മത്സരിക്കാൻ പറ്റാത്ത സാഹചര്യം ഹൈക്കമാൻഡിനെ അറിയിച്ചുവെന്ന് കെ സുധാകരന്‍. സി രഘുനാഥിനെ പരിഗണിക്കണമെന്ന് ഡിസിസി നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍: ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ. ഒഴിവാക്കിത്തരണമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കാൻ ഹൈക്കമാൻഡും കെപിസിസിയും ആവശ്യപ്പെട്ടു. അവരോട് നന്ദിയുണ്ട്. മത്സരിക്കേണ്ടെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം പറയുന്നത്. മത്സരിക്കാന്‍ കഴിയാത്ത ചുറ്റുപാടാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരിക്കാനുള്ള പ്രായോഗിക പ്രശ്നങ്ങളാണ് കെ സുധാകരൻ ചൂണ്ടിക്കാണിക്കുന്നത്. മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. ജില്ലയിൽ അഞ്ച് സീറ്റ് നേടണം എന്നതാണ് തൻ്റെ അജണ്ട. രണ്ട് ദിവസത്തെ ചർച്ചകളില്‍ മാത്രമാണ് തൻ്റെ പേരുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായത്. മത്സരിക്കാൻ പറ്റാത്ത സാഹചര്യവും സി രഘുനാഥിനെ പരിഗണിക്കണമെന്നും ഹൈക്കമാൻഡിനെയും ഡിസിസി നേതൃത്വത്തെയും അറിയിച്ചുവെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥി ആക്കട്ടെ എന്ന ചർച്ച പൊതുവെ ഉയർന്നതാണ്. വാളയാർ നിർദ്ദേശം വരും മുൻപെ രഘുനാഥിൻ്റെ പേര് ഉയർന്നു വന്നതാണെന്നും സുധാകരന്‍ വ്യക്തമാക്കി.