതാക്കളും നിൽക്കുമ്പോൾ എനിക്കൊരു മന്ത്രിസ്ഥാനം കിട്ടില്ലെന്ന് വ്യക്തമാണ്. 

വടകരയിൽ മത്സരിക്കാൻ ആളില്ല, ജയരാജൻ കേറി ആളാവുന്നു നേരിടാൻ ആളില്ലേ എന്ന പരിഹാസം വരുന്നു എന്ന ഘട്ടത്തിൽ പാര്‍ട്ടി ആവശ്യപ്പെട്ട പ്രകാരമാണ് ഞാൻ മത്സരത്തിനിറങ്ങിയത്. ഇപ്പോഴും പാര്‍ട്ടി ആവശ്യപ്പെട്ടാൽ ഏത് വെല്ലുവിളിയും ഞാൻ ഏറ്റെടുക്കും. അല്ലാതെ പ്രതിഫലത്തിന് വേണ്ടിയല്ല ഞാൻ ജീവിക്കുന്നത്. അതല്ല കെ.കരുണാകരൻ എന്നെ പഠിപ്പിച്ചത്. ഇപ്പോൾ തന്നെ നേമത്ത് പാര്‍ട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കാം. അതൊരു വെല്ലുവിളിയായി പാര്‍ട്ടി കാണുന്നുവെങ്കിൽ അതേറ്റെടുക്കാൻ ഒരു മടിയും എനിക്കില്ല. അതല്ലാതെ ഇഴഞ്ഞു കേറി ചെന്ന് സീറ്റ് ചോദിക്കുന്ന ആളല്ല ഞാൻ. 

താങ്കളെ പോലെയുള്ളവരെ മാറ്റിനിര്‍ത്താൻ വേണ്ടിയാണോ എംപിമാര്‍ മത്സരിക്കേണ്ട എന്ന നയം നടപ്പാക്കിയത് ?

അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട സമയമല്ല ഇത്. തെരഞ്ഞെടുപ്പിന് 25 ദിവസമേയുള്ളൂ. അതൊക്കെ ഇലക്ഷൻ കഴിഞ്ഞിട്ട് നമ്മുക്ക് പരിശോധിക്കാം.

നേമത്ത് ഉമ്മൻ ചാണ്ടിയുടെ പേരാണ് ഇപ്പോൾ കേൾക്കുന്നത്. എന്നാൽ അദ്ദേഹം സീറ്റ് മാറുന്നതിനെതിരെ പുതുപ്പള്ളിയിൽ വൻപ്രതിഷേധമായിരുന്നു... 

പുതുപ്പള്ളി ഉമ്മൻ ചാണ്ടിക്കും, ഹരിപ്പാട് ചെന്നിത്തലയ്ക്കും, കരുണാകരൻ്റെ കാലത്ത് മാളയും അതത് നേതാക്കൻമാരോട് കൂറ് പുലര്‍ത്തിയ മണ്ഡലങ്ങളാണ്. പാര്‍ലമെൻ്റിൽ പലപ്പോഴും യുഡിഎഫ് പുതുപ്പള്ളിയിൽ പിന്നോട്ട് പോയിട്ടുണ്ട്. ഹരിപ്പാട് രമേശിന് മുൻപ് പലവട്ടം കോണ്‍ഗ്രസ് തോറ്റ സീറ്റാണ്. വട്ടിയൂര്‍ക്കാവിൽ എനിക്കുള്ളത് ഒരു കുടുംബ ബന്ധമാണ്. 

നേമം പിടിക്കാം എന്നു പറഞ്ഞ് അങ്ങോട്ട് പോകുമ്പോൾ ആ വിരോധം നാട്ടുകാരിൽനിന്നും നേരിടേണ്ടി വരും. ഈ കാരണം കൊണ്ട് ഉമ്മൻ ചാണ്ടി മണ്ഡലം മാറുന്നതിനോട് ആദ്യമേ വിയോജിപ്പ് പ്രകടിപ്പിച്ച ആളാണ് ഞാൻ. ഉമ്മൻ ചാണ്ടി മണ്ഡലം മാറിയാൽ അതിൻ്റെ പ്രത്യാഘാതം പുതുപ്പള്ളിയിലുണ്ടാവും. 

ദുര്‍ബലനെന്ന് പറയുമ്പോൾ 1999-ലെ ഇലക്ഷനെ കുറിച്ച് ഓര്‍ക്കണം. ശിവകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോൾ എന്തൊക്കെ ബഹളമായിരുന്നു. അന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനാണ് അദ്ദേഹം.പക്ഷേ ജയിച്ചു വരാൻ അദ്ദേഹത്തിനായി. നേമത്ത് കോണ്‍ഗ്രസ് വെല്ലുവിളിയേറ്റെടുത്താൽ മതിയായിരുന്നു അതിൽ പിന്നെ എക്സ്, വൈ എന്നൊരു ഘടകമില്ല. വിഷയം വലിയ ചര്‍ച്ചയായതോടെ ഇനിയിപ്പോ അവിടെ ശക്തനെ കൊണ്ടു പോയി നിര്‍ത്തിയില്ലെങ്കിൽ സിപിഎം അതൊക്കെ ആയുധമാക്കും. രാജഗോപാൽ മാറിയതോടെ തന്നെ നേമത്തെ ബിജെപി വെല്ലുവിളി ദുര്‍ബലമായി. വ്യക്തിപരമായി കിട്ടിയ വോട്ടുകളാണ് തന്നെ ജയിപ്പിച്ചതെന്ന രാജഗോപാലിൻ്റെ വാക്കുകൾ തന്നെ വലിയ സര്‍ട്ടിഫിക്കറ്റല്ലേ. 

മലമ്പുഴയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയും വലിയ വിവാദം നിലനിൽക്കുന്നുണ്ട് ? 

വീരനും ശ്രേംയസും അടങ്ങിയ ദൾ വിഭാഗം യുഡിഎഫ് വിട്ടു പോയപ്പോൾ ‍ഞങ്ങളുടെ കൂടെ നിൽക്കാമെന്ന് വാക്കു തന്ന കെപി മോഹനൻ അടക്കം മറുകണ്ടം ചാടി. ആ സന്ദര്‍ഭത്തിൽ യുഡിഎഫിനൊപ്പം ഉറച്ചു നിന്നയാളാണ് ജോണ്‍ ജോണ്‍. നേരത്തെ കേരള ജനതാ പാര്‍ട്ടി എന്ന പേരിൽ സ്വന്തം പാര്‍ട്ടിയുണ്ടാക്കി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പാലാക്കാടായിരുന്നു അദ്ദേഹത്തിൻ്റെ പ്രവര്‍ത്തന മണ്ഡലം. പാലക്കാട് ജില്ലയിൽ സുപരിചതനായ നേതാവ് എന്ന നിലയിലാണ് ജോണ്‍ ജോണിന് സീറ്റ് നൽകിയത്. 

എഐസിസി സര്‍വ്വേ നടത്തിയാണ് ഇപ്രാവശ്യത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം. എന്നിട്ടും വാര്‍ത്തകൾ വന്നപ്പോൾ തന്നെ പലയിടത്തും പ്രതിഷേധമാണ്.. 

ചില സ്ഥലത്തെ പ്രതിഷേധങ്ങളിൽ കാര്യമില്ല. എന്നാൽ ചിലയിടത്തെ പ്രതിഷേധം ഗൗരവമായി കൈകാര്യം ചെയ്യേണ്ടതാണ്. അതൊക്കെ നാളെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന ശേഷമേ വ്യക്തമാവും.

സ്ഥാനാര്‍ത്ഥിനിര്‍ണയചര്‍ച്ചകൾക്കായി ദില്ലിക്ക് പോകും മുൻപ് കാര്യങ്ങൾ തീരുമാനിക്കാൻ പത്തംഗ സമിതിയുണ്ടെങ്കിലും തീരുമാനം എടുക്കുന്നതൊക്കെ മൂന്നംഗ സമിതിയാണ് എന്നൊരു വിമര്‍ശനം താങ്കൾ നടത്തിയിരുന്നു. അതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും സംഭവിച്ചോ. 

അതൊക്കെ നാളെ ലിസ്റ്റ് വന്നാൽ മാത്രമേ പറയാനാവൂ. സ്ക്രീനിംഗ് കമ്മിറ്റി മുൻപാകെ ഞാൻ പോയിട്ടില്ല. മുരളീധരൻ പ്രതിഷേധിച്ചു, ഹൈക്കമാൻഡിനെ ധിക്കരിച്ചു എന്നെല്ലാം വാര്‍ത്ത വന്നു. നമ്മൾ പറഞ്ഞ കാര്യം പരിഗണിക്കുമോ എന്നാണ് ഞാനാദ്യം നോക്കിയത്. ഞാനവിടെ പോയി ഈ ആൾക്ക് സീറ്റ് കൊടുക്കണം എന്നുപറഞ്ഞ് അതു വാര്‍ത്തയായാൽ എല്ലാവരും കൂടി എൻ്റെ ശത്രുവാകും. അതു കൊണ്ടാണ് ഞാൻ പോകണ്ടാ എന്നു തീരുമാനിച്ചത്. 

പിന്നീട് എഐസിസി പ്രതിധിനി എച്ച്.കെ.പാട്ടീലും, താരീഖ് അൻവറും വിളിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ അവിടെ പോയത്. എൻ്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങളിൽ ചിലതിൽ 10000ത്തിൽ അധികം വോട്ടുകൾക്ക് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുണ്ട് അവിടെയൊക്കെ പുതുമുഖങ്ങളെ പരിഗണിക്കണം. ഇക്കാര്യങ്ങളൊക്കെ ഞാൻ അവിടെ പറഞ്ഞു. അതിലെന്തെങ്കിലും നിര്‍ദേശം അവര്‍ സ്വീകരിച്ചോ എന്ന് നാളത്തെ പട്ടിക വന്നാൽ അറിയാം. 

കേരളത്തിൽ ഗ്രൂപ്പില്ലാതെ ഒരു കാര്യവും നടക്കില്ലെന്നാണ് രാജിവച്ച പിസി ചാക്കോ പറയുന്നത്. 

ചാക്കോ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് എനിക്ക് വിയോജിപ്പില്ല എന്നാൽ അദ്ദേഹം രാജിവച്ചതിനോട്  യോജിപ്പുമില്ല. ഇലക്ഷൻ കഴിഞ്ഞോട്ടെ ഇനി നമ്മളായിട്ട് പ്രശ്നമുണ്ടാക്കാരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞതാണ്. അങ്ങനെ പറഞ്ഞാണ് അവസാനം ഞങ്ങൾ പിരിഞ്ഞത്. മാനസികമായി അദ്ദേഹത്തിന് പല ബുദ്ധിമുട്ടും ഉണ്ടായിരുന്നു അതാകാം രാജിയിലേക്ക് പോയത്. എനിക്ക് ആ നടപടിയിൽ വയോജിപ്പിച്ചുണ്ട്. 

സംഘടന ചുമതലയുള്ള എഐസിസി സെക്രട്ടറിയായി കെ.സി.വേണുഗോപാൾ വന്നതോടെ പുതിയ ഗ്രൂപ്പ് രൂപപ്പെട്ടു എന്നൊരു ആരോപണമുണ്ട്. എഐസിസി നടത്തിയ സര്‍വ്വേയുടെ പേരിൽ പലരേയും വെട്ടുന്ന അവസ്ഥയുണ്ടായിരുന്നു. 

ഞാൻ അങ്ങനെ കരുതുന്നില്ല. എന്നാൽ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ വീതംവയ്പ്പുണ്ടായിട്ടുണ്ട്. അതു ഗുണമാണോ ദോഷമാണോ എന്ന് ഫലം വരുമ്പോൾ അറിയാം. എൻ്റെ അറിവിൽ കേരളത്തിൽ എഐസിസി സര്‍വ്വേ നടത്തിയിട്ടില്ല. വടകരയിലും വട്ടിയൂര്‍ക്കാവിലും അങ്ങനെയൊരു സര്‍വ്വേ നടന്നതായി അറിയില്ല. 

വടകരയിൽ കെ.കെ.രമ സ്ഥാനാര്‍ത്ഥിയായാൽ മാത്രം പിന്തുണ എന്നാണ് യുഡിഎഫ് നിലപാട് 

വടകര സീറ്റ് ആര്‍എംപിക്ക് കൊടുക്കാനാണ് തീരുമാനം. ഒരു രാഷ്ട്രീയ പ്രസ്ഥാനം അതു വലുതോ ചെറുതോ ആവട്ടെ. അവര്‍ക്ക് സീറ്റ് കൊടുത്ത ശേഷം സ്ഥാനാര്‍ത്ഥി ഞങ്ങൾ പറയുന്ന ആളാവണം എന്നു പറയുന്നതിൽ കാര്യമില്ല

തൃശ്ശൂരിൽ പത്മജ മത്സരിക്കും എന്നാണ് വാര്‍ത്ത

അവര്‍ മത്സരിക്കട്ടേ ഇതിൽ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാനില്ല. അതൊക്കെ പാര്‍ട്ടിയുടെ തീരുമാനമാണ്. 

നേമത്ത് കോണ്‍ഗ്രസിനായി ആരെങ്കിലും മത്സരിച്ചാൽ മതിയായിരുനന്നോ?  അതോ ഇനിയിപ്പോൾ ശക്തനായ ഒരാൾ വന്നാൽ മാത്രമേ രക്ഷപ്പെടൂ എന്നാണോ.. ? 

അങ്ങനെയാണ് അവിടെ നിന്നും കിട്ടുന്ന റിപ്പോര്‍ട്ട്. ബിജെപിക്ക് എതിരെ അല്ലെങ്കിൽ ബിജെപിക്കൊപ്പം എന്ന തരത്തിൽ അവിടെ ജനം വിഭജിക്കപ്പെട്ടു. ബിജെപിയെ ശക്തമായി നേരിടുന്നവര്‍ക്കാവും അവിടെ ഫലം അനുകൂലമാവുക. രണ്ട് ദിവസം മുൻപ് വരെ അനുകൂലമായ ഒരു തരംഗമുണ്ടായിരുന്നു അതിപ്പോൾ തണുത്തു പോയി.

മധ്യകേരളത്തിൽ ക്രൈസ്തവ വോട്ടുകൾ യുഡിഎഫിനെതിരാവുന്ന അവസ്ഥയുണ്ടായി. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും പോയാൽ ആ പ്രശ്നം രൂക്ഷമാകുമോ.. ?

ചില വേര്‍തിരിവുകളുണ്ടായിട്ടുണ്ട്. അതു പരിഹരിക്കാൻ ‍ഞങ്ങൾ പരമാവധി ശ്രമിച്ചു. തെറ്റിദ്ധാരണ തീര്‍ക്കാനുള്ള ഇടപെടലുകൾ വിജയം കണ്ടെന്നാണ് കരുതുന്നത്.

വെൽഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം ഇനിയും തുടരുമോ..

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായ പല സഖ്യങ്ങളും സഹകരണവും വേണ്ടി വരും. അതിൻ്റെ ഭാഗമായിരുന്നു വെൽഫെയര്‍ സഹകരണം. അസ്ലംബി തെരഞ്ഞെടുപ്പിൽ അതില്ല. ഒരൊറ്റ സ്റ്റാൻഡാണ് അതിനാലാണ് ആര്‍എംപി സംഖ്യം ഞങ്ങൾ എടുത്തു പറയുന്നത്.

ബിജെപിയുടെ പ്രകടനം എങ്ങനെയാവും, ശ്രീധരൻ്റെ വരവ് ഗുണം ചെയ്യുമോ..

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപി കാറ്റു പോയ ബലൂണാവും. സ്ഥാനാര്‍ത്ഥികാളാവാൻ ആളുകൾക്ക് പിന്നാലെ നടക്കുകയാണ്. മത്സരിക്കാനായി സുരേഷ് ഗോപിക്ക് പിന്നാലെ പോകുന്ന അവസ്ഥയുണ്ടായി. ഇ.ശ്രീധരൻ മെട്രോ നിര്‍മ്മിക്കാൻ മിടുക്കനാണ്. എന്നാൽ ഈ പ്രായത്തിൽ ബിജെപിയിൽ ചേരാനുള്ള തീരുമാനം അബദ്ധമായി പോയി. 
 

Follow Us:
Download App:
  • android
  • ios