Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ സര്‍ക്കാരിന് പ്രകോപനപരമായ നിലപാട്; ലവ് ജിഹാദില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ

മാപ്പ് പറയാന്‍ ശ്രമിച്ച കടകംപള്ളിയെ യെച്ചൂരിയും പിണറായിയും തിരുത്തി. യുവതീപ്രവേശനം വീണ്ടും നടത്തുമെന്ന വ്യക്തമായ സന്ദേശമാണിതെന്ന് കെ സുരേന്ദ്രൻ.

k surendran against cm Pinarayi Vijayan and ldf
Author
Kasaragod, First Published Mar 29, 2021, 12:24 PM IST

കാസര്‍കോട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വീണ്ടും പ്രകോപനപരമായ നിലപാടെന്ന് ബിജെപി. മാപ്പ് പറയാന്‍ ശ്രമിച്ച കടകംപള്ളിയെ യെച്ചൂരിയും പിണറായിയും തിരുത്തി. യുവതീപ്രവേശനം വീണ്ടും നടത്തുമെന്ന വ്യക്തമായ സന്ദേശമാണിത്. ശബരിമല വീണ്ടും പ്രക്ഷോഭ വേദിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. തപാല്‍ വോട്ടില്‍ കൃത്യമം നടക്കുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോക്കുകുത്തിയായെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ലവ് ജിഹാദ് വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ സർക്കാരിൻ്റെ അഴിമതി കൂടുതൽ പുറത്തു വരികയാണ്. രാജ്യദ്രോഹ ശക്തികളുമായി ചേർന്ന് സർക്കാര്‍ വ്യപകമായി അഴിമതി നടത്തുകയാണ്. ആഴക്കടൽ അഴിമതി, സ്വർണക്കടത്ത് എല്ലാ മേഖലയിലും ആസൂത്രിത അഴിമതിയാണ് നടക്കുന്നത്. അത് മറച്ചുവയ്ക്കാനാണ് ജുഡീഷ്വൽ അന്വേഷണമെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു. 

ശബരിമലയില്‍ സർക്കാർ വീണ്ടും പ്രകോപനകരമായ നിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നത്. കടകംപള്ളി മാപ്പ് പറയാൻ ശ്രമിച്ചെങ്കിലും യെച്ചൂരിയും പിണറായിയും തിരുത്തി. സിപിഎമ്മും മന്ത്രിമാരും സർക്കാരിൻ്റെ പഴയ നിലപാട് തന്നെ ഉയർത്തിപ്പിടിക്കുകയാണ്. ശബരിമല വീണ്ടും പ്രക്ഷോഭ വേദിയായി മാറും. വീണ്ടും യുവതീപ്രവേശനം നടത്തും എന്ന വ്യക്തമായ സന്ദേശമാണ് മന്ത്രിമാർ നൽകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

തെര. കമ്മീഷൻ സർക്കാർ നടത്തുന്ന കൃത്രിമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാത്തത് ആശങ്കാജനകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പോസ്റ്റൽ ബാലറ്റിൽ വ്യാപക കൃത്രിമമാണ് നടക്കുന്നത്. ഉത്തരവാദിത്തമില്ലാതെ സിപിഎം നേതാക്കളെ സഹായിക്കാനാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാർ ശ്രമിക്കുന്നത്. തുണി സഞ്ചിയിലാണ് പോസ്റ്റൽ ബാലറ്റ് സ്വീകരിക്കുന്നത്. തെര.കമ്മീഷൻ നോക്കുകുത്തിയാണ്. പ്രശ്നബാധിത ബൂത്തുകളുടെ കാര്യത്തിൽ ഒരു ഇടപെടലുമില്ലെന്നും കാസർകോടും മഞ്ചേശ്വരത്തും പ്രശ്ന ബാധിത ബൂത്തുകളിൽ സുരക്ഷ ക്രമീകരണം ഒരുക്കിയിട്ടില്ലെന്നും സുരേന്ദ്രന്‍  വിമര്‍ശിച്ചു.

സാങ്കേതികമായി പോളിംഗ് തുടങ്ങിക്കഴിഞ്ഞിട്ടും ഇരട്ട വോട്ടിനെതിരെ നടപടിയില്ല. മറ്റ് പാർട്ടിക്കാരുടെ പോസ്റ്റൽ വോട്ട് നശിപ്പിക്കാൻ ശ്രമിച്ചാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകും. അടിയന്തരമായി കൂടുതൽ കേന്ദ്ര സേനയെ അനുവദിക്കണം. ഇരട്ട വോട്ടിൽ യുഡിഎഫിന് ഇരട്ടത്താപ്പാണ്. കാസർകോട്ടെയും മഞ്ചേശ്വരത്തേയും ഇരട്ട വോട്ടിൻ്റെ കണക്ക് യുഡിഎഫ് എന്തുകൊണ്ട് നൽകിയില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുസ്ലീം ലീഗിൻ്റെ ശക്തികേന്ദ്രങ്ങളിൽ യു ഡി എഫ്‌ ഇരട്ട വോട്ട് കണക്ക് നൽകുന്നില്ല. മൂവായിരത്തോളം ഇരട്ട വോട്ട് മഞ്ചേശ്വരത്തും കാസർക്കോടും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
                    
ലവ് ജിഹാദ് വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകളുടെ സമ്മര്‍ദ്ദം കാരണമാണ് ജോസ് കെ മാണിക്ക് അങ്ങനെ പറയേണ്ടി വന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇടതു ഘടകകക്ഷി ആദ്യമായാണ് ഇങ്ങനെ പറയുന്നത്. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെയും പിണറായിയുടെയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios