പാലക്കാട്: തൃത്താലയില്‍ ഇടഞ്ഞ് നില്‍ക്കുന്ന മുന്‍ ഡിസിസി അധ്യക്ഷന്‍ സി വി ബാലചന്ദ്രനുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ ചര്‍ച്ച നടത്തുന്നു. ബാലചന്ദ്രന്‍റെ ചാലിശ്ശേരിയിലെ വീട്ടിലെത്തിയാണ് ചര്‍ച്ച. തൃത്താലയില്‍ ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ആവശ്യം. ബാലചന്ദ്രന്‍റെ പേര് പരിഗണിക്കണമെന്ന് കെപിസിസിയോട് നേതാക്കൾ ആവശ്യപ്പെട്ടു.

കോൺഗ്രസിലെ വലിയൊരു വിഭാഗം അതൃപതിയുമായി വന്നാൽ അത് തൃത്താലയിലെ കോൺഗ്രസിന്‍റെ വിജയസാധ്യതയെ തന്നെ ബാധിക്കും. ഇതിന് പിന്നാലെയാണ് സുധാകരന്‍ നേരിട്ടെത്തി അനുനയ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. എ വി ഗോപിനാഥിന് പിന്നാലെയാണ് പാലക്കാട്ട് നിന്ന് മറ്റൊരു മുൻ ഡിസിസി അധ്യക്ഷൻ കൂടി വിമത നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. 

അതേസമയം പാർട്ടിയിൽ നിരന്തരം അവഗണിക്കപ്പെടുന്നെന്ന പരാതി ഉന്നയിച്ച ഗോപിനാഥനുമായി സുധാകരന്‍ ചര്‍ച്ച നടത്തി. 
ഗോപിനാഥ് ഉന്നയിച്ച പ്രശ്നങ്ങൾക്ക് രണ്ടുദിവസത്തിനകം കെപിസിസി നേതൃത്വം തീരുമാനമെടുക്കുമെന്ന് സുധാകരന്‍ അറിയിച്ചു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഗോപിനാഥും പ്രതികരിച്ചു.