Asianet News MalayalamAsianet News Malayalam

വട്ടിയൂർക്കാവിൽ ബിജെപി എങ്ങനെ മൂന്നാമതായി? ബാലശങ്കർ പറഞ്ഞ 'ഡീൽ' നേമത്ത് ചർച്ചയാക്കി മുരളിയും സുധീരനും തരൂരും

നേമത്തും ബി ജെപി-സിപിഎം ഡീൽ ഉണ്ടെന്നും അതുകൊണ്ടാണ് ശിവൻകുട്ടിയും കുമ്മനവും പരസ്പരം വിമർശിക്കാത്തതെന്ന് മുരളീധരൻ

k muraleedharan vm sudheeran shashi tharoor nemom election work
Author
Nemom, First Published Mar 18, 2021, 7:57 PM IST

നേമം: ബിജെപി നേതാവ് ബാലശങ്കർ വെളിപ്പെടുത്തിയ സിപിഎം-ബിജെപി ഡീൽ നേമത്ത് ആയുധമാക്കി കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ, മുതിർന്ന നേതാവ് വി എം സുധീരൻ, ശശി തരൂർ എംപി എന്നിവരാണ് ചോദ്യങ്ങളുമായി രംഗത്തെത്തിയത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചത് ആർ എസ് എസ് വോട്ട് കൊണ്ടാണെന്ന് മുരളീധരൻ ആരോപിച്ചു.

അവിടെ നടന്ന മുൻ തെരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തായിരുന്നവർ എങ്ങനെ ഉപതെരഞ്ഞെടുപ്പിൽ ഒന്നാമത് എത്തി. രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബിജെപി എങ്ങനെ മൂന്നാം സ്ഥാനത്ത് എത്തി. ഈ ഡീലാണ് ബാലശങ്കർ തുറന്ന് പറഞ്ഞതെന്നാണ് മുരളിയുടെ വാദം. നേമത്തും ബി ജെപി-സിപിഎം ഡീൽ ഉണ്ടെന്നും അതുകൊണ്ടാണ് ശിവൻകുട്ടിയും കുമ്മനവും പരസ്പരം വിമർശിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വടകരയിൽ അക്രമ രാഷ്ട്രീയം എങ്കിൽ നേമത്ത് വർഗീയതയാണ്, അതുകൊണ്ടാണ് ഈ വെല്ലുവിളി ഏറ്റെടുത്തതെന്നും നേമത്ത് ജയിച്ചാൽ അഞ്ച് വർഷവും തുടരുമെന്നും വെല്ലുവിളികൾ ഏറ്റെടുക്കാൻ ആയുസ് കുറയുകയാണെന്നും മുരളി പൊതുയോഗത്തിൽ പറഞ്ഞു.

സി പി എം ബി ജെ പിയും ഡീൽ വിവാദത്തിൽ പ്രതിക്കൂട്ടിലെന്നായിരുന്നു വി എം സുധീരൻ പറഞ്ഞത്. സി പി എമ്മും ബി ജെ പി യും തമ്മിലുള്ള അന്തർധാരയുടെ ഏറ്റവും വലിയ തെളിവ് ലാവ്ലിൻ കേസാണ്. നരേന്ദ്ര മോദിയും പിണറായി വിജയനും പരസ്പരം വിമർശിക്കാറില്ല. കേസ് നീട്ടികൊണ്ട് പോകുന്നത് പിണറായിയെ രക്ഷിക്കാനാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കിയ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും കേരളത്തിലെ സഹായികളാണ് സി പി എം എന്നും സുധീരൻ പറഞ്ഞു.

രാജ്യം ശ്രദ്ധിക്കുന്നതാണ് നേമത്തെ തിരഞ്ഞടുപ്പ്  പോരാട്ടമെന്നും സുധീരൻ ചൂണ്ടികാട്ടി. കെ മുരളിധരൻ നാളത്തെ കേരളത്തിന്‍റെ നായകനാണ്. മുരളിയെത്തിയതോടെ എതിരാളികൾ പരിഭ്രാന്തിയിലാണെന്ന് പറഞ്ഞ സുധീരൻ സംസ്ഥാനത്ത് നടപ്പാക്കുന്നത് കമ്യൂണിസമല്ല, ക്രിമിനലിസമാണെന്നും വിമർശിച്ചു. മുരളിധരന്‍റെ സ്ഥാനാർത്ഥിത്വം നൽകുന്നത് ശക്തമായ സന്ദേശമാണെന്ന് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ ശശി തരൂർ എം പി പറഞ്ഞു. ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞാണ് യു ഡി എഫ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios